വിസിറ്റ് വിസയിലെത്തി കൊല: രക്ഷപ്പെടാന്‍ ശ്രമിക്കവേ മലയാളി വിമാനത്താവളത്തില്‍ പിടിയില്‍

ദുബൈ: ദുബൈയിൽ വിസിറ്റ് വിസയിലെത്തി കൊലപാതകം നടത്തി രക്ഷപെടാൻ ശ്രമിച്ച ഇന്ത്യൻ പൗരനെ ദുബൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയതായി ദുബൈ പൊലീസ് അധികൃത൪ അറിയിച്ചു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കൊന്നതും കൊല്ലപ്പെട്ടതും മലയാളികളാണ്. സഹോദരിയുടെ മോശം ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിൻെറ പ്രതികാരമായാണ് കൊല നടത്തിയതെന്ന് പിടിയിലായ യുവാവ് മൊഴി നൽകിയതായി ദുബൈ പൊലീസ് സി.ഐ.ഡി വിഭാഗം ഡയറക്ട൪ ബ്രിഗേഡിയ൪ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
ബുധനാഴ്ച ജാഫ്ലിയയിൽ ആണ് കൊല നടന്നത്. ഇവിടെ അപാ൪ട്മെൻറ് ബിൽഡിങിൽ അക്കൗണ്ടൻറായ, പൊലീസ് രേഖകളിൽ എം.ഡി. എന്ന് രേഖപ്പെടുത്തിയിരിക്കുന്ന 30 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടത്.  സഹപ്രവ൪ത്തക൪നൽകിയ മൊഴി ഇപ്രകാരമാണ്: കുറ്റാരോപിതനായ യുവാവ് അക്കൗണ്ടൻറിനെ തേടി വരികയായിരുന്നു. തുട൪ന്ന് ഇരുവരും സംസാരിക്കാനായി ബേസ്മെൻറ് പാ൪ക്കിങിലേക്ക് പോയി. അൽപനേരം കഴിഞ്ഞ് കുറ്റാരോപിതനായ യുവാവ് ധൃതിയിൽ പുറത്തേക്ക് പോകുന്നത് കണ്ടു.
പാ൪ക്കിങിൽ പോയി നോക്കിയപ്പോൾ അക്കൗണ്ടൻറ് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. സംഭവസമയത്ത് ഒരാൾ തിടുക്കത്തിൽ കെട്ടിടത്തിന് പുറത്തേക്ക് പോയി വെളുത്ത കാറിൽ കയറുന്നത് കണ്ടെന്ന് സമീപത്തെ കെട്ടിടത്തിലെ വാച്ച്മാനും മൊഴി നൽകി. ഇയാളുടെ വലതുകൈ മുറിഞ്ഞ് ചോര ഒലിക്കുന്നുണ്ടായിരുന്നെന്നും വാച്ച്മാൻ പറഞ്ഞു. സംഭവമറിഞ്ഞെത്തിയ പൊലീസ് കെട്ടിടത്തിലെ ക്ളോസ്ഡ് സ൪ക്യൂട്ട് ടി.വി ദൃശ്യങ്ങളിൽ നിന്നെടുത്ത കുറ്റാരോപിതൻെറ ചിത്രം എല്ലാ എൻട്രി പോയൻറുകളിലേക്കും അയച്ചുകൊടുത്ത് അന്വേഷണം ഊ൪ജിതമാക്കി. മുറിവിന് ചികിത്സ തേടുമെന്ന പ്രതീക്ഷയിൽ ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പത്ത് മണിക്കൂറിന് ശേഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെ൪മിനൽ മൂന്നിലെ ഫസ്റ്റ് ക്ളാസ് ചെക്ക്-ഇൻ കൗണ്ടറിൽ വെച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ സംശയം തോന്നി ഇയാളെ തടഞ്ഞുവെച്ചു. സാക്ഷികളെത്തി ഇയാളെ തിരിച്ചറിയുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി ബ്രിഗേഡിയ൪ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
പൊലീസ് മൃതദേഹം പരിശോധിച്ചപ്പോൾ പത്ത് തവണ കുത്തിയതായി കണ്ടെത്തി. മുഖം വികൃതമാക്കിയിരുന്നത് കടുത്ത പകയുടെ ലക്ഷണമായി വിലയിരുത്തുന്നെന്ന് ബ്രിഗേഡിയ൪ ഖലീൽ ഇബ്രാഹിം അൽ മൻസൂരി ചൂണ്ടിക്കാട്ടി. പിടിയിലായയാളുടെ സഹോദരിക്കൊപ്പം കേരളത്തിൽ ജോലി ചെയ്തിട്ടുള്ളയാളാണ് കൊല്ലപ്പെട്ട വ്യക്തി. ഒന്നര വ൪ഷം മുമ്പ് ഇവരുടെ മോശം ചിത്രം ഇയാൾ ഫേസ്ബുക്കിലും മറ്റ് സൈറ്റുകളിലും പോസ്റ്റ് ചെയ്യുകയും അശ്ളീല കമൻറുകൾ രേഖപ്പെടുത്തുകയുമായിരുന്നു. തൻെറ നാട്ടിലെ പൊലീസിൽ പരാതിപ്പെട്ടിട്ട് നടപടികളൊന്നും ഉണ്ടാകാഞ്ഞതിനെ തുട൪ന്നാണ് നിയമം കൈയിലെടുക്കാൻ തീരുമാനിച്ചതെന്നും പിടിയിലായ യുവാവ്് മൊഴി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.