താളം തെറ്റിയ കാലാവസ്ഥ ഖസീമിലെ ജനജീവിതം താറുമാറാക്കി

ബുറൈദ: വെകുന്നേരത്തോടെ ശക്തമായി വീശിയടിക്കുന്ന മണൽക്കാറ്റും ഇടക്കിടെ പെയ്യുന്ന ചെളിമഴയും ഖസീം പ്രവിശ്യയിലെ ജനജീവിതം ദുസ്സഹമാക്കി. സന്ധ്യകഴിഞ്ഞ് ജീവനോപാധി തേടുന്ന പ്രവാസികളടക്കമുള്ള ആയിരങ്ങളെ ഇത് കഷ്ടത്തിലാക്കുന്നു. പകൽ നേരത്തെ കനത്ത ചൂടിനൊടുവിൽ വൈകിട്ട് അഞ്ചു മണിയോടെ കാ൪മേഘം മൂടിക്കെട്ടി ഇരുൾ വ്യാപിക്കുകയും ശക്തമായി ഇടക്കിടെ മണൽക്കാറ്റ് വീശുകയും ചെയ്യുമ്പോൾ നല്ല മഴ ലഭിക്കുമെന്നും അതോടെ അന്തരീക്ഷം ശാന്തമാകുമെന്നാണ് ജനം ധരിക്കുക.
എന്നാൽ ചില സ്ഥലങ്ങളിൽ മാത്രം ഇടവിട്ട് ചെറിയ തോതിൽ മാത്രം മഴ പെയ്യുകയും രാത്രിയിലെ ഊഷ്മാവ് വ൪ധിക്കുകയുമാണ് ചെയ്യുന്നത്. പിറ്റേദിവസം ഇതേ പ്രതിഭാസം ആവ൪ത്തിക്കുന്ന പതിവ് രണ്ടാഴ്ചയിലധികമായി തുടരുന്നത്് കച്ചവടക്കാരെ ബാധിച്ചിട്ടുണ്ട്. പൊടിയും മണലും മൂലം കെട്ടിടങ്ങളുടെ ഇടനാഴികൾ, ചവിട്ടുപടികൾ, വാഹനങ്ങൾ എന്നിവ ദിനേന കഴൂകി വൃത്തിയാക്കേണ്ട അവസ്ഥയാണ്. ഇടക്കിടെ വീശിയടിക്കുന്ന പൊടിക്കാറ്റ് ജനങ്ങളിൽ ഭീതി വള൪ത്തുകയും ചെയ്യുന്നു. മരങ്ങൾ പിഴുതുവീണും ചില്ലകൾ ഒടിഞ്ഞു ചിതറിയും ഗതാഗതം തടസപ്പെടുന്നതും പതിവ് കാഴ്ചയായി. ഇരുമ്പ് തകിടുകൾ കൊണ്ട് നി൪മിച്ച മേൽക്കൂരകൾ പലേടത്തും തക൪ന്നുവീണതും പരിഭ്രാന്തി പരത്തി. സദാനേരവും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞ് നൽക്കുന്നത് അല൪ജി രോഗങ്ങൾക്ക് നിമിത്തമായി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെയാണ് രോഗങ്ങൾ കീഴ്പ്പെടുത്തുന്നതെന്ന് ആരോഗ്യ വിദഗ്ധ൪ അഭിപ്രായപ്പെടുന്നു.
ഇ.എൻ.ടി സ്പെഷലിസ്റ്റുകളുടെ സേവനം തേടി ക്ളിനിക്കുകളിലും ആശുപത്രികളിലും എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വ൪ധനയുണ്ടായിട്ടുണ്ട്. ചൂട് വ൪ധിക്കുകയും കാലാവസ്ഥ പ്രക്ഷുബ്ധമാവുകയും ചെയ്തതിനിടെ വിദേശികൾ തിങ്ങിത്താമസിക്കുന്ന നഗരമധ്യത്തിലെ ജല വിതരണത്തിൽ അധികൃത൪ നിയന്ത്രണമേ൪പ്പെടുത്തിയത് ജനജീവിതം കുടുതൽ ദുസ്സഹമാക്കി. വെള്ളി, ശനി ദിവസങ്ങളിൽ മാത്രമേ ഖുബൈബ് അടക്കമുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ജലവിതരണം നടക്കുന്നുള്ളൂ.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.