കൈറോ എംബസിക്കു മുന്നില്‍ സൗദി ഐക്യദാര്‍ഢ്യപ്രകടനം

കൈറോ: ഉഭയകക്ഷി ബന്ധത്തെ ഉലയ്ക്കുന്ന വിധം ഈയിടെയുണ്ടായ അനിഷ്ടസംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചും സൗദി തിരിച്ചുവിളിച്ച അംബാസഡറെ എത്രയും വേഗം മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ടും കൈറോയിലെ സൗദി എംബസിക്കു മുന്നിൽ ഈജിപ്തുകാ൪ പ്രകടനം നടത്തി. ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ ചരിത്രപരമായി നിലനിന്നു പോരുന്ന ഗാഢബന്ധം സ്വകാര്യവ്യക്തികളുടെ ഒറ്റപ്പെട്ട പ്രശ്നങ്ങളിൽ തട്ടി തകരുന്നത് ശരിയല്ലെന്ന് ഐക്യദാ൪ഢ്യപ്രകടനക്കാ൪ വിളിച്ചുപറഞ്ഞു. സൗദി ഈജിപ്തിൻെറ ഉടപ്പിറപ്പാണ്.
ഒക്ടോബ൪ യുദ്ധ കാലം മുതൽ നി൪ണായകസന്ദ൪ഭങ്ങളിൽ ഞങ്ങൾക്കൊപ്പം നിന്നവരാണവ൪. സൗദി ഇസ്ലാമിൻെറ മസ്തിഷ്കവും ഈജിപ്ത് അതിൻെറ ഹൃദയവുമാണ്. അവ തമ്മിൽ വേ൪പെടുന്നത് ചിന്തിക്കാനാവില്ല-പ്രകടനത്തിനെത്തിയ ഈജിപ്ത് വഖ്ഫ് മന്ത്രാലയത്തിലെ ഇമാം ശൈഖ് അബ്ദുറഹ്മാൻ മുഹമ്മദ് പറഞ്ഞു. മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായ ഈജിപ്ഷ്യൻ അഭിഭാഷകൻെറ വിഷയത്തിൽ സൗദി നിയമം മാനിക്കാൻ തങ്ങൾ സന്നദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങൾക്കിടയിലെ പരസ്പരബന്ധം വഷളാക്കാനിടയാക്കും വിധം ഒരു പിടി ആക്ടിവിസ്റ്റുകളും മാധ്യമങ്ങളും വിഷയം പ൪വതീകരിച്ചതാണെന്ന് പ്രകടനക്കാ൪ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.