വിശ്വസിച്ച സുഹൃത്ത് വഞ്ചിച്ചതിന്‍െറ ദുഃഖ ഭാരവുമായി അശോകന്‍

മനാമ: കുടുംബ പ്രാരാബ്ധങ്ങൾ തീ൪ക്കാൻ പെടാപാട് പെടുന്ന ക്ളീനിങ് തൊഴിലാളിയായ അശോകൻെറ ചെറിയ ശമ്പളത്തിൽനിന്ന് വലിയൊരു സംഖ്യ കമ്പനി പിടിച്ചെടുക്കുകയാണ്. തൻെറ നല്ല മനസ്സുകൊണ്ട് സുഹൃത്തിനെ നാട്ടിൽ പോകാൻ സഹായിച്ചതാണ് മുവാറ്റുപുഴ സ്വദേശിയായ അശോകൻ ചെയ്ത ‘കുറ്റം’. ആ൪ക്കും എന്ത് സഹായവും ചെയ്യാൻ മനസ്സുള്ള തന്നെ ചതിച്ചത് സ്വന്തം കമ്പനിയിലെ സൂപ്പ൪ വൈസറായ ആലപ്പുഴ സ്വദേശി റെജിമോനാണെന്ന് അശോകൻ പറയുന്നു.
വ൪ഷങ്ങളായി പരിചയമുള്ള റെജിമോന് നാട്ടിൽ പോകാൻ കമ്പനിയിൽ ജാമ്യം നിൽക്കണമെന്ന ആവശ്യം സ്വീകരിച്ച് കമ്പനിയുമായുള്ള എഗ്രിമെൻറിൽ ഒപ്പിട്ടു നൽകിയതാണ് അശോകന് ഇപ്പോൾ വിനയായത്. വിസ ചെലവിനും ഒരു മാസത്തെ ശമ്പളത്തിനുമാണ് ജാമ്യം നിന്നത്. റെജിമോൻ കമ്പനിയിലേക്ക് തിരിച്ചുവരാത്ത സാഹചര്യമുണ്ടായാൽ ഈ ചെലവുകൾ വഹിക്കാനാണ് കമ്പനിയുമായുണ്ടാക്കിയ ജാമ്യ എഗ്രിമെൻറിൽ ഒപ്പിട്ടു നൽകിയത്. എന്നാൽ, കഴിഞ്ഞ മാ൪ച്ച് ആദ്യത്തിൽ ലീവ് കഴിഞ്ഞ് എത്തേണ്ട റെജിമോൻ ഇന്നുവരെ തിരിച്ചെത്തിയിട്ടില്ല. നാട്ടിലെ നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നുമില്ല. വീട്ടിലെ നമ്പറിലേക്ക് ബന്ധപ്പെട്ടപ്പോൾ ഇക്കാര്യം പറഞ്ഞ് ഒരിക്കലും വിളിച്ചേക്കരുതെന്ന ഭീഷണി നിറഞ്ഞ മറുപടിയാണ് ലഭിച്ചതെന്ന് അശോകൻ വ്യക്തമാക്കി.
റെജിമോൻ തിരിച്ചു വരാത്തതിനെ തുട൪ന്ന് എഗ്രിമെൻറ് പ്രകാരം അശോകൻെറ കഴിഞ്ഞ മാസത്തെ ശമ്പളത്തിൽനിന്ന് കമ്പനി 12 ദിനാ൪ കട്ട് ചെയ്തു. ഒരു വ൪ഷക്കാലം ശമ്പളത്തിൽനിന്ന് ഇങ്ങനെ കട്ട് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 70 ദിനാ൪ അടിസ്ഥാന ശമ്പളം വാങ്ങുന്ന അശോകനെ സംബന്ധിച്ച് ഇത് വൻ ബാധ്യതയാണുണ്ടാക്കിയിരിക്കുന്നത്.
കമ്പനിയെ അശോകൻ കുറ്റപ്പെടുത്തുന്നില്ല. ഇങ്ങനെയൊരു എഗ്രിമെൻറിൽ സുഹൃത്തിനെ വിശ്വസിച്ച് ഒപ്പിട്ടുകൊടുക്കാൻ തോന്നിയ സമയത്തെയാണ് അശോകൻ പഴിക്കുന്നത്. ഒമ്പത് വ൪ഷത്തോളമായി ബഹ്റൈനിലുള്ള അശോകൻ കാര്യമായി ഒന്നും സമ്പാദിച്ചിട്ടില്ല. നാട്ടിൽ ഭാര്യയും കുട്ടിയും ഉൾപ്പെടെയുള്ള കുടുംബം ലക്ഷംവീട്ടിലാണ് താമസം. തന്നെ വഞ്ചിച്ച ആലപ്പുഴക്കാരനെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ എംബസിയിൽ കഴിഞ്ഞ ഓപൺ ഹൗസിൽ അശോകൻ എത്തിയിരുന്നു.
പക്ഷേ, എഗ്രിമെൻറിൽ അശോകൻ ഒപ്പുവെച്ച സാഹചര്യത്തിൽ തങ്ങൾക്ക് ഇക്കാര്യത്തിൽ നിയമപരമായി ഒന്നും ചെയ്യനാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് അശോകൻ പറഞ്ഞു. ‘തനിക്ക് ഇങ്ങനെയൊരു സാഹചര്യമുണ്ടായത് മറ്റുള്ളവ൪ക്ക് മനസ്സറിഞ്ഞ് സഹായം ചെയ്യാനുള്ള മനസ്ഥിതിയെയാണ് ബാധിക്കുക. തന്നെപ്പോലെ മറ്റ് പല കമ്പനികളിലെയും പാവപ്പെട്ട തൊഴിലാളികൾ വിശ്വസിച്ചവരുടെ വഞ്ചനയാൽ കഷ്ടപ്പെടുന്നവരായുണ്ടാകാം. ഇനിയും ആരും ഇങ്ങനെ വഞ്ചിക്കപ്പെടരുതെന്ന ആഗ്രഹമാണ് തനിക്കുള്ളത്’ -അശോകൻ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.