റിയാദ്: ദമ്മാമിൽനിന്ന് റിയാദിലേക്കുള്ള യാത്രയിൽ 10 ദിവസം മുമ്പ് കാണാതായ മലപ്പുറം താനാളൂ൪ സ്വദേശി കൊടപ്പനക്കൽ ഹനീഫയെ വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ റിയാദിൽ കണ്ടെത്തി. കഴിഞ്ഞ മാസം 21ന് ജുബൈലിൽനിന്ന് കമ്പനിയാവാശ്യാ൪ഥം റിയാദിലേക്ക് പുറപ്പെട്ട ഹനീഫയെ കുറിച്ച് വിവരമില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇദ്ദേഹത്തെ കാണാതായ വാ൪ത്ത മാധ്യമങ്ങളിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 10 ദിവസത്തിന് ശേഷം റിയാദിലുള്ള ബന്ധു കുഞ്ഞാലനും സാമൂഹിക പ്രവ൪ത്തകൻ തെന്നല മൊയ്തീൻകുട്ടിയും നടത്തിയ അന്വേഷണത്തിലാണ് വാഹനാപകടത്തിൽ പരിക്കേറ്റ ഹനീഫയെ നസീമിലെ നാഷണൽ ഗാ൪ഡ് ഹോസ്പിറ്റലിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാ൪ജ് ചെയ്തതോടെ ഹനീഫ സ്വയം ബത്ഹയിൽ കുഞ്ഞാലൻെറ താമസസ്ഥലത്തു എത്തുകയായിരുന്നു. സംഭവം സംബന്ധിച്ച് ഹനീഫ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞത് ഇതാണ്: ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന താൻ കമ്പനി ഉദ്യോഗസ്ഥനായ സ്വദേശി യുവാവിനെ റിയാദിൽനിന്ന് ജുബൈലിൽ തിരിച്ചെത്തിക്കാനായാണ് 21ന് ജുബൈലിൽനിന്ന് പുറപ്പെട്ടത്. ഒരു ടാക്സിയിൽ ദമ്മാമിലെത്തിയ ശേഷം അന്ന് രാത്രി 8.30ന് സാപ്റ്റ്കോ ബസിൽ റിയാദിലേക്ക് പുറപ്പെട്ടു. രാത്രിയിലെപ്പോഴോ ബസ് അപകടത്തിൽപ്പെട്ടെന്ന നേരിയ ഓ൪മ മാത്രമേയുള്ളൂ. ആറ് ദിവസങ്ങൾക്ക് ശേഷം ബോധം തെളിയുമ്പോൾ റിയാദ് നാഷണൽ ഗാ൪ഡ് ഹോസ്പിറ്റലിലാണ്. പിന്നീട് പറഞ്ഞുകേട്ട വിവരങ്ങളിൽ നിന്നാണ് സംഭവിച്ചതെന്താണെന്ന് മനസിലാക്കാനായത്. അമിത വേഗത്തിലായിരുന്ന ബസ് ഇടിച്ചു മറിയുകയും തീപിടിക്കുകയും ഒമ്പത് പേ൪ മരിക്കുകയും ചെയ്തു. മരണപ്പെട്ടവരിൽ ഏഴു പേ൪ സ്വദേശികളും രണ്ട് പാകിസ്താനികളുമാണ്.
അപകടത്തിൽ പെടുമ്പോൾ താൻ ഉറക്കത്തിലായിരുന്നുവെന്ന് ഹനീഫ പറഞ്ഞു. ബസ് മറിയുന്നതിനിടയിൽ തല എവിടേയോ ഇടിച്ചാണ് ബോധം മറഞ്ഞത്. വാരിയെല്ലിനും തുടയെല്ലിനും പൊട്ടലുണ്ട്. വായക്കകത്തും വലിയ മുറിവുകളുണ്ട്. അതുകൊണ്ട് ഭക്ഷണമൊന്നും കഴിക്കാനാവുന്നില്ല. അപകടസ്ഥലത്തുനിന്ന് ഹെലികോപ്ടറിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് നേരിയ ഓ൪മയുണ്ട്. നാളെ ജുബൈലിലേക്ക് തിരിച്ചുപോകുമെന്നും ഹനീഫ പറഞ്ഞു.
അന്നുരാത്രിയുണ്ടായ ശക്തമായ പൊടിക്കാറ്റിൽ ബസ് മറ്റൊരു വാഹനത്തിൻെറ പിന്നിലിടിച്ചാണ് അപകടമുണ്ടായതെന്ന് സാപ്റ്റ്കോ വൃത്തങ്ങളിൽനിന്ന് അറിയാൻ കഴിഞ്ഞതെന്ന് തെന്നല മൊയ്തീൻകുട്ടി പറഞ്ഞു. സാപ്റ്റികോ അധികൃതരുമായി ബന്ധപ്പെട്ട് ശേഖരിക്കാനായ വിവരത്തിൻെറ അടിസ്ഥാനത്തിലാണ് നാഷണൽ ഗാ൪ഡ് ആശുപത്രിയിൽ ഹനീഫയെ കണ്ടെത്തിയത്. അപകടത്തിൽ മൊബൈൽ ഫോണടക്കം നഷ്ടപ്പെട്ടതിനാൽ ആരേയും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ജോലി ചെയ്യുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായ സ്വദേശിയുടെ കീഴിൽ ഹൗസ് ഡ്രൈവ൪ വിസയിലാണ് ഹനീഫ രണ്ടുവ൪ഷം മുമ്പ് നാട്ടിൽനിന്നെത്തിയത്. ശേഷം സ്പോൺസറുടെ അനുമതിയോടെ കമ്പനിയിൽ ഡ്രൈവറായി ജോലിക്ക് ചേരുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
ഹനീഫയെ കാണാതയതിനെ തുട൪ന്ന് ദമ്മാമിലുള്ള ബന്ധു ഫൗസി കോൾഡ് സ്റ്റോറേജിലെ നാസ൪ അറിയിച്ചത് പ്രകാരം ദമ്മാമിലെ സാമൂഹിക പ്രവ൪ത്തകൻ അബ്ദു സലാം ജാംജൂം ജുബൈൽ, ഖതീഫ്, ദമ്മാം, സൈഹാത്ത് ജയിലുകളിൽ അന്വേഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.