കുവൈത്ത് സിറ്റി: രണ്ടു പതിറ്റാണ്ടിനുശേഷം അയൽരാജ്യമായ ഇറാഖ് സന്ദ൪ശിക്കുന്ന ആദ്യ കുവൈത്ത് ഭരണാധികാരിയായ അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹ് ചരിത്ര സന്ദ൪ശനത്തിനുശേഷം മടങ്ങിയെത്തി. തലസ്ഥാനമായ ബഗ്ദാദിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ സംബന്ധിക്കാനാണ് അമീ൪ ഇറാഖിലേക്ക് പോയിരുന്നത്. ഉച്ചകോടിയിൽ പങ്കെടുത്തശേഷം അമീറും പ്രതിനിധി സംഘവും ഇന്നലെ തിരിച്ചെത്തി.
22 വ൪ഷത്തിനുശേഷമാണ് കുവൈത്ത് അമീ൪ ഇറാഖിലെത്തിയത്. മുൻ അമീ൪ ശൈഖ് ജാബി൪ അൽ അഹ്മദ് അസ്വബാഹും അന്ന് വിദേശമന്ത്രിയായിരുന്ന ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹും 1990ൽ സദ്ദാം ഹുസൈൻെറ കുവൈത്ത് അധിനിവേശത്തിന് മാസങ്ങൾക്ക് മുമ്പ് അരങ്ങേറിയ അറബ് ഉച്ചകോടിയിൽ സംബന്ധിക്കാൻ ഇറാഖിലെത്തിയിരുന്നു. എന്നാൽ, അധിനിവേശത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും നയതന്ത്രബന്ധം നിലക്കുകയും ചെയ്തു. സദ്ദാം കാലത്തിനുശേഷം ഇറാഖ്-കുവൈത്ത് ബന്ധം പുനരാരംഭിച്ചെങ്കിലും ഇപ്പോഴും മെച്ചപ്പെട്ടുവരുന്നതേയുള്ളൂ. രണ്ടാഴ്ച മുമ്പ് കുവൈത്തിൽ സന്ദ൪ശനത്തിനെത്തിയ പ്രധാനമന്ത്രി നൂരി അൽ മാലികി അമീറിനെ ഇറാഖിലേക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിച്ചാണ് സുരക്ഷാ ഭീഷണി അവഗണിച്ചും അമീ൪ ബഗ്ദാദിലെത്തിയത്.
കുവൈത്തൊഴികെയുള്ള ജി.സി.സി രാജ്യങ്ങളൊക്കെ അവഗണിച്ച അറബ് ഉച്ചകോടിയിൽ ഇറാഖിന് നേട്ടമായതും അമീറിൻെറ സാന്നിധ്യം മാത്രമാണ്. മറ്റൊരു ജി.സി.സി രാജ്യവും രാഷ്ട്രത്തലവന്മാരെ ഉച്ചകോടിക്കയച്ചില്ല. പകരം പ്രതിനിധികളാണെത്തിയത്. ഉച്ചകോടിക്കത്തിയ 22 അറബ് രാഷ്ട്രങ്ങളിൽ രാഷ്ട്രത്തലവന്മാ൪ എത്തിയത് കുവൈത്തടക്കം പത്ത് രാജ്യങ്ങളിൽനിന്ന് മാത്രം. സിറിയ വിഷയത്തിൽ ഇറാഖ് സ൪ക്കാ൪ സ്വീകരിക്കുന്ന നിലപാടാണ് ഖത്തറും സൗദി അറേബ്യയും രാഷ്ട്രത്തലവന്മാരെ അയക്കാതിരിക്കാൻ കാരണമെന്നാണ് കരുതുന്നത്. ഏതായാലും പ്രമുഖരുടെ അസാന്നിധ്യം തിരിച്ചടിയായെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ ഉച്ചകോടി കഴിഞ്ഞതിലും കുവൈത്ത് അമീറിൻെറ സാന്നിധ്യത്തിലും സന്തോഷിക്കുകയാണ് നൂരി മാലികി സ൪ക്കാ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.