സൗദി നയതന്ത്ര ഉദ്യോഗസ്ഥനെ റാഞ്ചിയ സംഭവം: ദുരൂഹത തുടരുന്നു; അല്‍ ഖാഇദയെന്ന് സംശയം

റിയാദ്: യമനിലെ സൗദി കോൺസുലേറ്റ് ഡെപ്യൂട്ടി കോൺസൽ ജനറൽ അബ്ദുല്ല അൽഖാലിദിയെ സായുധരായ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹത തുടരുന്നു. റാഞ്ചിയ സംഘത്തെക്കുറിച്ച് ഇനിയും വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.  റാഞ്ചലിന് പിന്നിൽ ആര് എന്നതിനെക്കുറിച്ച അഭ്യൂഹങ്ങൾ വിവിധ കോണുകളിൽനിന്ന് ഉയ൪ന്നുതുടങ്ങി. അതിനിടയിൽ, സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു
അൽഖാഇദയുടെ പോഷക ഗ്രൂപ്പായ അൻസാറുശരീഅയാണ് സംഭവത്തിന് പിന്നിലെന്നും അതല്ല ദക്ഷിണ യമൻ സൈനിക ഗ്രൂപ്പിലെ അംഗങ്ങളാണെന്നും സംശയമുണ്ട്. തട്ടിക്കൊണ്ടുപോകലിൻെറ ഉത്തരവാദിത്തം ഇതുവരെയും ഒരു ഗ്രൂപ്പും ഏറ്റെടുത്തതായി വിവരമില്ല. ആഴ്ചകൾക്ക് മുമ്പ് സൗദി നയതന്ത്ര ഉദ്യോഗസ്ഥൻ ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിൽ ദുരൂഹ സാഹചര്യത്തിൽ വധിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം പൂ൪ത്തിയാകും മുമ്പ് മറ്റൊരു ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയത് സൗദി വിദേശ കാര്യാലയത്തെ ഞെട്ടിച്ചിരിക്കയാണ്. നാല് മാസം മുമ്പ് ഏദനിലെ താമസ സ്ഥലത്ത്് ഖാലിദിയുടെ കാ൪ തട്ടിയെടുത്തതിൻെറ പിന്നിൽ റാഞ്ചൽ സംഘം തന്നെയാണോ എന്ന സംശയവുമുണ്ട്.  രാവിലെ ഏദനിലെ താമസ സ്ഥലത്ത് നിന്ന് ജോലിസ്ഥലത്തേക്ക് പുറപ്പെടാൻ തയാറെടുക്കുന്നതിനിടയിലാണ് അജ്ഞാത സംഘം തോക്കുചൂണ്ടി ഡെപ്യൂട്ടി കോൺസൽ ജനറലിനെ തട്ടിക്കൊണ്ടുപോയത്. കാറിൻെറ ഡോ൪ തുറന്നു കിടന്നതും ഖാലിദി ധരിച്ചിരുന്ന കണ്ണട പൊട്ടിക്കിടന്നതും ശ്രദ്ധയിൽപെട്ട അയൽവാസിയാണ് സുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചത്.
അന്വേഷണത്തിൽ യമൻ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നതായും വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നും യമൻ സൗദി കോൺസൽ ജനറൽ മുഹമ്മദ് അലി അൽഹംദാൻ അറിയിച്ചു. ഒരുവ൪ഷം മുമ്പ് യമൻ തലസ്ഥാനമായ സൻആയിലെ സൗദി എംബസിയിലെ സെക്കൻറ് അണ്ട൪ സെക്രട്ടറി സഈദുൽ മാലിക്കിയെ ബനീ ദുബ്യാൻ ഗോത്രത്തിലെ സായുധ സംഘം തട്ടിക്കൊണ്ടുപോയിരുന്നു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.