പാട്ടിന്‍െറ വഴിയില്‍ പാതിനൂറ്റാണ്ട്; യേശുദാസിന്‍െറ സംഗീതനിശ ഇന്ന്

ദോഹ: ഭാഷയുടെയും ദേശത്തിൻെറയും അതിരുകൾക്കപ്പുറം സംഗീതപ്രേമികൾ എന്നെന്നും മനസ്സിലോ൪ത്തുവെക്കുന്ന പാട്ടുകളുടെ വഴിയിൽ പാതിനൂറ്റാണ്ട് പിന്നിടുന്ന മലയാളത്തിൻെറ ഗാനഗന്ധ൪വ്വൻ ഡോ. കെ.ജെ യേശുദാസിൻെറ നേതൃത്വത്തിലുള്ള സംഗീതനിശക്ക് ദോഹ ഇന്ന് വേദിയാകും.
വൈകിട്ട് ഏഴ് മണിക്ക് എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന പരിപാടിക്ക് ഒരുക്കങ്ങളെല്ലാം പൂ൪ത്തിയായി. യേശുദാസും പരിപാടിയിൽ പങ്കെടുക്കുന്ന പിന്നണിഗായകരായ സുജാത മോഹൻ, വിജയ് യേശുദാസ്, ശ്വേതാ മോഹൻ, സ്റ്ററീഫൻ ദേവസി എന്നിവരും ഇന്നലെ ദോഹയിലെത്തി.
പതിനഞ്ച് വ൪ഷത്തിന് ശേഷം ഇതാദ്യമായാണ് യേശുദാസിൻെറ ഇത്തരമൊരു ഗാനമേള ദോഹയിൽ അരങ്ങേറുന്നത്. ചലച്ചിത്രസംഗീതരംഗത്ത് അരനൂറ്റാണ്ട് പൂ൪ത്തിയാക്കിയ വേളയിൽ വിവിധ രാജ്യങ്ങളിൽ യേശുദാസ് നടത്തുന്ന സംഗീതപര്യടനത്തിൻെറ ഭാഗമാണ് ‘യേശുദാസ് അറ്റ് 50 വേൾഡ് ടൂ൪ 2012’  എന്ന പേരിലുള്ള സംഗീതസന്ധ്യ.
എല്ലാവ൪ക്കും ഒന്നുപോലെ ആസ്വദിക്കാവുന്ന സംഗീതവിരുന്നായിരിക്കും ഇന്നത്തെ പരിപാടിയെന്ന് യേശുദാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. മലയാളം, തമിഴ് ഗാനങ്ങളായിരിക്കും കൂടുതലും അവതരിപ്പിക്കുക. ഇതിന് പുറമെ കന്നഡ, തെലുങ്ക്, ഹിന്ദി, അറബിക് ഗാനങ്ങളും ആലപിക്കും. ശരീരമല്ല ശാരീരമാണ് പാട്ടിൽ പ്രധാനമെന്നതാണ് തൻെറ അഭിപ്രായം.
പുതുതലമുറക്ക് അവരുടേതായ രീതികൾ സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്. സംഗീതം ഒരു മഹാസമുദ്രമാണ്. തനിക്ക് അതിൽ നിന്ന് ഒരു തുള്ളിമാത്രമേ കുടിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
പേന ലോകത്തിൻെറ നന്മക്കായാണ് ഓരോരുത്തരും ഉപയോഗിക്കേണ്ടത്. അത് മറ്റുള്ളവരെ നശിപ്പിക്കാനോ അസ്വസ്ഥരാക്കാനോ ആകരുതെന്നും യേശുദാസ് അഭിപ്രായപ്പെട്ടു.
ദുബൈയിൽ ഈ മാസം 23ന് നടന്ന സംഗീതപരിപാടി വൻ വിജയമായിരുന്നുവെന്നും ദോഹയിലെ അസ്വാദക സമൂഹത്തിന് പുതുമയും വ്യസ്തതയുമുള്ള  പരിപാടിയായിരിക്കും ഇന്നത്തേതെന്നും വിജയ് യേശുദാസ് പറഞ്ഞു.
 15 വ൪ഷത്തെ ഇടവേളക്ക് ശേഷം ദോഹയിൽ യേശുദാസിനൊപ്പം പാടാൻ ലഭിച്ച അവസരം വലിയൊരു അനുഗ്രഹമായാണ് താൻ കാണുന്നതെന്ന് ഗായിക സുജാത പറഞ്ഞു. യേശുദാസിനും വിജയിനും അമ്മ സുജാതക്കുമൊപ്പം ഒരേ  വേദിയിൽ പാടാനാകുന്നത് തനിക്ക് സ്വപ്നസാക്ഷാത്കാരമാണെന്നും തൻെറ സംഗീതത്തിൻെറ 60 ശതമാനം യേശുദാസിൽ നിന്നും 40 ശതമാനം അമ്മയിൽ നിന്നുമാണെന്നും ശ്വേതാ മോഹൻ പറഞ്ഞു.
ഏറെ വ്യത്യസ്തവും സംഗീതത്തിൻെറ സുവ൪ണകാലത്തെ അടയാളപ്പെടുത്തുന്നതുമായ അവിസ്മരണീയമായ ഒന്നായിരിക്കും ഇന്നത്തെ പരിപാടിയെന്ന് മുഖ്യ സംഘാടകരായ മ൪സൂഖ് അൽ ശംലാൻ ജനറൽ മാനേജ൪ കെ.വി രാമകൃഷ്ണൻ പറഞ്ഞു. കുടുംബങ്ങൾക്കടക്കം പരിപാടി ആസ്വദിക്കുന്നതിനാവശ്യമായ എല്ലാവിധ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും വളൻറിയ൪ സേവനവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. റമദ ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ മ൪സൂഖ് അൽ ശംലാൻ എം.ഡി മുഹമ്മദ് അൽ ശംലാൻ, സ്റ്റീഫൻ ദേവസി എന്നിവരും പങ്കെടുത്തു.
 ‘ഗൾഫ് മാധ്യമം’ പരിപാടിയുടെ മീഡിയ സ്പോൺസറാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.