ആരോഗ്യത്തിന് ഹാനികരമാകുന്ന കുപ്പിവെള്ളം നീക്കംചെയ്യുന്നു

അബൂദബി: ചില പ്രമുഖ കമ്പനികൾ വിപണിയിലെത്തിച്ച കുപ്പിവെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ കണ്ടതിനെ തുട൪ന്ന് രാജ്യത്ത് നടപടി ശക്തമാക്കി. പ്രശ്നമുണ്ടായ കമ്പനികളുടെ ഉൽപന്നം നീക്കം ചെയ്യുന്നതിന് പുറമെ ക൪ശന നിരീക്ഷണവുമുണ്ട്.
മസാഫി കമ്പനി വിപണിയിലെത്തിച്ച 500 മില്ലിലിറ്റ൪ ബോട്ടിലുകളിൽ അനുവദിക്കപ്പെട്ടതിൽ കൂടുതൽ ബ്രോമൈഡ് കണ്ടെത്തിയിട്ടുണ്ട്. 17.2.2012ന് ഉൽപാദനം നടത്തിയതും  16.2.2013 വരെ ഉപയോഗ കാലാവധിയുള്ളതുമായ 500 മില്ലിലിറ്റ൪ ബോട്ടിലിലാണ് പ്രശ്നം. ജല-പരിസ്ഥിതി മന്ത്രാലയത്തിൻെറ നി൪ദേശപ്രകാരം ഈ ബോട്ടിലുകൾ വിപണിയിൽനിന്ന് നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചതായി ഫുഡ് കൺട്രോൾ അതോറിറ്റി അറിയിച്ചു. നടപടി സംബന്ധിച്ച് കമ്പനിയുമായി ബന്ധപ്പെടുന്നതായി പറഞ്ഞ അതോറിറ്റിയിലെ കമ്യൂണിക്കേഷൻ ആൻഡ് കമ്യൂണിറ്റി സ൪വീസസ് ഡയറക്ട൪ മുഹമ്മദ് ജലാൽ അൽ റെയയ്സ, കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഈ ബോട്ടിലുകൾ പിൻവലിച്ചതായി കമ്പനി അറിയിച്ചെന്നും പറഞ്ഞു.
അൽ അറബി വാട്ട൪ കമ്പനിയുടെ കുപ്പിവെള്ളത്തെ കുറിച്ചും മന്ത്രാലയത്തിൻെറ മുന്നറിയിപ്പ് നോട്ടീസിൽ പറയുന്നുണ്ട്. എന്നാൽ, ഈ കമ്പനി അബൂദബി എമിറേറ്റിൽ വിൽപന നടത്തുന്നില്ലെന്ന് അറിയിച്ചു.
അൽഐനിൽ കുപ്പിവെള്ളം എത്തിക്കുന്ന സൻഅ എന്ന കമ്പനിയുടെ ഉൽപന്നവും പിൻവലിക്കാൻ അതോറിറ്റി നി൪ദേശിച്ചു. 25.2.2012ന് നി൪മിച്ചതും 24.5.2012 വരെ ഉപയോഗ കാലാവധിയുള്ളതുമായ ബോട്ടിലുകൾ പിൻവലിക്കാനാണ് നി൪ദേശം. ഈ കമ്പനിയുടെ കുപ്പിവെള്ളം ലബോറട്ടറിയിൽ പരിശോധിച്ച് റിപ്പോ൪ട്ട് സമ൪പിക്കാൻ അതോറിറ്റി ആവശ്യപ്പെട്ടു.
ജനങ്ങളുടെ ആരോഗ്യ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അൽ റെയയ്സ വ്യക്തമാക്കി. മേൽപറഞ്ഞ തിയതികളുമായി ബന്ധപ്പെട്ടത് ഒഴികെ, ബാക്കിയെല്ലാ ബോട്ടിലുകളും സുരക്ഷിതമാണെന്നും അദ്ദേഹം അറിയിച്ചു. പിൻവലിക്കാൻ നി൪ദേശിച്ച ബോട്ടിലുകൾ വിപണിയിൽ കണ്ടാൽ ഉടൻ  888555 എന്ന നമ്പറിൽ വിവരം അറിയിക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.