ടെലികോം രംഗത്തെ കിടമത്സരം പ്രവാസികള്‍ക്ക് അനുഗ്രഹമാവുന്നു

മസ്കത്ത്: ഒമാനിലെ വിവിധ ടെലികോം കമ്പനികൾക്കിടയിലെ കിടമത്സരം സാധാരണക്കാരായ പ്രവാസി ഉപഭോക്താക്കൾക്ക് അനുഗ്രഹമാവുന്നു. അന്താരാഷ്ട്ര കോളുകൾക്കടക്കം നിരക്കിളവും ഓഫറുകളും നൽകിയാണ് കമ്പനികൾ മൽസരിക്കുന്നത്. നിലവിൽ നവ്റാസ്, ഒമാൻ മൊബൈൽ, റെന്ന തുടങ്ങിയ കമ്പനികളാണ് അന്താരാഷ്ട്ര കോളുകൾക്ക് നിരക്കിളവുകൾ പ്രഖ്യാപിച്ചത്. കിടമത്സരത്തിൽ പിടിച്ചു നിൽക്കാനാവാതെ ചില കമ്പനികൾ രംഗം വിടുകയും ചെയ്യുന്നുണ്ട്.
ഇൻറ൪നാഷനൽ കോളുകൾക്ക് വൻ നിരക്കിളവുമായി ആദ്യമായി രംഗത്തെത്തിയത് നവ്റാസ് ആണ്. രാത്രി എട്ടുമുതൽ രാവിലെ ആറ് വരെ മിനുറ്റിന് 49 ബൈസ നിരക്കാണ് ഇവരുടെ വോയ്പ് സ൪വീസിലൂടെ പ്രഖ്യാപിച്ചത്. മാ൪ച്ച് 26 വരെ പ്രഖ്യാപിച്ച ഈ നിരക്കിളവ് ഒരു മാസവും കൂടി ദീ൪ഘിപ്പിച്ചു. 0902 നമ്പറിലാണ് അന്താരാഷ്ട്ര കോളുകൾ ആരംഭിക്കേണ്ടത്. ജി. സി.സി രാജ്യങ്ങളിലേക്കടക്കം ഈ ആനുകൂല്യം ലഭിക്കുന്നതിനാൽ വൻ സ്വീകാര്യതയാണ് ഈ ഓഫറിന് ലഭിച്ചത്.
കഴിഞ്ഞ ദിവസം റെന്ന മൊബൈലും പുതിയ ഓഫ൪ പ്രഖ്യപിച്ചൂ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിളികൾക്ക് 49 ബൈസയാണ് റെന്ന ഈടാക്കുന്നത്. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയാണ് ഈ ഓഫ൪ നിലനിൽക്കുക. ഒരു മാസം ഈ ആനുകൂല്യത്തിന് കാലാവധിയുണ്ട്. പ്രത്യേകിച്ച് കോഡ് നമ്പറൊന്നും ആവശ്യമില്ല.
ഒമാൻ മൊബൈലും ഫാമിലി ആൻറ് ഫ്രൻറ്’ പാക്കേജ് എന്ന പേരിൽ പുതിയ ഓഫ൪ പ്രഖ്യാപിച്ചു. ഇതനുസരിച്ച് നാല് തെരഞ്ഞെടുത്ത നമ്പറുകളിലേക്ക് 50 ശതമാനം നിരക്കിളവാണ് ആനുകൂല്യം. ഈ ഓഫ൪ പ്രകാരം പ്രാദേശിക കോളുകൾക്ക് 14.5 ബൈസയും അന്താരാഷ്ട്ര കോളുകൾക്ക് 42.5 ബൈസയുമാണ് ഈടാക്കുക. 70 ലധികം രാജ്യങ്ങളിലേക്ക് ഈ ഓഫ൪ ലഭ്യമാവും. ഇന്ത്യ, പാകിസ്താൻ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളും അറബ് രാജ്യങ്ങളും മിക്ക അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളും ഈ ഓഫറിൻെറ പരിധിയിൽ വരും. 1239 നമ്പറിൽ ് സുഹൃത്തുക്കളുടെയോ കുടുംബാഗങ്ങളുടെയോ നമ്പറുകൾ രജിസ്റ്റ൪ ചെയ്താണ് ഈ പദ്ധതിയിൽ അംഗമാവേണ്ടത്. ലാൻഡ് ഫോണിൽ നിന്ന് 65 ബൈസയും മൊബൈലിൽ നിന്ന് 85 ബൈസയുമാണ് പീക് സമയമല്ലാത്തപ്പോൾ ഒമാൻ ടെലിൻെറ സാധാരണ നിരക്ക്. ഫ്രണ്ടി മൊബൈലും പ്രത്യേക ഓഫറുകളും ബോണസുകളും വരിക്കാ൪ക്ക് നൽകുന്നുണ്ട്.
വിവിധ ടെലഫോൺ കമ്പനികൾ കിടമത്സരം ആരംഭിക്കുന്നതിനിടെ ചില മൊബൈൽ കമ്പനികൾ ചിത്രത്തിലില്ലാതായി. അപ്നാ മൊബൈൽ, മസൂൻ മൊബൈൽ, ഹലാഫോൺ എന്നിവയാണ് രംഗം വിടാൻ ശ്രമിക്കുന്നത്. ഇവയിൽ പലതും ഒമാൻ മൊബൈലിൻെറ ഉപ വിഭാഗമായി പ്രവ൪ത്തിക്കുന്നവയാണ്. ഇവയുടെ കാ൪ഡുകൾ മാ൪ക്കറ്റിൽ ലഭ്യമാണെങ്കിലും പുതിയ സിം കാ൪ഡുകളും മറ്റും അപ്രത്യക്ഷമാവുന്നുണ്ട്. കിടമത്സരം രൂക്ഷമാവുന്നതോടെ മറ്റ് പല കമ്പനികളും രംഗം വിടാനും സാധ്യതയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.