പ്രധാനമന്ത്രിക്കെതിരായ കുറ്റവിചാരണ പ്രമേയ ചര്‍ച്ച ഇന്ന്

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹിനെതിരെ എം.പി സാലിഹ് അൽ അശ്ഹൂ൪ സമ൪പ്പിച്ച കുറ്റവിചാരണ പ്രമേയത്തിൽ ഇന്ന് പാ൪ലമെൻറിൽ ച൪ച്ച നടക്കും. ഇതിൻെറ മുന്നോടിയായി അൽ അശ്ഹൂ൪ ഇന്നലെ പാ൪ലമെൻറ് സമ്മേളനം നടക്കുന്ന അബ്ദുല്ല അൽ സാലിം ഹാളിൽ റിഹേഴ്സൽ നടത്തി. ഹാളിലെ വൻ സ്ക്രീനിൽ മൂന്ന് വീഡിയോ ക്ളിപ്പുകൾ കാണിച്ചായിരുന്നു റിഹേഴ്സൽ. താൻ കുറ്റവിചാരണ പ്രമേയത്തിൽ ആരോപിക്കുന്ന അഞ്ചു വിഷയങ്ങളുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം കൊണ്ടുവന്നിരുന്നു.
ഇതിനുശേഷം പാ൪ലമെൻറ് കോമ്പൗണ്ടിൽവെച്ച് അൽ അശ്ഹൂറും എം.പി ജംആൻ അൽ ഹ൪ബശുമായി വാഗ്വാദം നടന്നതായും റിപ്പോ൪ട്ടുണ്ട്. പ്രതിപക്ഷ നിരയിലെ പ്രമുഖനായ ഹ൪ബശ് കുറ്റവിചാരണ നടത്താനുള്ള അൽ അശ്ഹൂറിൻെറ നീക്കത്തെ വിമ൪ശിച്ചതായാണ് സൂചന. സ൪ക്കാ൪ അനുകൂല എം.പിയായി അറിയപ്പെടുന്ന അൽ അശ്ഹൂ൪ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയം കൊണ്ടുവരുന്നതിന് പ്രതിപക്ഷം അനുകൂലമല്ല. പ്രമേയത്തിൽ ആരോപിക്കുന്ന പലതും ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹ് പ്രധാനമന്ത്രിയായശേഷം ഉണ്ടായതോ അദ്ദേഹവുമായി ബന്ധപ്പെട്ടതോ അല്ല. പ്രതിപക്ഷം പോലും സ൪ക്കാറിൻെറ തുടക്ക കാലത്ത് ഇത്തരമൊരു കുറ്റവിചാരണപ്രമേയം കൊണ്ടുവരാൻ താൽപര്യപ്പെടാത്ത ഘട്ടത്തിൽ സ൪ക്കാ൪ അനുകൂലിയായ അൽ അശ്ഹൂ൪ ഇതുമായി മുന്നോട്ടുവന്നതിൽ അവ൪ക്ക് കടുത്ത എതി൪പ്പുണ്ട്.
കൂടാതെ കുറ്റവിചാരണപ്രമേയത്തിലെ പ്രധാന വിഷയമായ ബാങ്ക് അക്കൗണ്ട് വിവാദത്തിൽ ആരോപണവിധേയനായ വ്യക്തിയുമാണ് അൽ അശ്ഹൂ൪. അദ്ദേഹം തന്നെ പ്രമേയവുമായി മുന്നിട്ടിറങ്ങിയത് സ൪ക്കാറിന് ഈ കാര്യങ്ങളിൽ വിശദീകരണത്തിന് അവസരം ലഭ്യമാക്കാനാണ് എന്നാണ് കരുതപ്പെടുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.