സുൽത്താൻ ബത്തേരി: മുത്തങ്ങക്കടുത്ത കുമിഴിയിൽ പുഴയോരത്തെ വ്യാജവാറ്റ് കേന്ദ്രത്തിൽ കഴിഞ്ഞ ഒരു വ൪ഷത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് അഞ്ച് ആദിവാസി യുവാക്കൾ.
മാതൻ, വാസു, കേശവൻ, വെള്ളു, രതീഷ് എന്നിവരാണ് മരിച്ചത്. നാട്ടുകാരുടെ പരാതികൾ എക്സൈസും വനം വകുപ്പും പൊലീസും അവഗണിക്കുന്നതിനിടയിലാണ് ദുരൂഹ മരണങ്ങൾ ആവ൪ത്തിക്കുന്നത്. ചുക്കാലിക്കുനി കോളനിയിലെ രതീഷിൻെറ ജഡം കഴിഞ്ഞ ദിവസമാണ് കണ്ടത്.
പണിക്കുപോയ രതീഷ് വെള്ളിയാഴ്ച തിരിച്ച് വീട്ടിലെത്താതിരുന്നതിനെ തുട൪ന്ന് അമ്മ വെള്ളച്ചിയും ഭാര്യ മീനാക്ഷിയും അന്വേഷിക്കുന്നതിനിടയിൽ മുത്തങ്ങ പുഴയിൽ പാതിമുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മദ്യപിച്ച് പുഴ കടക്കുമ്പോൾ വെള്ളത്തിൽ മുങ്ങി മരിച്ചതാവാമെന്നാണ് പൊലീസിൻെറ നിഗമനം.
കുമിഴി വ്യാജവാറ്റ് കേന്ദ്രത്തിൽ ആദിവാസി യുവാക്കളെ ഉപയോഗപ്പെടുത്തിയാണ് വാറ്റും വിൽപനയും നടത്തുന്നത്.
ഇവരെ ലഹരിക്കടിപ്പെടുത്തി അടിമപ്പണിയെടുപ്പിക്കുകയാണെന്ന് നാട്ടുകാ൪ പറയുന്നു.
പ്രതിഷേധിച്ചാൽ മ൪ദനം പതിവാണത്രെ. ഇവിടെ നടക്കുന്ന ദുരൂഹ മരണങ്ങളെപ്പറ്റി അന്വേഷണം നടക്കാറില്ല.
അമിത മദ്യപാനത്തെ തുട൪ന്നുള്ള മരണമായും അപകടമരണമായും രേഖപ്പെടുത്തി അന്വേഷണം ഒഴിവാക്കാറാണ് പതിവ്.
ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണിയായ വ്യാജവാറ്റ് കേന്ദ്രം നി൪ത്തലാക്കാൻ നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.