ദുബൈ: നക്ഷത്രദീപങ്ങൾ തിളങ്ങുന്ന രാവിൻെറ ഭംഗിയിലൊരുങ്ങിയ വേദിയിൽ ഗന്ധ൪വ ഗാനമൊഴുക്കി മലയാളത്തിൻെറ സ്വന്തം ദാസേട്ടൻ ദുബൈയിലെ സംഗീതാസ്വാദകരുടെ മനസ്സിൽ നാദബ്രഹ്മത്തിൻ സാഗരമായൊഴുകി. യേശുദാസ് എന്ന സ്വരമാധുര്യം കാലത്തിനുമേൽ ഒഴുകിയിറങ്ങി, പല ഭാഷകളിൽ പരന്നൊഴുകി അമ്പതാണ്ടായതിൻെറ ആഘോഷത്തിന് ഹൃദയത്തിൽ സൂക്ഷിക്കാനൊരു പാട്ടായെത്തിയ ഗാനഗന്ധ൪വൻ വേൾഡ് ട്രേഡ് സെൻറ൪ അറീനയിലെ പ്രൗഢവേദിയിൽ രാഗവിസ്മയമൊരുക്കി. യേശുദാസ്, മകൻ വിജയ്, സുജാത, മകൾ ശ്വേത എന്നിവ൪ അണിനിരന്നത് തലമുറകളുടെ സംഗമവുമായി.
പതിവ് തെറ്റിക്കാതെ ആദ്യഗാനമായി ‘ഇടയകന്യകേ, പോവുക നീ’ വന്നു. പിന്നാലെ സംസ്കൃതത്തിൽ ‘കൃഷ്ണ ദീവാനി മീരാ’യെത്തി. ‘അലകടലും കുളിരലയും’, ‘ആയിരംകാതമകലെയാണെങ്കിലും’, ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ തുടങ്ങിയവ കോ൪ത്തിണക്കി നാലുപേരും ചേ൪ന്നവതരിപ്പിച്ച ഗാനമാലയും ഏറെ ആസ്വാദ്യമായി. മലയാളികളെയും ഉത്തരേന്ത്യക്കാരെയും തമിഴരെയും ഗൃഹാതുരത്വത്തിലെത്തിക്കാൻ ‘ഹൃദയസരസ്സിലെ പ്രണയപുഷ്പമേ’, ‘ചാന്ദ് ജൈസേ മുഖ്ഡെ പേ ബിന്ദിയാ സിതാരാ’, ‘വിഴിയേ കഥയെഴുത്’ എന്നിവയെല്ലാം ഗാനരഥമായെത്തി. സ്റ്റീഫൻ ദേവസ്സിയാണ് പിന്നണിയൊരുക്കിയത്. രഞ്ജിനി ഹരിദാസ് അവതാരകയായി.
ശ്യാമിൻെറ സംഗീതത്തിൽ യേശുദാസ് മുമ്പ് പാടുകയും വിജയ് അടുത്തിടെ പുനരാവിഷ്കരിക്കുകയും ചെയ്ത ‘ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ’ ഇരുവരും ചേ൪ന്നവതരിപ്പിച്ചതും സദസ്സിൻെറ ഹൃദയത്തോട് ചേ൪ന്ന് നിന്നു.
ഇരുവ൪ക്കുമൊപ്പം തലമുറകൾ കൈമാറുന്ന നാദസപര്യയുടെ ചങ്ങലയിൽ കണ്ണിയായി വിജയിൻെറ മകൾ അമേയയും അണിനിരന്നു. ഒന്നുറപ്പ്, അനന്തമാം ഗാനവീഥിയിൽ ഈ ഇടയഗായകൻ ഇനിയും യാത്ര തുടരും. ഇടറാതെ, സ്വരമിടറാതെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.