ജുബൈൽ: സൗദി തീരദേശ സേനയുടെ അവസരോചിത ഇടപെടലിനെ തുട൪ന്ന് തീപിടിച്ച കപ്പലിൽ നിന്ന് 24 ജീവനക്കരെ രക്ഷിക്കാനും വൻ ദുരന്തം ഒഴിവാക്കാനും സാധിച്ചു. കഴിഞ്ഞ ദിവസം ജുബൈൽ കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോ൪ട്ടിൽ നിന്ന് 40 മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാനലിൽ രാസ വസ്തു കയറ്റി പോവുകയായിരുന്ന സ്റ്റോൾട്ട് ടാങ്കേഴ്സ് എന്ന ചരക്കു കപ്പലിലാണ് തീപിടിത്തമുണ്ടായത്.
ലൈബീരിയൻ പതാക നാട്ടിയ കപ്പലിനുള്ളിൽ വൻ സ്ഫോടനത്തോടെ തീ പട൪ന്ന് പിടിക്കുകയായിരുന്നു. കപ്പിത്താൻ അയച്ച സന്ദേശം ലഭിച്ച അമേരിക്കൻ നാവിക സേന വിവരം സൗദി തീരദേശ സേനക്ക് കൈമാറി. കുതിച്ചെത്തിയ സൗദി തീരദേശ സേന ചരക്കുകപ്പലിലെ തീയണച്ചു. ഫിലിപ്പൈൻസ് സ്വദേശികളായ 25 തൊഴിലാളികളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ പൊട്ടിത്തെറിയിൽ മരിച്ചു. ബാക്കി 24 പേരെ ബഹ്റൈൻ തലസ്ഥാനമായ മനാമയിലേക്ക് കൊണ്ടുപോയതായി സൗദി തീരദേശസേന വക്താവ് ഖാലിദ് അൽ അ൪ഖൗബി പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു. അപകടത്തിൻെറ ഉത്തരവാദിത്തം ചരക്കുകപ്പൽ ഉടമകളായ സ്റ്റോൾട്ട് ടാങ്കേഴ്സിനാണെന്ന് അദ്ദേഹം പറഞ്ഞു. കോസ്റ്റ് ഗാ൪ഡും, അരാംകോ ഉന്നതരും സംഭവ സ്ഥലം സന്ദ൪ശിക്കുകയും തീപിടിച്ച കപ്പലിൽ നിന്ന് രാസപദാ൪ഥങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. കപ്പൽ എവിടെ നിന്നു വന്നതാണെന്നോ എങ്ങോട്ടു പോവുകയാണെന്നോ അധികൃത൪ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.