പൈപ്പ് വെള്ളത്തില്‍ വൈദ്യുതി; ഷോക്കേറ്റ് വിറച്ച് മലയാളി കുടുംബം

ഇബ്ര: വീടിനകത്തേക്ക് പൈപ്പ് വെള്ളത്തിനൊപ്പം വൈദ്യുതി പ്രവഹിക്കുന്നത് ഇബ്രയിലെ മലയാളി കുടുംബത്തെ ആശങ്കയിലാഴ്ത്തുന്നു. ഒരാഴ്ചയായി ഏതുനിമിഷവും വെള്ളത്തിൽ നിന്ന് വൈദ്യതാഘാതമേൽക്കാമെന്ന ഭയത്തിൽ കഴിയുകയാണ് കൊച്ചുകുട്ടികളടക്കമുള്ള കുടുംബം.
ഇബ്ര ടെക്നിക്കൽ കോളജിലെ ബിസിനസ്പഠനവിഭാഗം ലക്ചറ൪ മുനീറുദ്ദീൻ താമസിക്കുന്ന വില്ലയിലാണ് കഴിഞ്ഞ ഒരാഴ്ചയായി ചില സമയങ്ങളിൽ പൈപ്പ് വെള്ളത്തിൽ വൈദ്യുതി കലരുന്നത്. വെള്ളത്തിൽ നിന്ന് ആദ്യമായി വൈദ്യുതാഘാതമേറ്റ കഴിഞ്ഞ ബുധനാഴ്ച തന്നെ ഇക്കാര്യം ഇബ്രയിലെ വൈദ്യുതി വിതരണം നി൪വഹിക്കുന്ന മസ്യൂൻ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ എമ൪ജൻസി വിഭാഗത്തിൽ അറിയിച്ചിരുന്നു. വീട്ടിലെ വയറിങ് പ്രശ്നമാണോ എന്നറിയാൻ ഇലക്ട്രീഷ്യനെ കൊണ്ടുവന്ന് മുനീ൪ പരിശോധന നടത്തിയിരുന്നു. ഇലക്ട്രീഷ്യൻ വീട്ടിലെ വയറിങ് പ്രശ്നമല്ലെന്ന് സ്ഥിരീകരിച്ചു. ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയിലെ ഉദ്യോഗസ്ഥരും വീട്ടിലെ വയറിങും പരിസരത്തെ വീടുകളിലെ വയറിങും പരിശോധിച്ചു. പിന്നീട്, ട്രാൻസ്ഫോമറിന് സമീപത്തെ പ്രശ്നമായിരിക്കുമെന്ന് കരുതി പരിശോധന നടത്തി. എന്നിട്ടും, വൈദ്യൂതി പ്രവാഹം നിലച്ചില്ല. സമീപത്തെ വീടുകളിലൊന്നിലെ ഇൻസുലേഷൻ തകരാറാണെന്ന നിഗമനത്തെ തുട൪ന്ന് അയൽവീട്ടിലെ തകരാറുകൾ പരിഹരിച്ചു. പക്ഷെ, വെള്ളത്തിലൂടെയുള്ള വൈദ്യുതി പ്രവാഹത്തിന് മാറ്റമുണ്ടായില്ല. ഇതോടെ, കമ്പനിയിൽ നിന്ന് എഞ്ചിനീയറ൪മാ൪ അടക്കമുള്ള മുതി൪ന്ന ഉദ്യോഗസ്ഥ൪ രംഗത്തെത്തി.
തകരാ൪ എന്താണെന്ന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ലെങ്കിലും സമീപത്തെ വീടുകളിലൊന്നിൽ പ്രവ൪ത്തിപ്പിക്കുന്ന ഏതോ ഉപകരണമാണ് വില്ലനെന്നാണ് എഞ്ചിനീയ൪മാരുടെ വിലയിരുത്തൽ. സമീപത്തെ മറ്റു വീടുകളിലും ഷോക്കേൽക്കുന്നുണ്ടോ എന്നറിയാൻ കമ്പനി അധികൃത൪ സമീപവാസികളായ സ്വദേശികൾ ഉൾപ്പെടെയുള്ളവരെ വിളിച്ച് കാര്യങ്ങൾ ച൪ച്ച ചെയ്തിരുന്നു. പക്ഷെ, വെള്ളത്തിൽ വൈദ്യുതി കല൪ത്തുന്ന ‘ഉപകരണ’ത്തെ ഇനിയും ‘കൈയോടെ’ പിടികൂടാനായിട്ടില്ല. വൈദ്യുതി പ്രവാഹത്തിന് കഴിഞ്ഞദിവസം ഇടവേളയുണ്ടായതിനാൽ ഇനി ഷോക്കേൽക്കുമ്പോൾ അധികൃതരെ ഉടൻ വിവരമറിയിക്കാനാണ് നി൪ദേശം.
പൈപ്പ് വെള്ളത്തിൽ ടെസ്റ്റ൪വെച്ചാൽ കത്തുന്ന വിധം ശക്തമായ വൈദ്യൂതി പ്രവാഹമാണ് വെള്ളത്തിലൂടെ കടന്നുവരുന്നതെന്ന് മുനീ൪ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. നേരത്തേ ദാ൪സൈതിലെ നിരവധി വീടുകളിലും സമാനമായ അനുഭവം റിപ്പോ൪ട്ട് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.