റിയാദ്: ഇന്ത്യൻ എംബസിയിൽ അംബാസഡ൪ ഹാമിദലി റാവുവിൻെറ നേതൃത്വത്തിൽ പുനരാരംഭിച്ച ഓപ്പൺ ഹൗസിൽ ജനപങ്കാളിത്തമേറുന്നു. വ്യാഴാഴ്ച എംബസി ആസ്ഥാനത്ത് നടന്ന രണ്ടാമത്തെ ഓപ്പൺ ഹൗസിൽ കൂടുതൽ തൊഴിലാളികൾ ആവലാതികളുമായി എത്തി.
കോൺസുലാ൪ ഹാളിൽ നടത്തിയ ഓപ്പൺ ഹൗസിൻെറ തുടക്കം മുതൽ അവസാനം വരെ അംബാസഡ൪ തൊഴിലാളികളുടെ ഇടയിലേക്കിറങ്ങി ആവലാതികൾ ചോദിച്ചറിയുന്നുണ്ടായിരുന്നു.
രാവിലെ ഒമ്പതിനും 12.30നുമിടയിൽ നടന്ന ഓപ്പൺ ഹൗസിൽ 250 ലേറെ പേരാണ് പരാതികളുമായെത്തിയത്. വെൽഫെയ൪, കോൺസുലാ൪, എജൂക്കേഷൻ എന്നിങ്ങനെ വിവിധ വകുപ്പുകൾ തിരിച്ചാണ് പരാതികൾ സ്വീകരിച്ചത്. പ്രവ൪ത്തനങ്ങൾക്ക് അതത് വകുപ്പുകളിലെ മേധാവികൾ തന്നെ ് നേതൃത്വം നൽകി. ലേബ൪ വെൽഫെയ൪ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ ആളുകളെത്തിയത്.
തിരുവനന്തപുരത്തെ കോടതിയിൽ വിവാഹ കേസുമായി ബന്ധപ്പെട്ട് ഹാജരാക്കുന്നതിന് പവ൪ ഓഫ് അറ്റോണി ലഭിക്കാൻ വേണ്ടി ബുറൈദയിൽ പെട്രോൾ പമ്പ് ജീവനക്കാരനായ ജറീഷ് നൽകിയ അപേക്ഷ എംബസി കോൺസുലാ൪ വിഭാഗം കാരണമൊന്നുമില്ലാതെ നിരസിച്ച വിഷയമാണ് ഫൊക്കാസ പ്രവ൪ത്തക൪ ഓപ്പൺ ഹൗസിൽ ഉന്നയിച്ചത്. അംബാസഡറുടേയും ഡി.സി.എമ്മിൻേറയും ശ്രദ്ധയിൽപെടുത്താൻ പ്രവ൪ത്തക൪ക്ക് കഴിഞ്ഞതോടെ ശനിയാഴ്ച പവ൪ ഓഫ് അറ്റോണി നൽകുന്നതിന് തീരുമാനമായി.
സൗദിയിലെത്തിയതിൻെറ പിറ്റേന്ന് വാഹനാപകടത്തിൽ പരിക്കേറ്റ് റിയാദിൽ ഒരു മാസം ഗുരുതരാവസ്ഥയിൽ കഴിഞ്ഞതിന് ശേഷം നാട്ടിലെത്തി മരിച്ച കോട്ടയം ചങ്ങനാശേരി സ്വദേശി റോജോ ജോസഫിൻെറ യാത്രാ ചെലവ് മുഴുവൻ എംബസി വെൽഫെയ൪ ഫണ്ടിൽനിന്ന് നൽകാനും തീരുമാനമായി.
ഹോത്ത ബനീ തമീമിൽ ഹെവി ഡ്യൂട്ടി ഡ്രൈവ൪മാരായി എത്തിയ ശേഷം ശമ്പളം കിട്ടാതെയും ഇഖാമ, ഡ്രൈവിങ് ലൈസൻസ് എന്നീ ഔദ്യാഗിക രേഖകളില്ലാതെയും ജോലി ചെയ്യാൻ നി൪ബന്ധിക്കപ്പെട്ട് ദുരിതത്തിലായ അനൂപ്, മഹേഷ് എന്നീ മലയാളികളുടെ പ്രശ്നത്തിൽ സ്പോൺസറെ ബന്ധപ്പെട്ട് എത്രയും വേഗം പരിഹാരം കാണാൻ നടപടി സ്വീകരിക്കാമെന്നും ലേബ൪ വെൽഫെയ൪ വിങ് സമ്മതിച്ചു. മൂന്നു കാറുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകട കേസിൽ പ്രതിയായി 1,30,000 റിയാൽ പിഴ ചുമത്തപ്പെട്ട് മലസ് ജയിലിൽ കഴിയുന്ന മലയാളി സിറാജുദ്ദീൻെറ വിഷയവും എംബസിയധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഡി.സി.എം മനോഹ൪ റാമിൻെറ നേതൃത്വത്തിൽ ഉദ്യോഗസ്ഥ വൃന്ദം ഓപ്പൺ ഹൗസിൽ സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.