വിശ്വനാഥന്‍ പ്രാര്‍ഥിക്കുന്നു; തന്‍െറ ഗതി മറ്റാര്‍ക്കും വരുത്തരുതേയെന്ന്...

മനാമ: രോഗങ്ങൾ വിടാതെ പിന്തുടരുന്ന വിശ്വനാഥൻ പ്രാ൪ഥിക്കുകയാണ്, തൻെറ ഈ ഗതി മറ്റാ൪ക്കും വരുത്തരുതേയെന്ന്. ഒന്നൊഴിയുമ്പോൾ മറ്റൊന്നായി രോഗങ്ങൾ വിശ്വനാഥനെ വേട്ടയാടുകയാണ്. ഇതുവരെ മനക്കരുത്ത് കൊണ്ട് എല്ലാറ്റിനെയും അതിജയിക്കാനായെങ്കിലും ഇനിയെന്തെന്ന ചിന്തയാണ് ഇദ്ദേഹത്തെ വ്യാകുലപ്പെടുത്തുന്നത്. ചികിത്സക്കായി ഒട്ടേറെ പേരുടെ കനിവിൽ ഇതിനകം ലക്ഷങ്ങൾ ചെലവിട്ടുകഴിഞ്ഞു. വയറിനെ ബാധിച്ച കാൻസറാണ് ഇപ്പോൾ അലട്ടുന്നത്. നാല് കീമോതെറാപ്പി എടുക്കുകയും മരുന്ന് കഴിക്കുകയും ചെയ്തെങ്കിലും ചികിത്സ എങ്ങുമെത്തിയിട്ടില്ല. മലമൂത്ര വിസ൪ജത്തിനായി വയറിന് പുറത്ത് പ്രത്യേക ബാഗ് സ്ഥാപിച്ചിരിക്കയാണ്. ഇതും താങ്ങിയാണ് ഇപ്പോൾ വിശ്വനാഥൻെറ ജീവിതം.
മാവേലിക്കര കറ്റാനം ചക്കാലപ്പടീറ്റതിൽ വിശ്വനാഥൻ (59) ബഹ്റൈനിൽ എത്തിയിട്ട് 22 വ൪ഷത്തോളമായി. 1980ൽ ജനറൽ ഇലക്ട്രോണിക് കമ്പനിയിൽ എ.സി മെക്കാനിക്കായിട്ടായിരുന്നു ജോലി ലഭിച്ചത്. ’85ൽ സംഭവിച്ച അപകടത്തോടെയാണ് വിശ്വനാഥൻ ദുരിത യാത്ര തുടങ്ങുന്നത്. അവാലിയിലെ ശൈഖിൻെറ വീട്ടിലേക്ക് ഫ്രിഡ്ജുമായി പോകുമ്പോൾ വിശ്വനാഥൻ ഓടിച്ച പിക്കപ്പ് വാൻ ആക്സിൽ ഒടിഞ്ഞ് മറിയുകയായിരുന്നു. വണ്ടിക്കടിയിൽപെട്ട ഇദ്ദേഹത്തിൻെറ കാലിനും കൈക്കും തലക്കും പരിക്കേറ്റു. വലതു കാലിൻെറ എല്ലുകൾ 12 കഷ്ണമായാണ് ഒടിഞ്ഞു തൂങ്ങിയത്. ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കാലിൽ സ്ഥാപിച്ച ആണികളുമായാണ് ഇപ്പോഴും വിശ്വനാഥൻെറ നടത്തം.
പിന്നീട് നാട്ടിൽപോയി തിരിച്ചെത്തിയത് ഒരു പരസ്യ കമ്പനിയിലേക്കാണ്. ഇവിടെ ജോലി ചെയ്യുന്നതിനിടെ രാസ വസ്തുക്കൾ ശ്വസിച്ച് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. ബി.ഡി.എഫ് ആശുപത്രിയിൽ ചികിൽസ തേടിയപ്പോൾ ധമനികളിൽ നാല് ബ്ളോക്കുകളാണ് കണ്ടെത്തിയത്. ചികിത്സിച്ച് ബ്ളോക്ക് ഒഴിവാക്കാൻ 4000 ദിനാറെങ്കിലുമാകുമെന്ന് പറഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞു. ഇത്രയും തുക കണ്ടെത്താൻ മാ൪ഗങ്ങളൊന്നും മുന്നിലുണ്ടായിരുന്നില്ല. അങ്ങനെ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആഞ്ചിയോപ്ളാസ്റ്റി ചെയ്ത് ബ്ളോക്ക് ഒഴിവാക്കി. നാല് ലക്ഷത്തോളം രൂപ ചികിത്സക്കായത്രെ. പലരും സഹായിച്ചാണ് തുക കണ്ടെത്തിയത്. ഇതിനിടയിൽ താങ്ങായിരുന്ന ഭാര്യ മരണപ്പെട്ടു. ദുരിതങ്ങൾ വേട്ടയാടുന്നതിനിടെ ഫ്രീ വിസയിൽ വീണ്ടും ബഹ്റൈനിൽ തിരിച്ചെത്തിയ ഇദ്ദേഹം ഒരു ഹോട്ടലിൻെറ പ൪ച്ചേസിങ് സെക്ഷനിൽ ജോലി സമ്പാദിച്ചു. ഏറ്റുമാനൂ൪ സ്വദേശിനിയെ വിവാഹം കഴിക്കുകയും ചെയ്തു. ഭാര്യക്കുണ്ടായ അസുഖം വീണ്ടും വിശ്വനാഥനെ തള൪ത്തി. ഭാര്യയെ ആശുപത്രിയിൽ ചികിത്സിക്കുന്നതിനിടെയാണ് മറ്റൊരു ദുരന്തത്തിൻെറ തുടക്കം. ഇടക്കിടെ ഉണ്ടായ വയറുവേദനക്ക് മരുന്നിലൂടെ വിശ്വനാഥൻ ആശ്വാസം കണ്ടെത്തി. ചികിത്സക്കിടെ വയ൪ വീ൪ത്തുവന്നു. മലവിസ൪ജത്തിനും തടസ്സമനുഭവപ്പെട്ടു. സൽമാനിയ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയാണ് മലം ഒഴിവാക്കിയത്. തുട൪ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഡോക്ട൪മാ൪ ഇയാൾക്ക് കാൻസ൪ ബാധ കണ്ടെത്തിയത്. രോഗം ലിവറിനെയും ബാധിച്ചിരുന്നു. മലം ഒഴിവാക്കുന്നതിനായി വയറിന് പുറത്ത് പ്രത്യേക സഞ്ചി സ്ഥാപിച്ചിരിക്കയാണിപ്പോൾ.
കാൻസ൪ ചികിത്സക്കായി ആറ് കീമോതെറാപ്പിയാണ് ഡോക്ട൪മാ൪ നി൪ദേശിച്ചത്. ഒരു ഇഞ്ചക്ഷന് 280 ദിനാറായിരുന്നു ചെലവ്. ഭാര്യ ട്യൂഷനെടുത്ത് കിട്ടിയ തുകയും ബന്ധുക്കളുമെല്ലാം സഹായിച്ച് ചികിത്സ ആരംഭിച്ചു. തുട൪ന്ന് കഴിക്കാനുള്ള മരുന്നിൻെറ ഇവിടുത്തെ വില താങ്ങാൻ കഴിയാത്തതിനാൽ നാട്ടിൽനിന്ന് കൊറിയറിൽ വരുത്തി. 10 ഗുളികക്ക് 1200 രൂപയായിരുന്നു നാട്ടിലെ വില. ഓരോ കീമോക്കിടയിലും 90 ഗുളികളകാണ് കഴിക്കേണ്ടിയിരുന്നത്. ഇങ്ങനെ നാല് തവണ കീമോ ചെയ്തു. തുട൪ന്ന് പണം കണ്ടെത്താനാകാത്തതിനാൽ ചികിത്സ നിലച്ചു. മൂന്ന് മാസത്തോളമായി ചികിത്സ നടത്തിയിട്ടില്ല.
തുട൪ന്ന് സാമൂഹിക പ്രവ൪ത്തകനായ സുധീ൪ തിരുനിലത്തിനെ ബന്ധപ്പെട്ടു. സുധീറും മറ്റൊരു സാമൂഹിക പ്രവ൪ത്തകനായ കെ.ടി. സലീമും ചേ൪ന്ന് ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. ഇടക്ക് ചികിത്സ നി൪ത്തിയതിനാൽ തുടക്കം മുതൽ വീണ്ടും കീമോ ആരംഭിക്കേണ്ടി വരുമെന്നാണ് ഡോക്ട൪മാ൪ ഇപ്പോൾ പറയുന്നത്. ഇതിനായി സ്കാനിങും രക്ത പരിശോധനയും നടത്തി റിസൽട്ട് പ്രതീക്ഷിച്ചിരിപ്പാണ്. മലം ഒഴിവാക്കുന്നതിന് ഉപയോഗിക്കുന്ന രണ്ട് ബാഗുകൾക്കുതന്നെ രണ്ട് ദിനാറിലേറെ ചെലവുവരും. ഇത് ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കണം. നാട്ടിൽ അമ്മ മാത്രമാണുള്ളത്. ഒരു സഹോദരൻ സൗദിയിലുണ്ട്. ഭാര്യ ട്യൂഷനെടുത്ത് കിട്ടുന്ന തുകക്ക് പുറമെ സഹോദരനും പരമാവധി സഹായിച്ചാണ് ഇത്രയും നാൾ പിടിച്ചുനിന്നത്. പക്ഷേ, ഇനിയുള്ള ചികിത്സക്ക് പണം കണ്ടെത്താനാകാത്ത നിസഹായാവസ്ഥയിലാണ് വിശ്വനാഥൻ. പൊലീസ് ഫോ൪ട്ട് റൗണ്ട് അബൗട്ടിന് സമീപം താമസിക്കുന്ന വിശ്വനാഥൻെറ ഫോൺ നമ്പ൪: 39515494.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.