തൊഴിലുടമ വാക്ക് പാലിച്ചു; ജോലിക്കിടെ കൈയറ്റ ദിലീഷ് വിദഗ്ധ ചികില്‍സക്ക് നാട്ടിലേക്ക് മടങ്ങി

അൽഖോബാ൪: ദഹ്റാനിൽ ജോലിക്കിടെ ക്രഷ൪ ബെൽറ്റിൽ കുടുങ്ങി കൈ മുട്ടിന് താഴെ അറ്റുപോയ കൊല്ലം ചവറ സ്വദേശി ദിലീഷിന് സ്വദേശിയായ തൊഴിലുടമ നൽകിയ ഉറപ്പ് പാലിച്ചു. വിദഗ്ധ ചികിൽസക്കും കൃത്രിമ കൈ വെക്കാനുമായി ദിലീഷ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു. ക്രഷ൪ കമ്പനിയായ അൽ ശഹ്റൂത്തിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ദിലീഷിന് ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. കരിങ്കൽ ക്രഷ൪ മെഷീനിൻെറ ബെൽറ്റ് തകരാറിലായപ്പോൾ വാഹനത്തിൽ നിന്നിറങ്ങി കൂടെയുള്ള നേപ്പാളി തൊഴിലാളിക്കൊപ്പം ബെൽറ്റ് ശരിയാക്കുന്നതിനിടെയാണ് അപകടം.
അപകടത്തിൽ പെട്ട് ദിലീഷിൻെറ കൈയറ്റ വാ൪ത്ത 2011 സെപ്തംബ൪ 15ന് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. വാ൪ത്ത കണ്ടതിൻെറ അടിസ്ഥാനത്തിൽ സാമൂഹിക പ്രവ൪ത്തക൪ ‘ഗൾഫ് മാധ്യമം’ വഴി ദിലീഷിനെ ബന്ധപ്പെടുകയായിരുന്നു. കൃത്രിമ കൈ വെച്ചു പിടിപ്പിക്കാൻ ഇവിടെ നിന്ന് ശ്രമം നടത്തിയെങ്കിലും യോജിച്ചത് ലഭ്യമായില്ല. തുട൪ന്ന് നാട്ടിൽ വെച്ച് കൃത്രിമ കൈ ഘടിപ്പിക്കാനും ചികിൽസക്കും ദിലീഷ് ആവശ്യപ്പെട്ട തുക സ്പോൺസ൪ നൽകുകയായിരുന്നു. അപകടം നടന്ന ശേഷം ആറ് മാസത്തോളം ബുദ്ധിമുട്ടുള്ള ജോലികളിൽ നിന്ന് ഒഴിവാക്കി വിശ്രമം നൽകുകയും കൃത്യമായി ശമ്പളം നൽകുകയും ചെയ്തിരുന്നു. കമ്പനി ഇയാൾക്ക് ആറ് മാസത്തെ അവധിയും നൽകിയിട്ടുണ്ട്. തിരികെ വന്നാൽ അനുയോജ്യമായ ജോലി നൽകാമെന്നും ദിലീഷിന് ഉറപ്പ് കൊടുത്തു. ദിലീഷിനു വേണ്ട സഹായങ്ങൾക്ക് ചുക്കാൻ പിടിച്ചത് സാമൂഹിക പ്രവ൪ത്തകനും ഒ.ഐ.സി.സി കൊല്ലം ജില്ലാ പ്രസിഡൻറുമായ നൗഷാദ് തഴവയാണ്. തുട൪ ചികിൽസക്ക് സഹായിക്കാൻ നാട്ടിൽ മുൻ ബ്ളോക്ക്പഞ്ചായത്ത് പ്രസിഡൻറ് ചവറ എസ്.എ. സലാമിനെ ഏ൪പ്പാടാക്കിയിട്ടുണ്ടെന്ന് നൗഷാദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.  ദിലീഷിൻെറ കമ്പനി ജീവനക്കാരനായ ഈജിപ്ഷ്യൻ സ്വദേശികളും, സുഹൃത്തുക്കളായ രവി കോട്ടയം, രവി മുല്ലപ്പള്ളി, പ്രസാദ്, ശഫീഖ്, വിനോദ് വിജയൻ എന്നവരും സഹായങ്ങൾ നൽകിയിട്ടുണ്ട്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.