വാള്‍ ചൂണ്ടി കൊള്ളയടി പരമ്പര മലയാളികളുടെ രണ്ട് ബഖാലകള്‍ കവര്‍ച്ചക്കിരയായി

റിയാദ്: നഗരത്തിൻെറ രണ്ട് ഭാഗങ്ങളിലായി ഒരേ ദിവസം ഒരു മണിക്കൂ൪ ഇടവേളയിൽ ഒരേ രീതിയിൽ അരങ്ങേറിയ വാൾ ചൂണ്ടി ഭീഷണിപ്പെടുത്തിയുള്ള കൊള്ളയടിയിൽ മലയാളികൾ നടത്തുന്ന രണ്ട് ബഖാലകൾ കവ൪ച്ചക്കിരയായി.
സുലൈമാനിയയിലും റൗദയിലുമായി ബുധനാഴ്ച രാത്രി 10.30 നുശേഷം നടന്ന സംഭവങ്ങളിൽ പണവും ടെലിഫോൺ കാ൪ഡുകളും മൊബൈൽ ഫോണുകളുമാണ് നഷ്ടപ്പെട്ടത്.  രണ്ടിടത്തും സമാന രീതിയിൽ അരങ്ങേറിയ സംഭവങ്ങൾ കാറിലെത്തിയ നാലംഗ സംഘമാണ് നടത്തിയത്.
 സുലൈമാനിയയിലെ ഹയ്യുൽ വറൂദിൽ ബുധനാഴ്ച രാത്രി 10.30ഓടെ നടന്ന സംഭവത്തിൽ കടയിലെ ജീവനക്കാരായ കായംകുളം സ്വദേശികളായ ഷാജി റസാഖ്, സമീ൪ എന്നിവരെ വാൾ മുനമ്പിൽ നിറുത്തിയാണ് 3000 റിയാലിൻെറ ടെലിഫോൺ റീചാ൪ജിങ് കാ൪ഡുകൾ, 1000 റിയാൽ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ അപഹരിച്ചത്.  കാപ്രീസ് കാറിലെത്തിയ അറബ് വേഷം ധരിച്ച നാലംഗ സംഘമാണ്  നീളമുള്ള വാൾ, കമ്പിപ്പാര എന്നിവയുമായി കടയിൽ കടന്നുകയറി അതിക്രമം കാണിച്ചതെന്ന് അതിക്രമത്തിനിരയായവ൪ പറഞ്ഞു. ഇരുവരുടേയും നെറ്റിയിൽ വാളുകൾ കൊണ്ടു കുത്തി ഭയപ്പെടുത്തി കൗണ്ടറിൽനിന്ന് പുറത്തേക്ക് ഓടിച്ച ശേഷം മേശ വലിപ്പിലുണ്ടായിരുന്നവ വാരിയെടുക്കുകയായിരുന്നു. അഞ്ച് മിനുട്ടിനുള്ളിൽ കൃത്യം നി൪വഹിച്ച് കവ൪ച്ച സംഘം കാറിൽ കയറി രക്ഷപ്പെട്ടു. ഒലയ പൊലീസിൽ പരാതി നൽകി.
 അതേ ദിവസം രാത്രി 11ന് ശേഷമാണ് നാലംഗ സംഘം റൗദ എക്സിറ്റ് 10ലെ ബഖാലയിലെത്തി ജീവനക്കാരായ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ അനീസ്, മനാഫ്, സലാഹുദ്ദീൻ എന്നിവരുടെ കഴുത്തിൽ വാളും ചെറിയ കത്തികളും ചേ൪ത്തുപിടിച്ച് കൊള്ളയടിച്ചത്. മേശവലിപ്പ് അപ്പാടെ ഊരിയെടുത്തുകൊണ്ടുപോവുകയായിരുന്നു. കടയടക്കുന്ന സമയം അടുത്തതിനാൽ അന്നത്തെ കളക്ഷൻ എണ്ണാനുള്ള ഒരുക്കത്തിലായിരുന്നു.
 5000 ലേറെ റിയാൽ മേശവലിപ്പിലുണ്ടായിരുന്നു. 2000ത്തോളം റിയാലിൻെറ ടെലിഫോൺ റീചാ൪ജിങ് കാ൪ഡുകളും അത്രയും തുകയുടെ സിഗരറ്റുകളും കൂട്ടത്തിൽ നഷ്ടമായി. റൗദ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. നാലു വ൪ഷത്തിനിടെ നാലാമത്തെ തവണയാണത്രെ ഈ കട കൊള്ളയടിക്കപ്പെടുന്നത്. എല്ലാം സമാന രീതിയിലുള്ളതായിരുന്നു. മൂന്നു മാസം മുമ്പ് ഒടുവിൽ കൊള്ളയടി നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.