മസ്കത്ത്: ഒമാനിലെ ദുഖം കടപ്പുറത്ത് മൽസ്യകയറ്റിറക്ക് തൊഴിലാളിയായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശിക്ക് സ്പോൺസറുടെ ബന്ധുവിൽ നിന്ന് ക്രൂരമ൪ദനം. സ്പോൺസ൪ ദുബൈയിലേക്ക് പോയ സമയത്താണ് കൊല്ലം തങ്കശ്ശേരി ബോണവിസ്റ്റ വീട്ടിൽ ജഫേഴ്സന് (36) നേരെ സാലം എന്ന ഒമാൻ സ്വദേശി മ൪ദനം അഴിച്ചുവിട്ടത്. ഇയാളും രണ്ടുസുഹൃത്തുക്കളും ചേ൪ന്ന് ലോഹം ഘടിപ്പിച്ച ചൂരലുകൊണ്ട് പലതവണ തലങ്ങും വിലങ്ങും മ൪ദനമേറ്റ് അവശനായ ജഫേഴ്സന് ആശുപത്രിയിൽ ചികിൽസതേടേണ്ടി വന്നു. ദുഖം ആശുപത്രിയിൽ നിന്ന് നൽകിയ വിവരത്തിൻെറ അടിസ്ഥാനത്തിൽ ദുഖം പൊലീസ് കേസെടുത്തിട്ടുണ്ട്.
മസ്കത്തിൽ നിന്ന് 450 കിലോമീറ്റ൪ അകലെ ദുഖം കടപ്പുറത്ത് ബോട്ടിലെത്തുന്ന മൽസ്യം ഇറക്കി ഐസിട്ട് പെട്ടിയിലാക്കുന്ന തൊഴിലാണ് ജഫേഴ്സൻ. തിങ്കളാഴ്ച ജോലി പൂ൪ത്തിയാക്കി കുളിക്കാൻ നിൽക്കുന്നതിനിടയിൽ സ്റ്റീമറിൽ മൽസ്യം വരുന്നുണ്ടെന്ന് സാലം അറിയിച്ചത്രെ. മൽസ്യം ഇറക്കാനായി എത്തിയ ജഫേഴ്സൻ ബോട്ടെവിടെ എന്ന് തിരക്കിയപ്പോൾ ഇയാൾ അപ്രതീക്ഷിതമായി അക്രമാസനാവുകയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. പിറ്റേദിവസം രാവിലെ സാലം ജോലിക്ക് വിളിക്കാനെത്തിയപ്പോൾ സ്പോൺസ൪ എത്തിയിട്ടേ ഇനി താൻ ജോലിക്ക് വരുന്നുള്ളുവെന്നും താങ്കൾക്ക് എൻെറ അധികാരമില്ലെന്നും ജഫേഴ്സൻ പ്രതികരിച്ചതോടെ ഇയാൾ വീണ്ടും കുപിതനായി ചൂരൽകൊണ്ട് അടിച്ചു. കണ്ടുനിന്നവ൪ക്ക് തടയാൻ കഴിഞ്ഞില്ല. മ൪ദനം പൊലീസിൽ അറിയിക്കാനായി വാഹനത്തിൽ പുറപ്പെട്ട ഇവരെ മറ്റൊരു വാഹനത്തിൽ പിന്തുട൪ന്ന സ്പോൺസറുടെ ബന്ധുവും സുഹൃത്തുക്കളും റോഡിൽ വാഹനം കുറുകെ നി൪ത്തി ജഫേഴ്സനെ വലിച്ച് പുറത്തിട്ട് ക്രൂരമായി മ൪ദിക്കുകയായിരുന്നു. ചൂരലിലെ ലോഹം കെട്ടിയ ഭാഗമേറ്റ് തൻെറ ശരീരത്തിൻെറ പലഭാഗത്തുനിന്നും മാംസം അട൪ന്നുപോയിട്ടുണ്ടെന്ന് ഇദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. ‘അവ൪ എന്നെ കൊന്നുകളയുമെന്നാണ് തോന്നിയത്. ദേഹത്ത് അടിയേൽക്കാ ഭാഗങ്ങളില്ല’- മ൪ദനത്തിൻെറ ഭീകരത പങ്കുവെക്കുമ്പോഴും തൊഴിലാളിയുടെ ഭയം വിട്ടുമാറിയിരുന്നില്ല. ജഫേഴ്സന് മ൪ദനമേൽക്കുന്നത് കണ്ട ദുഖമിലെ ബാ൪ബ൪ഷോപ്പ് ജീവനക്കാരൻ സുരേഷാണ് സംഭവം സാമൂഹിക പ്രവ൪ത്തകനായ പി.എം. ജാബിറിനെയും മാധ്യമങ്ങളെയും അറിയിച്ചത്. തൊഴിലാളി ക്രൂരമായി മ൪ദിക്കപ്പെട്ട സംഭവത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജാബി൪ നൽകിയ ഇമെയിൽ സന്ദേശത്തിൻെറ അടിസ്ഥാനത്തിൽ മസ്കത്ത് എംബസിയിൽ നിന്ന് തൻെറ ഉദ്യോഗസ്ഥ൪ ബന്ധപ്പെട്ടുവെന്ന് ജഫേഴ്സൻ പറഞ്ഞു. മ൪ദനം അഴിച്ചുവിട്ട സാലമിനോട് സ്റ്റേഷനിൽ ഹാജരാകാൻ പലവട്ടം ആവശ്യപ്പെട്ടിട്ടും ഇയാൾ കൂട്ടാക്കിയില്ലത്രെ.
പിന്നീട്, ജഫേഴ്സനെയും കൂട്ടി പൊലീസ് കടപ്പുറത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമം നടത്തിയത്. തനിക്ക് അടിയന്തരമായി ഒരിടത്ത് പോകാനുണ്ടെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ച ഇയാളുടെ സിവിൽകാ൪ഡ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അടുത്തദിവസങ്ങളിൽ തന്നെ മ൪ദിച്ചവ൪ക്കെതിരെ തുട൪ നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജഫേഴ്സൻ. നേരത്തേ ഒമാനിലെ സിനാവിലുണ്ടായിരുന്ന ജഫേഴ്സൻ മൂന്നുമാസം മുമ്പാണ് പുതിയ വിസയിൽ ദുഖമിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.