ഇന്ത്യന്‍ സ്കൂള്‍ സീറ്റ് അലോട്ട്മെന്‍റ് തുടങ്ങി; രക്ഷിതാക്കളില്‍ നിന്ന് പരാതി പ്രവാഹം

മസ്കത്ത്: കാപിറ്റൽ ഏരിയയിലെ ആറ് ഇന്ത്യൻ സ്കൂളുകളിലേക്ക് ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷനൽകിയ വിദ്യാ൪ഥികൾക്കുള്ള സീറ്റ് അലോട്ട്മെൻറ് തുടങ്ങി. കമ്പ്യൂട്ട൪ നറുക്കെടുപ്പിലൂടെ സീറ്റ് ലഭിച്ച സ്കൂളിൻെറ വിവരങ്ങൾ ചൊവ്വാഴ്ച അ൪ധരാത്രി മുതലാണ് എസ്.എം.എസ് വഴിയും, ഇ-മെയിൽ വഴിയും രക്ഷിതാക്കൾക്ക് ലഭിച്ചു തുടങ്ങിയത്. അതേസമയം, തങ്ങൾക്ക് സൗകര്യപ്രദമായ സ്കൂളിൽ പ്രവേശനം ലഭിച്ചില്ലെന്ന പരാതിയുമായി നിരവധി രക്ഷക൪ത്താക്കൾ രംഗത്തെത്തി കഴിഞ്ഞു.
എന്നാൽ, അപേക്ഷിച്ച മുഴുവൻ പേ൪ക്കും ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം നൽകുക എന്നതിനാണ് മുൻഗണന നൽകിയതെന്നും സീറ്റ് അലോട്ട്മെൻറ് പൂ൪ണമായും കമ്പ്യൂട്ടറിൻെറ റാൻഡം നറുക്കെടുപ്പായിരുന്നുവെന്നും ഒമാനിലെ ഇന്ത്യൻ സ്കൂൾസ് ഡയറക്ട൪ ബോ൪ഡ് ചെയ൪മാൻ ടോണി ജോ൪ജ് അലക്സാൻഡ൪ വ്യക്തമാക്കി. 4100 ഒഴിവിലേക്ക് അപേക്ഷ നൽകിയ 4382 പേ൪ക്ക് അവസരം നൽകുന്നതിനായിരുന്നു പ്രഥമ പരിഗണന. ഈ സാഹചര്യത്തിൽ എല്ലാ രക്ഷിതാക്കൾക്കും അവ൪ മുൻഗണന നൽകിയ സ്കൂളിൽ പ്രവേശനം നൽകാൻ കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തിൽ അത് അസാധ്യമാണെന്നും ചെയ൪മാൻ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. പക്ഷെ, തികച്ചും അപ്രായോഗികമായ സ്കൂളിലാണ് തൻെറ കുഞ്ഞിന് കെ.ജി. വൺ ക്ളാസിൽ സീറ്റ് ലഭിച്ചിരിക്കുന്നതെന്ന് രക്ഷിതാക്കളിലൊരാളയ തൃശൂ൪ എടുത്തിരുത്തി സ്വദേശി നജീബ് കെ. മൊയ്തീൻ ചൂണ്ടിക്കാട്ടി. വാദികബീ൪ ഇന്ത്യൻ സ്കൂളിന് തൊട്ടരികിൽ താമസിക്കുന്ന ഇദ്ദേഹത്തിൻെറ കുട്ടിക്ക് കിലോമീറ്ററുകൾ അകലെ മബേല ഇന്ത്യൻ സ്കൂളിലാണ് പ്രവേശനം ലഭിച്ചത്. മബേല ഇന്ത്യൻ സ്കൂൾ താൻ മുൻഗണനാക്രമത്തിൽ നൽകിയിട്ടുപോലുമില്ല. ഈ സാഹചര്യത്തിൽ സ്വകാര്യനഴ്സറി സ്കൂൾ മാത്രമേ തൻെറ മുന്നിൽ പോംവഴിയുള്ളു എന്ന് ചൂണ്ടിക്കാട്ടുന്നു നജീബ്.
വാദികബീറിൽ താമസിക്കുന്ന കെ. ലാജുദ്ദീൻെറ രണ്ട് പെൺമക്കൾക്കും വ്യത്യസ്ത സ്കൂളിലാണ് പ്രവേശനം ലഭിച്ചത്. മൂന്നാം ക്ളാസുകാരിക്ക് ഇന്ത്യൻ സ്കൂൾ മസ്കത്തിൽ അഡ്മിഷൻ ലഭിച്ചപ്പോൾ, എഴാം ക്ളാസുകാരിക്ക് മബേലയിലാണ് പ്രവേശനം ലഭിച്ചത്. ഇവ൪ വാദികബീ൪ ഇന്ത്യൻ സ്കൂളിലെ പൂ൪വവിദ്യാ൪ഥികളായിരുന്നു. ഒരുവ൪ഷം നാട്ടിൽ നിന്ന് തിരിച്ചുവന്നപ്പോഴാണ് പുതിയ പ്രവേശനം വേണ്ടി വന്നത്. ഇത്തരം പരിഗണനകൾ കമ്പ്യൂട്ട൪ നറുക്കെടുപ്പിൽ ലഭിക്കുന്നില്ല എന്നത് പോരായ്മയായി രക്ഷിതാക്കൾ പറയുന്നു.
സൊഹാറിൽ നിന്ന് മസ്കത്തിലേക്ക് സ്ഥലമാറ്റം ലഭിച്ചപ്പോൾ സൊഹാ൪ സ്കൂളിൻെറ മാനേജ്മെൻറിന് കീഴിലുള്ള വാദികബീ൪ ഇന്ത്യൻ സ്കൂളിൽ പ്രവേശനത്തിന് ആഗ്രഹിച്ച തമിഴ്നാട് സ്വദേശിയായ സെയിൽസ് എക്സിക്യൂട്ടീവിനും നിരാശയായിരുന്നു ഫലം.
അലോട്ട്മെൻറ് ലഭിച്ച വിദ്യാ൪ഥികൾക്ക് ഈമാസം 17 മുതൽ അതാത് സ്കൂളിൽ ഫീസടക്കാം. ഏപ്രിൽ ഒന്നിന് മുമ്പ് ഫീസടക്കാത്ത വിദ്യാ൪ഥികളുടെ പ്രവേശനം റദ്ദായതായി കണക്കാക്കും.
ഈ ഒഴിവുകളിൽ വെയ്റ്റിങ്ലിസ്റ്റിലുള്ള വിദ്യാ൪ഥികൾക്ക് പ്രവേശനം നൽകുമെന്നും ബോ൪ഡ് ഓഫ് ഡയറക്ടേഴ്സിൻെറ വെബ്സൈറ്റ് വ്യക്തമാക്കുന്നു. കഴിഞ്ഞവ൪ഷം ഡിസംബ൪ 31ന് മുമ്പ് പ്രവേശനം നേടിയ വിദ്യാ൪ഥികൾക്ക് കാപിറ്റൽ ഏരിയയിലെ ആറ് സ്കൂളുകളിലൊന്നിൽ ഇൻറ൪ട്രാൻസ്ഫ൪ ആവശ്യമാണെങ്കിൽ ഈമാസം 17 മുതൽ 25 വരെ ഓൺലൈൻ വഴി രജിസ്റ്റ൪ ചെയ്യണം. പുതുതായി പ്രവേശനം നേടിയവ൪ക്ക് ഇൻറ൪ട്രാൻസ്ഫ൪ സംവിധാനം ഇല്ല. നിലവിൽ അപേക്ഷനൽകാത്ത വിദ്യാ൪ഥികൾക്ക് ഭാവിയിലുണ്ടാകുന്ന ഒഴിവിലേക്കും വെയ്റ്റിങ് ലിസ്റ്റിലേക്കും അവസരം നൽകുന്നതിന് ഈമാസം 17 മുതൽ 25 വരെ ഓൺലൈനിൽ സൗകര്യമുണ്ടാകും. കെ.ജി.വൺ മുതൽ പ്ളസ്ടുവരെ ക്ളാസുകളിലേക്ക് ഈ സമയം അപേക്ഷനൽകാം. വിവരങ്ങൾക്ക് www.indianschoolsoman.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.