ഇന്ത്യന്‍ സ്കൂള്‍ അധികൃതരുടെ ഏകാധിപത്യ നടപടിയില്‍ മന്ത്രി അഹമ്മദ് രോഷം പ്രകടിപ്പിച്ചു

ജിദ്ദ: അധ്യാപകന്മാരുടെ നിയമന-പിരിച്ചുവിടൽ കാര്യത്തിൽ ഇന്ത്യൻ സ്കൂൾ അധികൃത൪ കാണിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതയിൽ വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് രോഷം പ്രകടിപ്പിച്ചു.
ജിദ്ദ ഇന്ത്യൻ സ്കൂളിലെ ഒരു അധ്യാപികയിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാവണം ഈ വിഷയത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ തീ൪ത്തും സ്വേച്ഛാധിപത്യപരമായ നടപടിക്കെതിരെ മന്ത്രി പൊട്ടിത്തെറിച്ചത്. ഒരു വ൪ഷം ജോലി ചെയ്ത അധ്യാപികയോട് അവധിക്ക് നാട്ടിൽ പോയ സമയത്ത് ഇനി തിരിച്ചുവരേണ്ട എന്ന് പറയുന്നത് എന്തിൻെറ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. സൗദിയിലാണെങ്കിലും ‘ഇന്ത്യൻ സ്കൂൾ ’ എന്ന ലേബലിലാണല്ലൊ ഇതൊക്കെ. ഇത്തരം വിഷയങ്ങളിൽ ഉചിതമായ തീരുമാനം എടുക്കണമെന്ന് കോൺസൽ ജനറലിനേട് അദ്ദേഹം നി൪ദേശിച്ചു.
സൗദിയിലെ ഇന്ത്യൻ സ്കൂളുകളിൽ ഇതുവരെ നിലനിന്ന ജനാധിപത്യവിരുദ്ധ ഭരണസമിതികളെ കുറിച്ച് അതോടെ മാധ്യമപ്രവ൪ത്തക൪ മന്ത്രിയോട് വിശദീകരിച്ചു. മുൻ അംബാസഡ൪ തൽമീസ് അഹ്മദ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച്, നോമിനേറ്റഡ് കമ്മിറ്റിയെ നിയമിച്ചതും ജിദ്ദ ഇന്ത്യൻ സ്കൂൾ റിയാദ് എംബസിയുടെ  കീഴിൽ കൊണ്ടുവന്നതും വിശദീകരിക്കപ്പെട്ടു.  കോൺസൽ ജനറലിന് ജിദ്ദ സ്കൂളിൻെറമേൽ യാതൊരു അധികാരവുമില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രി അദ്ഭുതം കൂറി. സ്കൂൾ ചെയ൪മാൻ  മന്ത്രിയെ കാണാൻ വരുന്നുണ്ടെന്ന് കോൺസൽ ജനറൽ അദ്ദേഹത്തോട് പറഞ്ഞു. താൻ കേന്ദ്രത്തിൽ വിദ്യാഭ്യാസമന്ത്രിയാണെന്ന കാര്യം മറക്കേണ്ട എന്ന് അഹമ്മദ് തമാശ രൂപേണയാണെങ്കിലും ഓ൪മിപ്പിച്ചു.ഇത്തരം വിഷയങ്ങളൊന്നും വകുപ്പ് മന്ത്രിയെ പോലും ബോധ്യപ്പെടുത്താൻ ഇവിടുത്തെ കൂട്ടായ്മകളോ ഉത്തരവാദപ്പെട്ട വ്യക്തികളോ ശ്രമിച്ചിട്ടില്ല്ള എന്നാണ് അഹമ്മദിൻെറ പ്രതികരണത്തിൽനിന്ന് വ്യക്തമാകുന്നത്.
20ലക്ഷം ഇന്ത്യക്കാ൪ ജോലിയെടുക്കുന്ന സൗദിയിലെ ഇന്ത്യൻ മിഷനിൽ ആവശ്യമായ മാനവശേഷി ഇല്ലാത്തതിൻെറ പ്രയാസങ്ങളും മാധ്യമപ്രവ൪ത്തക൪ മന്ത്രിയുടെ മുമ്പാകെ നിരത്തി. പുതിയ നിയമനങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു. ഹജ്ജിൻെറ മാത്രം കാര്യത്തിന് വന്നത് കൊണ്ട് രാഷ്ട്രീയമൊന്നും പറയുന്നില്ലെന്ന് ഇ.അഹമ്മദും സീനിയ൪ കോൺഗ്രസ് നേതാവ് കൂടിയായ മുഹ്സിന കിദ്വായിയും വ്യക്തമാക്കി. അതേസമയം, ചൊവ്വാഴ്ച ദൽഹിയിൽ നടന്ന പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് മന്ത്രി ചോദിച്ചറിയുന്നുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.