പതുക്കെയെങ്കിലും മലയാള സിനിമയില്‍ മാറ്റത്തിന്‍െറ സൂചനകള്‍: എം.എ. നിഷാദ്

ദുബൈ: ഹിന്ദിയിലെയും തമിഴിലെയും ആസ്വാദന നിലവാരം ഉയരുന്നത് വെച്ചു നോക്കുമ്പോൾ പതുക്കെയാണെന്ന് തോന്നുമെങ്കിലും മലയാള സിനിമയിൽ മാറ്റത്തിൻെറ സൂചനകൾ കണ്ടുവരുന്നുണ്ടെന്ന് സംവിധായകൻ എം.എ. നിഷാദ് അഭിപ്രായപ്പെട്ടു. ചെറുപ്പക്കാരായ പ്രതിഭകൾ മടിച്ചുനിൽക്കാതെ രംഗത്തുവരേണ്ട സമയമാണ്. സിനിമയെ വിജയിപ്പിക്കുന്നതിൽ നി൪ണായകഘടകമായ യുവാക്കൾ മാറ്റം ആഗ്രഹിക്കുന്നവരാണെന്നതിന് ഈയിടെ തെളിവുകൾ ഉണ്ടായിട്ടുണ്ട്. താരാധിപത്യത്തേക്കാളുപരി കാമ്പുള്ള സിനിമകളെ പ്രോൽസാഹിപ്പിക്കുന്ന അവസ്ഥ തിരിച്ചുവന്നിട്ടുണ്ട്. വിഭാഗീയതകൾക്കതീതമായി സമൂഹനേ൪ക്കാഴ്ചകളും മൂല്യങ്ങളും കല൪പ്പില്ലാതെ അവതരിപ്പിക്കാനാകണം.     
സമൂഹത്തോട് നീതി പുല൪ത്തുന്ന സിനിമകളെ ഇഷ്ടപ്പെടുന്ന ആസ്വാദകസമൂഹം തിരിച്ചുവരുന്നുണ്ടെന്നും നിഷാദ് ചൂണ്ടിക്കാട്ടി.
നല്ല കാഴ്ചപ്പാടുള്ള കലാകാരന്മാ൪ ധൈര്യപൂ൪വം രംഗത്തുവരികയാണെങ്കിൽ മലയാള സിനിമയുടെ വസന്തകാലം തിരിച്ചുവരും. വ്യത്യസ്തമായ പ്രമേയങ്ങൾ യുവാക്കളെ ആക൪ഷിക്കുന്നുണ്ട്. കലാമൂല്യമില്ലാത്ത ചില ചിത്രങ്ങൾ വിജയിച്ചതിന് കാരണം സിനിമാരംഗത്തെ മോശം പ്രവണതകളോടുള്ള പ്രേക്ഷകരുടെ വിപരീത പ്രതികരണമായിരുന്നെന്നും അത് നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നമ്പ൪ 66 മധുര ബസ്’ എന്ന തൻെറ ആറാമത്തെ ചിത്രം മേയിൽ റിലീസ് ചെയ്യാനിരിക്കെ ദുബൈയിലെത്തിയ നിഷാദ് ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. ശരികളോട് പ്രതിബദ്ധതയുള്ള ചിത്രങ്ങൾ സാമ്പത്തികനേട്ടമുണ്ടാക്കുന്നതിലല്ല, ആസ്വാദകമനസ്സ് പിടിച്ചുപറ്റുന്നതിലാണ് വിജയിക്കുന്നത്. യാഥാ൪ഥ്യങ്ങൾ വെള്ളിത്തിരയിലേക്ക് പക൪ത്തുമ്പോൾ പൊതുസമൂഹം സ്വീകരിക്കുമോ നിരാകരിക്കുമോ എന്ന ചിന്ത അലട്ടാറില്ല. ജീവിക്കുന്ന കഥകൾ പ്രമേയങ്ങളാക്കാൻ തനിക്ക് സാധിക്കുന്നതും ഇതുകൊണ്ടാണ്.
ലോക സിനിമയിൽ യുവാക്കളുടെ സാന്നിധ്യം വ൪ധിച്ചിട്ടും വള൪ന്നുവരുന്ന തലമുറയെ പ്രോൽസാഹിപ്പിക്കുന്ന പ്രവണത മലയാളത്തിലില്ല.
എങ്കിലും താൻ അതിന് ഇരയായിട്ടില്ല. മലയാള സിനിമയിൽ ഇടക്കാലത്തുണ്ടായ അഹങ്കാരികളായ യുവതാരങ്ങളുടെ നിലപാടുകൾക്കെതിരെയുള്ള ആസ്വാദകരുടെ അമ൪ഷമാണ് സന്തോഷ് പണ്ഡിറ്റിനെ പോലുള്ളവ൪ക്ക് അനുകൂലമായത്. അല്ലാതെ, ആ സിനിമയെ മലയാളികൾ അംഗീകരിച്ചതല്ല. ചെറുപ്പക്കാരായ കലാകാരന്മാരെ കണ്ടെത്തി വള൪ത്താനുള്ള ശ്രമം താൻ നടത്താറുണ്ട്. കക്ഷി രാഷ്ട്രീയത്തിൽ പ്രവത്തിക്കാൻ താൽപര്യമില്ലെന്നും സിനിമയാണ് തൻെറ രാഷ്ട്രീയമെന്നും നേരത്തെ സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്ന നിഷാദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.