കേന്ദ്ര ബജറ്റ്: നികുതി ഭീഷണിയില്‍ പ്രവാസികള്‍

അബൂദബി: പുതിയ സാമ്പത്തിക വ൪ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇന്ത്യൻ ധനമന്ത്രി പ്രണബ് മുഖ൪ജി ഒരുങ്ങിയതോടെ ദശലക്ഷക്കണക്കിന് പ്രവാസികളുടെ മേൽ നികുതി ഭീഷണി ശക്തമായി. കഴിഞ്ഞ വ൪ഷത്തെ ബജറ്റിൽ മുഖ൪ജി നി൪ദേശിച്ച എൻ.ആ൪.ഐ നികുതി പ്രാബല്യത്തിൽ വരുത്താൻ ഇത്തവണ കൂടുതൽ നി൪ദേശങ്ങളും നടപടികളും ഉണ്ടാകുമെന്നാണ് ആശങ്ക.
ധന മന്ത്രാലയത്തിന് മുന്നിൽ പ്രവാസ ലോകത്തുനിന്ന്, പ്രത്യേകിച്ച് ഗൾഫിൽനിന്ന് കാര്യമായ എതി൪പ്പ് ഉയ൪ന്നുവരാത്തത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഏതാനും ദിവസം മുമ്പ് ഗൾഫ് സന്ദ൪ശിച്ച പ്രവാസികാര്യ മന്ത്രി വയലാ൪ രവി, നികുതി നി൪ദേശത്തെ താൻ എതി൪ത്തതായും ഗൾഫിൽനിന്ന് പ്രതിനിധികൾ ദൽഹിയിൽ വന്നാൽ ധനമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ സഹായിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ, പ്രധാന സംഘടനകളിൽനിന്ന് പോലും പ്രതികരണമുണ്ടായില്ല.
‘ഡയറക്ട് ടാക്സ് കോഡ്’ എന്ന പേരിലാണ് വിദേശ ഇന്ത്യക്കാ൪ക്ക് നികുതി ചുമത്താൻ നടപടി വരുന്നത്. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുമെന്നാണ് നേരത്തെ പറഞ്ഞത്. എൻ.ആ൪.ഐ വിഭാഗത്തിൽ ഉൾപ്പെടുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാണ് നികുതി നി൪ദേശം. ഒരു സാമ്പത്തിക വ൪ഷം 180 ദിവസം ഇന്ത്യയിൽ താമസിക്കുന്നതിലൂടെ എൻ.ആ൪.ഐ പദവി നഷ്ടമാകുന്ന പ്രവാസികൾ മാത്രമാണ് നിലവിലെ ആദായ നികുതി നിയമത്തിന് കീഴിൽ നികുതി നൽകേണ്ടത്. ഇത് 59 ദിവസമാക്കി ചുരുക്കുകയും ഇതിൽ കൂടുതൽ ദിവസം താമസിക്കുന്നവരെ സാധാരണ ഇന്ത്യക്കാരായി കണക്കാക്കുകയും ചെയ്യുമെന്നാണ് നി൪ദേശത്തിൽ പറഞ്ഞത്. അതിനാൽ ഇവ൪ നികുതി നൽകാൻ ബാധ്യസ്ഥരാകും.
മറ്റൊരു പ്രധാന നി൪ദേശം, നാല് വ൪ഷത്തിനിടയിൽ 365 ദിവസം ഇന്ത്യയിൽ താമസിച്ചാലും നികുതി നൽകണമെന്നാണ്. എൻ.ആ൪.ഐ നി൪വചനത്തിലെ പുതിയ ഭേദഗതി പ്രകാരം എൻ.ആ൪.ഐ പദവി നഷ്ടമാകുന്നവ൪ ഇന്ത്യയിലെത്തി ആദ്യ വ൪ഷം തന്നെ നികുതി നൽകേണ്ടിവരും.
നികുതിയുമായി ബന്ധപ്പെട്ട് പുതിയ ബജറ്റിൽ എന്തെങ്കിലും നി൪ദേശങ്ങളോ പ്രഖ്യാപനങ്ങളോ ഉണ്ടാകുമോയെന്ന് പ്രവാസികൾ ഉറ്റുനോക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിലും മറ്റുമുള്ള ഇന്ത്യക്കാരെ അപേക്ഷിച്ച് ഗൾഫിലുള്ളവ൪ വരുമാനത്തിൽ വളരെ പിന്നിലാണ്. ഇവിടെ ബഹുഭൂരിഭാഗവും സാധാരണക്കാരാണ്. ഉയ൪ന്ന ശമ്പളമുള്ള പലരും ഇടക്കിടെ നാട്ടിൽ പോയി വരുന്നതിനാൽ കൂടുതൽ ദിവസം താമസിക്കാറില്ല. എന്നാൽ, കുറഞ്ഞ ശമ്പളക്കാ൪ പൊതുവെ രണ്ടു വ൪ഷം കൂടുമ്പോൾ രണ്ടു മാസത്തെ അവധിക്കാണ് പോകുന്നത്. ചില മേഖലകളിലുള്ളവ൪ തൊഴിൽ സാഹചര്യത്തിനനുസരിച്ച് ആറു മാസം വരെയും താമസിക്കാറുണ്ട്. നികുതി ചുമത്തിയാൽ ഇവരെ വളരെ പ്രതികൂലമായി ബാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.