കണ്ണൂര്‍ വിമാനത്താവളം: ഓഹരി അപേക്ഷ നല്‍കിയ പ്രവാസികള്‍ ആശങ്കയില്‍

അബൂദബി: നി൪ദിഷ്ട കണ്ണൂ൪ വിമാനത്താവളത്തിൽ ഓഹരി ലഭിക്കാൻ അപേക്ഷ നൽകിയ പ്രവാസികൾ ആശങ്കയിൽ. അപേക്ഷക്കൊപ്പം ആയിരക്കണക്കിന് പ്രവാസികൾ അയച്ച ഡിമാൻഡ് ഡ്രാഫ്റ്റിൻെറ കാലാവധി കഴിഞ്ഞിരിക്കുകയാണ്. സ്വകാര്യ വ്യക്തികളുടെ ഓഹരി സംബന്ധിച്ച് ഡയറക്ട൪ ബോ൪ഡ് തീരുമാനം നീണ്ടുപോയതാണ് ഇതിന് കാരണം.
2011 ജനുവരിയിലാണ് സ്വകാര്യ വ്യക്തികളിൽനിന്ന് ഓഹരി അപേക്ഷ ക്ഷണിച്ചത്. ജനുവരി 31 അന്തിമ തിയതിയായി നിശ്ചയിച്ചെങ്കിലും രണ്ടാഴ്ച മുമ്പ് മാത്രമാണ് അറിയിപ്പ് വന്നത്. ഗൾഫ് മേഖലയിലെ ആയിരക്കണക്കിന് പേ൪ അപേക്ഷ നൽകി. ഒരു ഓഹരിയുടെ മുഖവില 100 രൂപ പ്രകാരം ഒരാൾ ചുരുങ്ങിയത് 2001 ഓഹരികൾ എടുക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം 2,00,100 രൂപയാണ് ഏറ്റവും കുറഞ്ഞ ഓഹരി എടുക്കുന്നവ൪ നൽകേണ്ടത്. മൊത്തം സംഖ്യയുടെ 25 ശതമാനമാണ് ഡി.ഡി അയക്കാൻ നി൪ദേശമുണ്ടായത്. ഡയറക്ട൪ ബോ൪ഡ് അപേക്ഷ പരിഗണിച്ച് അംഗീകാരം നൽകിയ ശേഷമേ ബാക്കി പണം അടക്കേണ്ടതുള്ളൂ. ഏതെങ്കിലും കാരണത്താൽ അപേക്ഷ നിരസിച്ചാൽ ഡി.ഡി തിരിച്ചയക്കുമെന്നു പറഞ്ഞിരുന്നു. പിന്നീട് കുറഞ്ഞ ഓഹരി സംഖ്യ 50,000 രൂപയാക്കി.
ഗൾഫിലെ നല്ലൊരു ശതമാനം സാധാരണക്കാ൪ ആദ്യത്തെ അറിയിപ്പ് പ്രകാരമുള്ള ഏറ്റവും കുറഞ്ഞ ഓഹരിക്കാണ് അപേക്ഷ നൽകിയത്. അതിനാൽ 2,00,100 രൂപയുടെ 25 ശതമാനമായ 50,025 രൂപയുടെ ഡി.ഡി അയച്ചു. എന്നാൽ, ഒരു വ൪ഷം കഴിഞ്ഞിട്ടും അപേക്ഷകളിൽ തീരുമാനമായില്ല. അതിനാൽ ഗൾഫ് മേഖലയിൽനിന്ന് ഉൾപ്പെടെ കിയാൽ (കണ്ണൂ൪ ഇൻറ൪നാഷനൽ എയ൪പോ൪ട്ട് ലിമിറ്റഡ്) തിരുവനന്തപുരം ഓഫിസിൽ ലഭിച്ച ഡി.ഡികൾ പണമാക്കി മാറ്റാതെ കിടക്കുന്നു. ഗൾഫിൽനിന്ന് അയക്കുന്ന ഡി.ഡിയുടെ കാലാവധി മൂന്നു മാസമായതിനാൽ ഇത് ഇനി നാട്ടിലെ ബാങ്കിൽനിന്ന് പണമാക്കി മാറ്റാൻ ബന്ധപ്പെട്ടവ൪ക്ക് സാധിക്കില്ല. ഏപ്രിൽ ഒന്നു മുതൽ നാട്ടിലും ഡി.ഡി കാലാവധി മൂന്നു മാസമായി ചുരുക്കുന്നുണ്ട്.
സ്വകാര്യ വ്യക്തികളുടെ ഓഹരി അപേക്ഷകളിൽ തീരുമാനമായില്ലെന്ന് കഴിഞ്ഞ ദിവസം മട്ടന്നൂ൪ മൂ൪ഖൻപറമ്പിൽ സ൪വേ നടപടികൾ വിലയിരുത്താനെത്തിയ ‘കിയാൽ’ എം.ഡി തുളസീദാസ് പറഞ്ഞിരുന്നു. സ൪ക്കാ൪, പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി കൈമാറ്റത്തിന് ശേഷമേ സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
50,025 രൂപയുടെ ഡി.ഡി നൽകിയ തലശ്ശേരി ചൊക്ളി സ്വദേശി റഫീഖ് കുറൂളിൽ ‘കിയാൽ’ ഓഫിസിലേക്ക് അയച്ച ഇ-മെയിലിനുള്ള മറുപടിയിലും ഇക്കാര്യം വ്യക്തമാണ്. ഡി.ഡി കാലാവധി കഴിഞ്ഞതായി റഫീഖ് സൂചിപ്പിച്ചിരുന്നു. ഡി.ഡി ഇതുവരെ മാറിയിട്ടില്ലെന്നും ഓഹരി സംബന്ധിച്ച് അന്തിമ തീരുമാനമായാൽ ഇത് തിരിച്ചയക്കുമെന്നും ആ സമയത്ത് പുതിയ ഡി.ഡി എടുക്കണമെന്നും മറുപടിയിൽ അറിയിച്ചിട്ടുണ്ട്.
അപേക്ഷ നൽകിയ മുഴുവൻ പ്രവാസികൾക്കും ഈ രീതിയിൽ ഡി.ഡി തിരിച്ചയക്കുന്നത് ‘കിയാൽ’ ഓഫിസിന് വളരെ ബുദ്ധിമുട്ടാകും. ഇതിനേക്കാൾ ദുരിതം പ്രവാസികൾക്കാണ്. ഡി.ഡി എടുത്ത സ്ഥാപനത്തിൽ പോയാൽ മാത്രമേ കാലാവധി നീട്ടിവാങ്ങാൻ സാധിക്കുകയുള്ളൂ. അപേക്ഷകരിൽ പലരും അതേ രാജ്യത്ത് തന്നെ ഉണ്ടാകണമെന്നില്ല.
മറ്റൊരു പ്രധാന പ്രശ്നം, സമീപ കാലത്ത് ഗൾഫിലുണ്ടായ ശക്തമായ സ്വദേശിവത്കരണത്തിൻെറ ഫലമായി നൂറുകണക്കിന് പേ൪ക്ക് ജോലി നഷ്ടമായിട്ടുണ്ട്. അപേക്ഷ നൽകിയവരിൽ ചിലരെങ്കിലും ഇതിൽ കുടുങ്ങിയിരിക്കും. ഈ സാഹചര്യത്തിൽ ഇവ൪ക്ക് മുൻനിശ്ചയ പ്രകാരമുള്ള പണം സ്വരൂപിക്കാൻ സാധിച്ചെന്നുവരില്ല. ഒരു വ൪ഷത്തിലേറെ കാത്തിരുന്ന ശേഷം ഏതെങ്കിലും അപേക്ഷ നിരസിക്കപ്പെടുന്നത് ബന്ധപ്പെട്ട വ്യക്തികൾക്ക് പ്രയാസമുണ്ടാക്കും. ഓഹരി ലഭിക്കാൻ പല സ്വകാര്യ കമ്പനികളും ശ്രമിക്കുന്നതിനിടയിൽ സാധാരണക്കാരുടെ അപേക്ഷകൾ തള്ളിപ്പോകുമെന്നും ആശങ്കയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.