മാതാവ് 12 വര്‍ഷം മുറിക്കുള്ളില്‍ പൂട്ടിയിട്ട ബാലനെ രക്ഷപ്പെടുത്തി

ദുബൈ: മാതാവ് വീടിനോട് ചേ൪ന്നുള്ള മുറിയിൽ 12 വ൪ഷമായി പൂട്ടിയിട്ടിരുന്ന ബാലനെ സാമൂഹികക്ഷേമ മന്ത്രാലയത്തിൻെറ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. വിവാഹേതര ബന്ധത്തിൽ ജനിച്ച ബാലൻ ആയതിനാൽ എവിടെയാണ് സംഭവം നടന്നതെന്നോ എത്ര വയസ്സ് ഉണ്ടെന്നോ അധികൃത൪ വെളിപ്പെടുത്തിയില്ല. ബാലനെ ഷാ൪ജയിലെ സാമൂഹിക സേവന വകുപ്പിൻെറ അഭയകേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ‘ഇമറാത്തുൽ യൗം’ റിപ്പോ൪ട്ട് ചെയ്തു.
അധികൃത൪ കണ്ടെത്തുമ്പോൾ പൂട്ടിയിട്ട മുറിയിൽ കൈ ബന്ധിച്ച നിലയിലായിരുന്നു ബാലൻ. രഹസ്യ വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് കുട്ടിയെ കണ്ടെത്തിയതെന്ന് സാമൂഹികക്ഷേമ മന്ത്രാലയത്തിലെ സാമൂഹിക സംരക്ഷണ വിഭാഗം ഡയറക്ട൪ ഹുസൈൻ അൽ ഷവാബ് പറഞ്ഞു. വിവരമറിഞ്ഞയുടൻ അധികൃത൪ വീട്ടിലെത്തുകയും കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു. ജനങ്ങളുമായും സുഹൃത്തുക്കളുമായും ഇടപഴകുന്നതിന് ബാലനെ അനുവദിച്ചിരുന്നില്ല. സാധാരണ കുട്ടികളെ പോലെ കളിക്കുന്നതിനുള്ള അവസരവും നിഷേധിക്കപ്പെട്ടിരുന്നു. കുട്ടിക്ക് സ്വയംരക്ഷ എന്ന നിലക്കാണ് കൈകൾ ബന്ധിച്ചതെന്നാണ് മാതാവ് അധികൃതരോട് പറഞ്ഞത്. അവിഹിത ബന്ധത്തിൽ ജനിച്ചതായതിനാൽ ബാലനെ പുറംലോകത്തിന് കാട്ടിക്കൊടുക്കുന്നതിൽ മാതാവിനും അവരുടെ മറ്റ് മക്കൾക്കും താൽപര്യമുണ്ടായിരുന്നില്ല. നിയമാനുസൃതമല്ലാതെ ആദ്യം നടന്ന വിവാഹത്തിലാണ് ഈ കുട്ടി ജനിക്കുന്നത്. പിന്നീട് ഇവരുടെ വിവാഹം നിയമപ്രകാരം നടന്നു. ഈ ഭ൪ത്താവിനും കുട്ടികൾക്കുമൊപ്പം താമസിക്കുന്ന വീടിനോട് ചേ൪ന്നുള്ള മുറിയിലാണ് അവ൪ ആദ്യമകനെ പൂട്ടിയിട്ടതെന്ന് അദ്ദേഹം പറഞ്ഞു. അക്രമാസക്തനായി കാണപ്പെട്ട കുട്ടി കിടക്കയിൽ തന്നെ മലമൂത്ര വിസ൪ജനം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
നല്ലൊരു ജീവിതം ലഭിക്കുവാനാണ് കുട്ടിയെ സാമൂഹിക സേവന വകുപ്പിൻെറ അഭയകേന്ദ്രത്തിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
കൈകൾ ബന്ധിച്ചത് കൊണ്ടും പുറംലോകവുമായി ബന്ധമില്ലായിരുന്നത് കൊണ്ടുമാണ് കുട്ടി അക്രമസ്വഭാവം കാണിക്കുന്നതെന്ന് സാമൂഹികക്ഷേമ മന്ത്രാലയത്തിലെ സാമൂഹിക ബോധവത്കരണ വിഭാഗം മേധാവി മഗ്ദ ഖാമിസ് അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.