ദുബൈ ജനസംഖ്യ രണ്ട് ദശലക്ഷം കവിഞ്ഞു

ദുബൈ: എമിറേറ്റിലെ ജനസംഖ്യ രണ്ട് മില്യൻ കവിഞ്ഞു. ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെൻറ൪ ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ദുബൈയിലെ ജനസംഖ്യ 20,00,113 ആണ്. ഒരു മിഡിലീസ്റ്റ് നഗരത്തിൽ ആദ്യമായാണ് ജനസംഖ്യ 20 ലക്ഷത്തിൽ കൂടുതൽ രേഖപ്പെടുത്തുന്നത്.  2012 പിറക്കുന്നതോടെ എമിറേറ്റിലെ ജനസംഖ്യ രണ്ട് മില്യനിലെത്തുമെന്ന് നേരത്തെ സ്റ്റാറ്റിസ്റ്റിക്സ് സെൻറ൪ വെളിപ്പെടുത്തിയിരുന്നു. ഈ മാസാദ്യം മൊത്തം ജനസംഖ്യ 19,95,125ൽ എത്തിയിരുന്നു. ഇതിന് ശേഷം എമിറേറ്റിൽ അയ്യായിരത്തോളം ആളുകൾ എത്തിയതോടെയാണ് സംഖ്യ രണ്ട് മില്യൻ കടന്നത്. ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെൻററിലെ ജനസംഖ്യാ കണക്കെടുപ്പ് വിഭാഗമാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. സെപ്തംബ൪ അവസാനം മുതൽ ഇന്നലെ വരെ നഗരത്തിൽ 22,113 പേരാണ് വ൪ധിച്ചത്.
ഇതോടെ യു.എ.ഇയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള എമിറേറ്റായി ദുബൈ മാറി. ഏഴ് എമിറേറ്റുകളിലെ ആകെ ജനസംഖ്യയുടെ നാലിലൊന്നും ഇവിടെയാണ്. സെപ്തംബ൪ വരെയുള്ള കണക്കനുസരിച്ച് ദുബൈയിലെ ജനസംഖ്യയിൽ 15 ലക്ഷത്തിലധികം പേ൪ (15,23,000) പുരുഷൻമാരാണ്. നാലര ലക്ഷം (4,55,000) മാത്രമാണ് സ്ത്രീകൾ. പ്രതിമാസം 8,000 എന്ന തോതിലാണ് ദുബൈയിൽ താമസക്കാരുടെ എണ്ണത്തിൽ വ൪ധനവുണ്ടാകുന്നത്. 2011ൻെറ തുടക്കം മുതൽ ഏകദേശം ഒരു ലക്ഷത്തോളം പേരാണ് എമിറേറ്റിൽ പുതുതായി എത്തിയത്. സ്ഥിരം താമസക്കാ൪ക്ക് പുറമെ വ്യാപാര ആവശ്യങ്ങൾക്കും വിനോദ സഞ്ചാരത്തിനും മറ്റുമായി എത്തുന്നവരെ കൂടി ഉൾപ്പെടുത്തിയാൽ ദുബൈയിലെ സജീവ താമസക്കാരുടെ എണ്ണം ഇപ്പോൾ തന്നെ മൂന്ന് മില്യണിലേറെ വരും.
മിഡിൽ ഈസ്റ്റിലെ പ്രധാന വാണിജ്യ നഗരമായ ദുബൈ ഗൾഫിലെ അഞ്ചാമത്തെ എണ്ണയിതര വ്യാപാര നഗരവുമാണ്.
2010 ജൂണിലെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യ 82.6 ലക്ഷമാണ്. കഴിഞ്ഞ നാല് വ൪ഷത്തിനിടെ 65 ശതമാനം വ൪ധനയാണ് ഉണ്ടായത്. സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയുടെ റിപ്പോ൪ട്ടനുസരിച്ച് സ്വദേശികളുടെ ജനസംഖ്യ ഇനിയും 10 ലക്ഷം കവിഞ്ഞിട്ടില്ല. മൊത്തം ജനസംഖ്യയുടെ 11.5 ശതമാനമാണ് സ്വദേശി പ്രാതിനിധ്യം- അതായത് ഏകദേശം 9,48,000. ഇതിൽ നാല് ലക്ഷം പേരെങ്കിലും അബൂദബി എമിറേറ്റിലാണ്. ദുബൈയിൽ രണ്ട് ലക്ഷത്തിന് താഴെയാണ് സ്വദേശി ജനസംഖ്യ. ഇക്കാലയളവിൽ വിദേശികളുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതൽ വ൪ധനയുണ്ടായത്- 75 ശതമാനം (73 ലക്ഷം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.