അബൂദബിയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; രണ്ടുമരണം

അബൂദബി: അബൂദബിയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേ൪ മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ താഴെ വീണ ആളും മുറിക്കുള്ളിൽ കുടുങ്ങിയ ആൾ കനത്ത പുകയിൽ ശ്വാസംമുട്ടിയുമാണ് മരിച്ചത്. സിവിൽ ഡിഫൻസ് താഴെ വിരിച്ച എയ൪ ബെഡിലേക്ക് ചാടിയ മറ്റൊരാൾ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. മൂവരും സിറിയ സ്വദേശികളാണ്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ജവാസാത്ത് റോഡിൽ ഹബീബ് ബാങ്കിനടുത്തുള്ള സിഗ്നലിൽ ജംബോ ഇലക്ട്രോണിക്സിന് സമീപത്തുള്ള സയ്യിദ് ഖൽഫാൻ അൽ ഖംസി ബിൽഡിങിൻെറ 11ാം നിലയിലെ ഫ്ളാറ്റിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടൻ പൊലീസും സിവിൽ ഡിഫൻസും എത്തിയെങ്കിലും രക്ഷാപ്രവ൪ത്തനം നടക്കുന്നതിനിടെ ഫ്ളാറ്റിലുണ്ടായിരുന്ന രണ്ടുപേ൪ പുറത്തേക്ക് തൂങ്ങി കിടക്കുന്ന കേബിൾ വഴി താഴത്തേക്കിറങ്ങാൻ ശ്രമിച്ചു. ഇവരെ ക്രെയിൻ ഉപയോഗിച്ച് താഴെ ഇറക്കാനുള്ള ശ്രമം നടക്കുന്നതിനിടെ കേബിളിൽ തൂങ്ങിക്കിടന്ന് തൊട്ട് താഴത്തെ മുറിയുടെ ജനാല ചില്ല് ചവിട്ടി പൊട്ടിച്ച് അകത്തുകടക്കാൻ ശ്രമിച്ച ഇവരിലൊരാൾ ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. എ.സിയിൽ പിടിച്ച് തൂങ്ങിക്കിടന്ന മറ്റേയാൾ പിന്നീട് സിവിൽ ഡിഫൻസ് താഴെ വിരിച്ച എയ൪ ബെഡിലേക്ക് ചാടി. ഇയാളെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തീയണച്ച ശേഷം ഫ്ളാറ്റിനുള്ളിൽ നടത്തിയ തെരച്ചിലിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ മറ്റൊരാളെ കണ്ടെത്തുകയായിരുന്നു.
രക്ഷാപ്രവ൪ത്തനത്തിൻെറ ഭാഗമായി നിരവധി മലയാളികൾ താമസിക്കുന്ന കെട്ടിടത്തിലെ താമസക്കാരെയെല്ലാം പൊലീസ് മാറ്റി. 11ാം നിലയിലെ തീപിടിത്തമുണ്ടായതിൻെറ തൊട്ടടുത്തുള്ള മുറിയിൽ കുടുങ്ങിയവരെയും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ൪ ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തി.     
കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ അനാവശ്യമായി തൂങ്ങി കിടക്കുന്ന ഇലക്ട്രിക്-ടി.വി കേബിളുകൾ നീക്കുന്ന ജോലിയും വയറിങ് പുതുക്കലും ഇന്നലെ രാവിലെ മുതൽ നടക്കുന്നുണ്ടായിരുന്നു. ഷോ൪ട്ട് സ൪ക്യൂട്ട് ആണ് അപകടകാരണമെന്ന് കരുതുന്നു. എന്നാൽ, ഇക്കാര്യം അധികൃത൪ സ്ഥിരീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.