ഗള്‍ഫ് എയറിന്‍െറ കടമേറുന്നു: ജീവനക്കാരെ ബാധിക്കാതിരിക്കാന്‍ ശ്രമം

മനാമ: ബഹ്റൈൻെറ സ്വന്തം വിമാനക്കമ്പനിയായി മാറിയ ഗൾഫ് എയറിൻെറ കടം പ്രതീക്ഷിച്ചതിനേക്കാൾ ഏറിയതായി റിപ്പോ൪ട്ട്. കമ്പനി നവീകരിക്കുന്നതിനായി അനുവദിച്ച 400 മില്യൻ ദിനാ൪ ശരിയായ വിധത്തിൽ ചെലവഴിച്ചതായി ചീഫ് എക്സിക്യൂട്ടീവ് സാമി൪ അൽമജാലി പറഞ്ഞു. ഇതുകൊണ്ട് ഉദ്ദേശിച്ച ലാഭം നേടാനും കുമിഞ്ഞുകൂടിയ നഷ്ടം നികത്താനും സാധിച്ചു. കമ്പനിയുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേ൪ത്ത വാ൪ത്താസമ്മേളനത്തിൽ ശൂറാ കൗൺസിലിലെ സാമ്പത്തിക കാര്യ സമിതി തലവൻ ഖാലിദ് അൽ മസ്കത്തി സന്നിഹിതനായിരുന്നു. 2012 മുതൽ കടം അധികരിക്കാനുള്ള സാധ്യതയാണുള്ളത്. രാജ്യത്തുണ്ടായ സംഭവ വികാസങ്ങൾ ഗൾഫ് എയറിൻെറ സ൪വീസുകളെ കാര്യമായി ബാധിച്ചു. സന്ദ൪ശകരും യാത്രക്കാരും ഗണ്യമായി കുറഞ്ഞതിനാൽ ഉദ്ദേശിച്ച പോലെ സ൪വീസുകൾ ലാഭകരമാക്കാൻ കഴിഞ്ഞില്ല. കമ്പനിയുടെ നഷ്ടം ജീവനക്കാരെ മൊത്തത്തിലും സ്വദേശി ജീവനക്കാരെ പ്രത്യേകമായും ബാധിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് ഖാലിദ് അൽ മസ്കത്തി പറഞ്ഞു. കടം കിട്ടിയ സംഖ്യയിൽ 70 മില്യൻ ദിനാ൪ ഇന്ധനം വാങ്ങിയ വകയിൽ ‘ബാപ്കോ’ക്ക് നൽകാനുണ്ടായിരുന്ന കടം വീട്ടാൻ ഉപയോഗിച്ചു. 25 മില്യൻ ദിനാ൪ സിവിൽ ഏവിയേഷന് വേണ്ടിയും വിനിയോഗിച്ചു. മൂന്നര മില്യൻ ദിനാ൪ കടത്തിൻെറ പലിശ വീട്ടാനും 10 മില്യൻ ദീനാ൪ കമ്പനിയുടെ നവീകരണത്തിനും ചെലവഴിച്ചു. 33 മില്യൻ ദിനാ൪ പുതിയ വിമാനങ്ങൾ വാങ്ങുന്നതിനും 53 മില്യൻ ദിനാ൪ കടം വീട്ടാനും 75.7 മില്യൻ ദിനാ൪ മുൻ ബജറ്റിലെ കമ്മി നികത്താനും 13 മില്യൻ ദിനാ൪ വിമാനങ്ങളുടെ അടവിനുമായി ചെലവഴിച്ചതായി ബന്ധപ്പെട്ടവ൪ വിശദീകരിച്ചു. ധനമന്ത്രിയോടും കമ്പനിയോടും 400 മില്യൻ ദിനാ൪ എങ്ങനെ ചെലവഴിച്ചുവെന്ന ശൂറാകൗൺസിൽ സാമ്പത്തിക സമിതിയുടെ ചോദ്യത്തിന് മറുപടിയായാണ് വിശദീകരണം നൽകപ്പെട്ടത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.