കാനഡ ലോട്ടറി കോര്‍പറേഷന്‍െറ പേരില്‍ ഇ-മെയിലിലൂടെ ആസൂത്രിത തട്ടിപ്പ്

ദമ്മാം: എട്ടു ലക്ഷം യു.എസ് ഡോള൪ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞ് കാനഡ ലോട്ടറി കോ൪പറേഷൻെറ പേരിൽ ഇ-മെയിലിലൂടെ തട്ടിപ്പ്. ഇ-മെയിലിലൂടെയും മൊബൈൽ എസ്.എം.എസിലൂടെയും സാധാരണ നടക്കുന്ന ഇത്തരം തട്ടിപ്പുകളിൽനിന്ന് വ്യത്യസ്തമായി വളരെ ആസൂത്രിതവും ആരും വിശ്വസിച്ചുപോവുകയും ചെയ്യുന്ന വിധത്തിലാണിത്. ഈ രീതിയിൽ ഗൾഫിൻെറ പല ഭാഗങ്ങളിലും പ്രവാസികൾക്ക് അറിയിപ്പ് ലഭിക്കുന്നുണ്ട്. പലരും ഇതിൽ കുടുങ്ങുകയും ചെയ്തു.
‘കാനഡ ലോട്ടറി കോ൪പറേഷൻ’ എന്ന പേരിലുള്ള ലറ്റ൪ ഹെഡിലാണ് എട്ടു ലക്ഷം ഡോള൪ സമ്മാനമായി ലഭിച്ചെന്ന് അറിയിക്കുന്നത്. ഒൻറാറിയോ ലോട്ടറി കോ൪പറേഷൻ ഉപഭോക്തൃ വിഭാഗത്തിൽ നിന്നാണ് അറിയിപ്പെന്ന് പറയുന്നു. കോ൪പറേഷൻെറ ഓഫിസ് മേൽവിലാസവും ഇതിൽ ചേ൪ത്തിട്ടുണ്ട്.
ജാവ അടിസ്ഥാനമാക്കിയുള്ള പ്രത്യേക സോഫ്റ്റ്വേ൪ ഉപയോഗിച്ച് ആയിരക്കണക്കിന് ഇ-മെയിൽ വിലാസങ്ങൾ ശേഖരിച്ച്, അതിൽ നിന്നാണ് 200 ‘ഭാഗ്യവാന്മാരെ’ തെരഞ്ഞെടുത്തത്. വിജയിച്ച ഓരോരുത്ത൪ക്കും പ്രത്യേകം റഫറൻസ് നമ്പറുണ്ട്.
സമ്മാനം ലഭിക്കാൻ പ്രൊസസിങ് മാനേജ൪ സ്മിത്ത് ജോൺസൺ എന്നയാൾക്ക് johnson@canadalotteryagent.com എന്ന ഇ-മെയിലിൽ പേര്, മാതൃരാജ്യത്തിൻെറ പേര്, റസിഡൻസ് വിസയുള്ള രാജ്യത്തിൻെറ പേര്, വയസ്സ്, പുരുഷനോ സ്ത്രീയോ, ടെലഫോൺ നമ്പ൪, ജോലി എന്നീ വിവരങ്ങൾ അയച്ചുകൊടുക്കാനാണ് നി൪ദേശം. റഫറൻസ് നമ്പറും ചേ൪ക്കണം. മാത്രമല്ല, +1-647 930 1988 എന്ന നമ്പറിൽ സ്മിത്ത് ജോൺസണെ ബന്ധപ്പെടാമെന്നും അറിയിപ്പുണ്ട്.
ലോട്ടറി കോ൪പറേഷൻ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ സാറ ബ്രൂക്കിൻെറ ഒപ്പു സഹിതമാണ് കത്ത് വരുന്നത്. വിജയികൾ ഇതുസംബന്ധിച്ച രഹസ്യ വിവരം വെളിപ്പെടുത്തിയാൽ അയോഗ്യരാക്കുമെന്നും സമ്മാനം നൽകില്ളെന്നും കത്തിൻെറ ഏറ്റവും താഴെ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. മറുപടി അയച്ചവരോട് ബാങ്ക് അക്കൗണ്ട് നമ്പ൪ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോദിക്കുന്നത്. ഇത് ലഭിക്കുന്നതോടെ നിശ്ചിത സംഖ്യ ട്രാൻസ്ഫ൪ ഫീസ് അടക്കാൻ പറയും. പിന്നീട് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ചോ൪ത്തുകയും ചെയ്യും.
നിരവധി പേ൪ക്ക് കത്ത് ലഭിച്ചതായി ഇക്കാര്യം ‘ഗൾഫ് മാധ്യമ’ത്തെ അറിയിച്ച പെരിന്തൽമണ്ണ സ്വദേശിയും അൽ കോബാറിലെ ഗൾഫ് കൺസൾട്ട് കമ്പനിയിൽ ക്വാളിറ്റി അഷ്വറൻസ്-ക്വാളിറ്റി കൺട്രോൾ വിഭാഗം ഇൻസ്പെക്ടറുമായ പി.ടി. അബ്ദുൽ റസാഖ് പറഞ്ഞു. വളരെ വിശ്വാസയോഗ്യമെന്ന് തോന്നുന്ന വിധത്തിലുള്ള ഈ അറിയിപ്പിനോട് പ്രതികരിക്കുന്നത് തട്ടിപ്പിൽ കുടുങ്ങാനും കനത്ത സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുമെന്നതിനാൽ പ്രവാസികൾ ജാഗ്രത പാലിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.