പത്തനംതിട്ടയെ കൈപ്പിടിയിലാക്കി പിണറായി

പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിജയം കണ്ടത് പിണറായി വിഭാഗത്തിൻെറ തന്ത്രങ്ങൾ. വി.എസ് അനുകൂലികളായി അറിയപ്പെട്ട ജില്ലാ നേതൃത്വത്തിന് ‘ക്ളീൻ ഇമേജ്’ ഇല്ലാതിരുന്നതും പിണറായി പക്ഷത്തിന് തുണയായി.
ജില്ലാ കമ്മിറ്റിയിൽ ഭൂരിപക്ഷം ഉറപ്പിച്ചപ്പോഴും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കിയതോടെ വിഭാഗീയതയെന്നപേരുദോഷം ഇല്ലാതാക്കാനും പിണറായി പക്ഷത്തിനായി.ദീ൪ഘകാലം തൻെറ ഉറച്ച കോട്ടയായിരുന്ന പത്തനംതിട്ടയിൽ പിണറായി ആധിപത്യം സ്ഥാപിക്കുന്നതിന് തടയിടാൻ സമ്മേളനത്തിൽ ഉടനീളം പങ്കെടുത്തിട്ടും വി.എസ്. അച്യുതാനന്ദന് കഴിഞ്ഞില്ല.
ലോക്കൽ സമ്മേളനങ്ങൾ മുതൽ കരുതലോടെ നീങ്ങിയ ഒൗദ്യോഗിക വിഭാഗത്തിൻെറ നീക്കങ്ങൾ ജില്ലാ നേതൃത്വം ഗൗരവമായി കണ്ടിരുന്നില്ല.സംസ്ഥാന കമ്മിറ്റി അംഗം ആ൪. ഉണ്ണികൃഷ്ണപിള്ള,മുൻ എം.എൽ.എ എ. പത്മകുമാ൪, അടൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി. ഉദയഭാനു എന്നിവരാണ് ഒൗദ്യോഗിക പക്ഷത്തിനുവേണ്ടി ചരടുവലി നടത്തിയത്.വി.എസിൻെറ വ്യക്താവായ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായ  കെ.സി. രാജഗോപാലിനെ വെട്ടി നിരത്തിയത് വി.എസ് വിരുദ്ധരുടെ ഏറ്റവും വലിയ വിജയമായി.ജില്ലയിലെ ട്രേഡ് യൂനിയനുകളുടെയും ബഹുജന സംഘടനകളുടെയും ഭാരവാഹിയായ രാജഗോപാൽ സെക്രട്ടറിയെക്കാളും ജില്ലയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.
ആറന്മുള വിമാനത്താവള കമ്പനി നടത്തുന്ന ഭൂമി കുംഭകോണത്തിന് സ൪ക്കാ൪ അനുമതി  നേടിക്കൊടുത്തത് കെ.സി.രാജഗോപാലിനെ തള്ളാൻ ഉതകുംവിധം ആരോപണമാക്കി അവതരിപ്പിക്കുന്നതിൽ ഒൗദ്യോഗികപക്ഷം വിജയിച്ചു. ജില്ലയിൽ  ആധിപത്യം ഉറപ്പിക്കുന്നതിന് കളമൊരുക്കാൻ ഒൗദ്യോഗിക പക്ഷം ഏറെ ശ്രമം നടത്തിയത് കൊടുമൺ ഏരിയയിലാണ്.ഇവിടെ എല്ലാ ലോക്കൽ കമ്മിറ്റികളിലേക്കും അംഗങ്ങളെ തെരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിച്ചത്. വി.എസ് പക്ഷത്തിന് തിരുവല്ല,ഇരവിപേരൂ൪,മല്ലപ്പള്ളി എന്നീ ഏരിയാ കമ്മിറ്റികളിൽ മാത്രമാണ് പൂ൪ണ ആധിപത്യമുണ്ടായത്.മറ്റ് ഏഴ് ഏരിയകളിൽ നിന്നുള്ള ജില്ലാ സമ്മേളന പ്രതിനിധികളിൽ ഭൂരിപക്ഷവും വി.എസ് വിരുദ്ധരായിരുന്നു.
ദീ൪ഘകാലമായി നേതൃത്വത്തിൽ തുടരുന്ന പല൪ക്കും പ്രതിഛായ സൂക്ഷിക്കാനായിരുന്നില്ല. ആരോപണ വിധേയരാകാത്ത ആരുമില്ലാതിരുന്നത് വളമാക്കി വി.എസ് വിരുദ്ധ൪ പിടിമുറുക്കി.ജില്ലാ സെക്രട്ടറി കെ. അനന്തഗോപൻ പുതിയ പാനൽ അവതരിപ്പിച്ചപ്പോൾ മുതൽ വിലപേശൽ തുടങ്ങിയിരുന്നു.32അംഗ പാനലിൽ ഏഴ് പേരെ ഉൾപ്പെടുത്തണമെന്ന് വി.എസ് വിരുദ്ധ൪ ആവശ്യപ്പെട്ടു.ഒടുവിൽ മൂന്ന് പേരെ ഉൾപ്പെടുത്താനായി.ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. സജികുമാ൪,മത്തായി ചാക്കോ,മോഹൻകുമാ൪ എന്നിവരെയാണ് തിരുകിക്കയറ്റിയത്.അതിന് പിന്നാലെ ഏഴ് പേ൪ മത്സരിക്കാനും മുതി൪ന്നു.ഇതിൽ മൂന്ന് പേരെ വിജയിപ്പിക്കാനായതോടെ  ജില്ലാ കമ്മിറ്റിയിൽ വി.എസ് വിരുദ്ധരുടെ എണ്ണം 21 ആയി.
സമ്മേളനത്തിൽ ആദ്യന്തം പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും പങ്കെടുത്തിരുന്നു.മത്സരം ഒഴിവാക്കണമെന്ന് പിണറായി ആഹ്വാനം ചെയ്തെങ്കിലും അദ്ദേഹത്തെ അനുകൂലിക്കുന്നവ൪ ചെവിക്കൊണ്ടില്ല.ഇത് നാടകമായിരുന്നെന്ന് തോറ്റ പ്രമുഖ൪ പറയുന്നു.
ജില്ലാ കമ്മിറ്റി കൈപ്പിടിയിലാക്കിയപ്പോഴും അനന്തഗോപന് സെക്രട്ടറിയായി നാലാം ഊഴം അനുവദിച്ചതിന് പിന്നിലും തന്ത്രമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മൂന്ന് ഊഴം തികഞ്ഞ അനന്തഗോപന് നാലാം ഊഴം  അനുവദിച്ചതോടെ സംസ്ഥാന സെക്രട്ടറി പദത്തിൽ ഒരുഊഴം കൂടി തനിക്ക് ലഭിക്കാൻ പിണറായി കളമൊരുക്കുകയായിരുന്നുവെന്നാണ് ആരോപണം.
പിണറായി പക്ഷക്കാരനായ കെ.പി. ഉദയഭാനു സെക്രട്ടറി പദത്തിലേക്ക് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും തൻെറ സാന്നിധ്യത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് വിഭാഗീയതയെന്ന പ്രചാരണത്തിന് അവസരമാകുമെന്ന് കണ്ട് പിണറായി അനുവദിക്കാതിരിക്കുകയായിരുന്നു.പിണറായിയുടെ നിലപാടുകളെ പ്രത്യക്ഷത്തിൽ എതി൪ക്കാത്ത നിലപാടും അനന്തഗോപന് തുണയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.