ചാലയിലും വിഴിഞ്ഞത്തും മുട്ടത്തറയിലും മാലിന്യസംസ്കരണ പ്ളാന്‍റുകള്‍

തിരുവനന്തപുരം: തലസ്ഥാനത്തെ മാലിന്യപ്രശ്നം പരിഹരിക്കാൻ നഗരത്തിലെ മൂന്ന് സ്ഥലങ്ങളിൽ വികേന്ദ്രീകൃത പദ്ധതികൾ തദ്ദേശ വകുപ്പ് നടപ്പാക്കും.
 പൊതു- സ്വകാര്യ പങ്കാളിത്തത്തിൽ പദ്ധതികൾ നടപ്പാക്കാനുള്ള ആദ്യഘട്ടത്തിലേക്ക് വകുപ്പ് പ്രവേശിച്ച് കഴിഞ്ഞു. നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചതോടെ രണ്ടുമാസംകൊണ്ട് പദ്ധതികൾ പ്രാവ൪ത്തികമാക്കാനുള്ള ശ്രമത്തിലാണ് തദ്ദേശ വകുപ്പ്.
ചാല, വിഴിഞ്ഞം, മുട്ടത്തറ എന്നിവിടങ്ങളിലാണ് മാലിന്യ സംസ്കരണ പ്ളാൻറുകൾ സ്ഥാപിക്കുക. ഇതിന് തദ്ദേശവകുപ്പ് ക്ഷണിച്ച താൽപര്യപത്രത്തിൽ 40 കമ്പനികളാണ് പങ്കെടുത്തത്.
ഇതിൽനിന്ന് തെരഞ്ഞെടുത്ത 12 ഏജൻസികളോട് ഈ മൂന്ന് സ്ഥലങ്ങളിലും സ്ഥാപിക്കുന്ന പ്ളാൻറുകളിൽ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയും ചെലവും  സംബന്ധിച്ച ക്വട്ടേഷൻ അടുത്തദിവസങ്ങളിൽ വിളിക്കാനും തീരുമാനിച്ചു.
കേന്ദ്രീകൃത പദ്ധതി നടപ്പാക്കി ഗ്രാമപ്രദേശത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ പതിനൊന്നര വ൪ഷത്തിനുശേഷമാണ് നഗരത്തിൽ തന്നെ മാലിന്യ സംസ്കരണം നടപ്പാക്കാൻ സ൪ക്കാ൪ ഒരുങ്ങുന്നത്.
വിവിധ സംസ്ഥാനങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ പദ്ധതികൾ പരിശോധിച്ചശേഷം തെരഞ്ഞെടുത്ത പുണെ മാതൃകയിലുള്ള പദ്ധതിയാണ് തലസ്ഥാനത്ത് നടപ്പാക്കുന്നത്. പുണെ മുനിസിപ്പാലിറ്റിയിൽ പ്ളാസ്മ ഗാസിഫിക്കേഷൻ എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വായുവിൻെറ അഭാവത്തിൽ മാലിന്യം ഉയ൪ന്ന താപനിലയിൽ കത്തിച്ച് അതിൽനിന്നുള്ള വാതകത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണിത്.
ചെലവേറുമെങ്കിലും  ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്ഥ൪ ചൂണ്ടിക്കാട്ടുന്നു.
ഇതിന്  സമാനമായ പൈറോളിസിസ്, ബയോമെട്രിക് മെട്യുനേഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പദ്ധതികളാണ് ഏജൻസികളിൽനിന്ന് ലഭിച്ചത്. കുപ്പി ഒഴികെയുള്ള പ്ളാസ്റ്റിക് ഉൾപ്പെടെ സംസ്കരിക്കാൻ ഇതിലൂടെ കഴിയും.
വായുവിൻെറ അഭാവത്തിൽ സംസ്കരിക്കുന്നതിനാൽ മലിനമായ വായു പുറത്തുവരില്ളെന്നും അധികൃത൪ അവകാശപ്പെടുന്നു. ഇതിൽനിന്ന് വൈദ്യുതിയും ഉൽപാദിപ്പിക്കാൻ കഴിയും.
നഗരത്തിൽ ഏറ്റവും കൂടുതൽ മാലിന്യം ഉൽപാദിപ്പിക്കുന്ന ചാല, വിഴിഞ്ഞം, മുട്ടത്തറ എന്നിവിടങ്ങളിൽ നി൪മിക്കുന്ന പ്ളാൻറുകൾ അതാത് ദിവസങ്ങളിൽ മാലിന്യം സംസ്കരിക്കുന്നതും പരിസ്ഥിതി മലിനീകരണം ഇല്ലാത്തവയുമായിരിക്കണമെന്ന് താൽപര്യ പത്രത്തിൽ തദ്ദേശ വകുപ്പ് വ്യക്തമാക്കുന്നു. ഇതംഗീകരിച്ചാണ് 40 കമ്പനികൾ പങ്കെടുത്തത്. ഇവ൪ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റ് ഏജൻസികളുമായി യോജിച്ച് പ്രവ൪ത്തിക്കുന്നതായും താൽപര്യപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിൽനിന്നാണ് ഡോ. ആ൪.വി.ജി മേനോൻെറ നേതൃത്വത്തിലുള്ള സമിതി  12 ഏജൻസികളെ തെരഞ്ഞെടുത്തത്.
ചാലയിൽ ഒരേക്കറും വിഴിഞ്ഞത്ത്  രണ്ടേക്കറും ഇതിന് കണ്ടെത്തിക്കഴിഞ്ഞു. മുട്ടത്തറയിൽ ഇതിൽ  കൂടുതൽ സ്ഥലമുണ്ട്. ഈ ഏജൻസികളെ മൂന്ന് സ്ഥലങ്ങളും കാണിച്ചശേഷം സാങ്കേതികവിദ്യയും സാമ്പത്തികച്ചെലവും സംബന്ധിച്ച നി൪ദേശം സമ൪പ്പിക്കാൻ ആവശ്യപ്പെടും.
തുട൪ന്ന് യോജിച്ചതും പരിസ്ഥിതി സൗഹൃദവുമായ പദ്ധതി നി൪ദേശിക്കുന്ന ഏജൻസികളെ തെരഞ്ഞെടുക്കും. സെപ്റ്റംബ൪ 20ന് വിളപ്പിൽശാല ജനകീയ സമിതിയുമായി സ൪ക്കാ൪ ച൪ച്ച ചെയ്തതിനുശേഷമാണ് ബദൽ പരിഹാരത്തിന് അന്വേഷണം ഊ൪ജിതമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.