ദോഹ: 12ാമത് അറബ്ഗെയിംസ് നാളെ കൊടിയിറങ്ങാനിരിക്കെ അഞ്ച് തവണ ഗെയിംസിൽ ചാമ്പ്യൻ പട്ടം ചൂടിയ ഈജിപ്ത് ഇത്തവണയും കിരീടം ഉറപ്പാക്കിക്കഴിഞ്ഞു. മൽസരങ്ങളിൽ ഏതാനും ഇനങ്ങൾ മാത്രം ശേഷിക്കെ 86 സ്വ൪ണമടക്കം 221 മെഡലുകളുമായാണ് ഈജിപ്ത് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ഇതുവരെ 32 സ്വ൪ണമടക്കം 102 മെഡൽ നേടിയ ആതിഥേയരായ ഖത്തറിന് മൂന്നാം സ്ഥാനവും നഷ്ടപ്പെട്ട കാഴ്ചയാണ് ഇന്നലെ മേളയിൽ കണ്ടത്. 35 സ്വ൪ണമടക്കം 108 മെഡൽ സ്വന്തമാക്കിയ മൊറോക്കോ ഖത്തറിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മൂന്നാം സ്ഥാനം കൈയ്യടക്കുകയായിരുന്നു. 48 സ്വ൪ണമടക്കം 126 മെഡലുകളുമായി തുനീഷ്യ രണ്ടാം സ്ഥാനത്തുതന്നെ തുടരുന്നു.
കലാശക്കൊട്ടിലേക്കടുക്കുമ്പോഴും മേളയിൽ ആഫ്രിക്കൻ വസന്തം തീ൪ത്ത ഈജിപ്ത് സ്വ൪ണക്കൊയ്ത്ത് തുടരുകയാണ്. ഈജിപ്ത് ഇന്നലെ ആറും തുനീഷ്യനാലും മൊറോക്കോ മൂന്നും സ്വ൪ണം സ്വന്തമാക്കിയപ്പോൾ ഖത്തറിനും ഏഴാം സ്ഥാനത്തുള്ള കുവൈത്തിനും (ആകെ 54 മെഡലുകൾ) ഒമ്പതാം സ്ഥാനത്തുള്ള ബഹ്റൈനും (36) പത്താം സ്ഥാനത്തുള്ള യു.എ.ഇക്കും (33) 13ാം സ്ഥാനത്തുള്ള ഒമാനും (21) കാര്യമായ മെഡൽ നേട്ടങ്ങളൊന്നുമില്ല. എന്നാൽ, അഞ്ചാം സ്ഥാനത്തുള്ള സൗദി അറേബ്യക്ക് (43) ഒരു സ്വ൪ണം ലഭിച്ചു. ബോക്സിംഗിൽ അ൪ബാബി ഉസ്മാൻ ഖത്തറിന് വേണ്ടി വെങ്കലം നേടി. കുതിരപ്പന്തയത്തിൻെറ ടീമിനത്തിലും ഖത്തറിന് വെങ്കലം ലഭിച്ചു. ഫെൻസിംഗ്, കരാട്ടെ എന്നിവയുടെ ടീമിനങ്ങളിലായി ഈജിപ്തിന് മൂന്ന് സ്വ൪ണം ലഭിച്ചു. സ്ക്വാഷിലും ഈജിപ്തിന് ഒരു സ്വ൪ണം ലഭിച്ചു. കുതിരപ്പന്തയത്തിൻെറ ടീമിനത്തിലാണ് സൗദി സ്വ൪ണം നേടിയത്. ഫെൻസിംഗ്, കരാട്ടെ എന്നിവയുടെ ടീമിനത്തിൽ കുവൈത്തിന് ഓരോ വെങ്കലം ലഭിച്ചു. അതേസമയം, 12ാം അറബ്ഗെയിംസിലെ താരത്തെ ഇന്ന് പ്രഖ്യാപിക്കും. മേളയുടെ താരത്തിന് അറബ്ഗെയിംസ് സംഘാടക സമിതി 70,000 അമേരിക്കൻ ഡോളറാണ് സമ്മാനം പ്രഖഖ്യാപിച്ചിരിക്കുന്നത്. മെഡലുകളുടെ എണ്ണം മാത്രം നോക്കിയായിരിക്കില്ല മികച്ച താരത്തെ കണ്ടെത്തുകയെന്ന് മീഡിയ ഡയറക്ട൪ അബ്ദുല്ല അൽ മുല്ല പറഞ്ഞു. നാളെ ഫുട്ബാൾ ഫൈനലിന് ശേഷം അൽ സദ്ദ് സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങുകൾ നടക്കുന്നത്. ഉദ്ഘാടനച്ചടങ്ങ് പോലെയായിരിക്കില്ളെന്നും ലളിതവും പരമ്പരാഗതരീതിയിലുള്ളതും അതേസമയം മഹത്തായ ഒന്നുമായിരിക്കും സമാപനച്ചടങ്ങെന്നും അബ്ദുല്ല കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.