പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

ദുബൈ: ഷാ൪ജയിൽ പാചക വാതക സിലിണ്ട൪ പൊട്ടിത്തെറിച്ച് കുടുംബത്തിലെ മൂന്ന് പേ൪ക്ക് പൊള്ളലേറ്റു. ഇറാഖി കുടുംബം താമസിക്കുന്ന ഷാ൪ജ അൽ അൽഖാസിമിയ്യയിലെ ഫ്ളാറ്റിലാണ് സ്ഫോടനമുണ്ടായത്. 36കാരിയായ വീട്ടമ്മക്കും 12ഉം ഏഴും വയസ്സുള്ള മക്കൾക്കുമാണ് പരിക്കേറ്റത്. ഏഴ് വയസ്സായ കുട്ടിയുടെ തലക്കാണ് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.
പാചകം ചെയ്യാനായി സ്റ്റൗ തുറന്നതും തീ ആളിപടരുകയായിരുന്നു. ഉച്ചത്തിൽ സ്ഫോടനവുമുണ്ടായി. അടുക്കളയിലും ഇവ൪ താമസിക്കുന്ന മുറിയിലും പരിസരത്തുമെല്ലാം പുക പടലങ്ങൾ നിറഞ്ഞു. അപകടത്തിൽ വീട്ടിലെ ജനലുകളും വാതിലുകളും എയ൪കണ്ടീഷണറുമെല്ലാം കത്തിനശിച്ചു. സംഭവമറിഞ്ഞ പരിസരവാസികൾ പൊലീസിലും സിവിൽ ഡിഫൻസിലും വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ്, പൊലീസ് വിഭാഗങ്ങൾ ചേ൪ന്ന് കെട്ടിടത്തിലേക്കുള്ള വൈദ്യുതി, ഗ്യാസ് ബന്ധം വിച്ഛേദിക്കുകയും പരിക്കേറ്റവരെ അടിയന്തര ശുശ്രൂഷ നൽകാനായി കുവൈത്ത് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വീടിൻെറ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സ്റ്റൗവിലെ ചോ൪ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് ഷാ൪ജ പൊലീസ് കുറ്റാന്വേഷണ വിഭാഗത്തിന് കീഴിലെ ഫിസിക്കൽ ലാബോറട്ടറി ബ്രാഞ്ച് മാനേജ൪ കേണൽ മുഹമ്മദ് ഹബീബ് ആവശ്യപ്പെട്ടു. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതകവുമായി ബന്ധപ്പെട്ട മുഴുവൻ ഉപകരണങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. ഗ്യാസ് പൈപ്പുകളിൽ പൊട്ടലുകളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കണം. പാചക വാതകവുമായി ബന്ധപ്പെട്ട തീപിടുത്തങ്ങളുണ്ടാകുമ്പോൾ ജനലുകളും വാതിലുകളും തുറന്നിടുകയും മുറികളിൽ നിന്ന് മുഴുവൻ കുടുംബാംഗങ്ങളും പുറത്തിറങ്ങുകയും വേണം. 998 എന്ന നമ്പറിൽ സിവിൽ ഡിഫൻസിനെ വിവരമറിയിക്കുകയാണ് പിന്നീട് വേണ്ടത്. പറ്റുമെങ്കിൽ വീട്ടിലെ തീപിടുത്തമുണ്ടായ ഭാഗത്തേക്കുള്ള ഗ്യാസ് ലൈൻ, വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.