സ്വദേശികള്‍ക്ക് പരാതി നല്‍കാന്‍ എഫ്.എന്‍.സിയുടെ ഹോട്ട് ലൈന്‍

അബൂദബി: സ്വദേശികൾക്ക് പരാതി നൽകാൻ ഹോട്ട് ലൈൻ നമ്പ൪ ആരംഭിക്കാൻ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) ആലോചിക്കുന്നു. സ൪ക്കാറിന് സമ൪പ്പിക്കാനുള്ള പരാതികൾ സോഷ്യൽ മീഡിയ ചാനലുകൾ വഴി സ്വീകരിക്കുന്നതും ആലോചനയിലുണ്ട്. ഇതിനായി സംവിധാനം ചെയ്യുന്ന കോൾ സെൻററിൽ പരിശീലനം നേടിയ ജീവനക്കാ൪ ആയിരിക്കും ഹോട്ട്ലൈനിലൂടെ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുക. എല്ലാ വഴികളും അടഞ്ഞ സ്വദേശികൾക്ക് പ്രയോജനകരമാകുന്നതിനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. അതേസമയം, സ്വകാര്യ പരാതികളെക്കാൾ പൊതുതാൽപര്യമുള്ള പരാതികളാണ് ഈ സംവിധാനത്തിലൂടെ സ്വീകരിക്കപ്പെടുകയെന്ന് അധികൃത൪ ചൂണ്ടിക്കാട്ടി. കോടതിയുടെ പരിഗണനയിലുള്ളതോ ഉടൻ തീ൪പ്പ് വരാനിരിക്കുന്നതോ ആയ പരാതികൾ സ്വീകരിക്കുകയില്ല. പുതിയ സംവിധാനം അടുത്ത വ൪ഷം നിലവിൽ വരുന്ന രീതിയിൽ നടപടികൾ പുരോഗമിക്കുന്നുണ്ടെന്ന് ദുബൈയിൽ നിന്നുള്ള അംഗവും എഫ്.എൻ.സിയുടെ പരാതി പരിശോധന സമിതിയുടെ സെക്രട്ടറിയുമായ അഫ്റ അൽ ബുസ്തി പറഞ്ഞു.
ഫെഡറൽ സ൪ക്കാറിന് നേരിട്ടുള്ള പരാതികളാണ് ഇങ്ങനെ സ്വീകരിക്കുക. ഉദാഹരണത്തിന് കാരണങ്ങളൊന്നുമില്ലാതെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ട സ്വദേശിക്ക് തൊഴിൽ മന്ത്രാലയവും കൈവിട്ടാൽ ഈ സംവിധാനത്തിലൂടെ പരാതിപ്പെടാവുന്നതാണ്. എല്ലാത്തരം പരാതികളും സ്വീകരിക്കുമെന്നും എന്നാൽ, അവ ന്യായവും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യവും ആണെന്ന് ബോധ്യപ്പെട്ടാലേ നടപടികൾക്കായി നൽകൂയെന്നും അബൂദബിയിൽ നിന്നുള്ള അംഗവും സമിതി ചെയ൪മാനുമായ ഖലീഫ നാസ൪ അൽ സുവൈദി പറഞ്ഞു.
പുതിയ സംവിധാനം വരുന്നതോടെ സമിതി അൽപം കൂടി സജീവമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരാതി സ൪ക്കാറിന് സമ൪പ്പിച്ച് കഴിഞ്ഞാൽ അതിൻെറ തുട൪ നടപടികൾ സമിതി അന്വേഷിച്ച് കൊണ്ടേയിരിക്കും. മൂന്നാഴ്ചക്ക് ശേഷം പരാതിയിൻമേൽ എന്ത് നടപടിയെടുത്തു എന്ന് എഫ്.എൻ.സി സ്പീക്ക൪ മുഹമ്മദ് അൽ മൂ൪ പ്രധാനമന്ത്രിയോടോ ബന്ധപ്പെട്ട മന്ത്രിയോടോ അന്വേഷിക്കും.
പുതിയ സംവിധാനം നടപ്പാക്കുന്നതിന് കോൾസെൻറ൪ ജീവനക്കാ൪ക്ക് പരിശീലനം കൊടുക്കലാണ് ആദ്യം ചെയ്യുന്നത്. അതേസമയം, ട്വിറ്റ൪ പോലുള്ള സോഷ്യൽ മീഡിയകൾ വഴി പരാതി സ്വീകരിക്കുന്നതും സമിതിയുടെ സജീവ പരിഗണനയിലുണ്ട്. കൂടുതൽ ആളുകളിലേക്ക് ഇതിലൂടെ എത്തിച്ചേരാൻ കഴിയുമെന്നതാണ് കാരണം.
സമിതിയുടെ അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ ഹോട്ട്ലൈനിൻെറ കാര്യത്തിൽ തീരുമാനമാകുമെന്നറിയുന്നു. പിന്നീടിത് എഫ്.എൻ.സിയുടെ അംഗീകാരത്തിനായി വിടും. നിലവിൽ എഫ്.എൻ.സിയുടെ വെബ്സൈറ്റ് വഴിയും തപാൽ വഴിയും ലഭിക്കുന്ന പരാതികൾ സമിതി പരിഗണിക്കുന്നുണ്ട്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.