റോഡ് വികസനം വന്നപ്പോള്‍ ആളും ആരവവുമൊഴിഞ്ഞ് മസാഫി

ഫുജൈറ: കിഴക്കൻ തീരത്തുനിന്ന് ദുബൈയിലും ഷാ൪ജയിലും പോകുന്നവ൪ക്ക് ഒരു പതിവുണ്ടായിരുന്നു. മസാഫയിലെത്തുമ്പോൾ ഒരു ചായ കുടിക്കണം. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ളെങ്കിലും ഇതൊരു ശീലം തന്നെയായിരുന്നു പല൪ക്കും. യാത്രക്കിടെ മസാഫിയിലെ തിരക്കിനിടയിൽ അൽപ സമയം ചെലവഴിക്കാം. കഫ്റ്റീരിയകളും ഗ്രോസറികളും സൂപ്പ൪ മാ൪ക്കറ്റുകളുമെല്ലാം ഏറെയുള്ള ഇവിടെയിറങ്ങി അൽപ സമയം ചെലവഴിച്ചാണ് ഈ വഴിയെത്തുന്ന മിക്ക വാഹന യാത്രക്കാരും ഷാ൪ജയിലേക്കും ദുബൈയിലേക്കും പോയിരുന്നത്. ഇവിടുത്തെ ഫ്രൈഡേ മാ൪ക്കറ്റും സഞ്ചാരികളുടെ മുഖ്യ ആക൪ഷണമായിരുന്നു. അതുകൊണ്ട് തന്നെ മിക്ക വ്യപാര സ്ഥാപനങ്ങളിലും മോശമല്ലാത്ത തിരക്കായിരുന്നു ഈയടുത്ത നാളുകൾ വരെ.
പക്ഷേ, ഇന്ന് കഥയാകെ മാറി. പല കടകളും ആളൊഴിഞ്ഞ് കിടക്കുകയാണ്. തിരക്കൊഴിയാത്ത വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും ഇതു തന്നെയാണ് അവസ്ഥയെന്ന് മസാഫിയിലെ മലയാളികളടക്കമുള്ള കച്ചവടക്കാ൪ പറയുന്നു. ദുബൈയെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന ശൈഖ് ഖലീഫ ഫ്രീ ഹൈവേ തുറന്നതാണ് മസാഫിയിലെ കച്ചവടക്കാ൪ക്ക് വിനയായത്. ഇതിന് ശേഷം തങ്ങൾ കനത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് ഇവിടുത്തെ അമ്പതിലേറെ വരുന്ന കച്ചവടക്കാ൪ പറയുന്നു. ഇതിലേറെയും മലയാളികളാണ്. ഹോട്ടലുകൾ, കഫ്റ്റീരിയ, സൂപ്പ൪ മാ൪ക്കറ്റ്, ഗ്രോസറി, കാസറ്റ് ഷോപ്പ് എന്നിവയാണ് പ്രധാനമായി മലയാളികളുടെ ഉടമസ്ഥതയിലുള്ളത്. മുൻകാലങ്ങളെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ കച്ചവടം കുറഞ്ഞതായി ഇവ൪ പറയുന്നു. തങ്ങൾക്ക് 20 ശതമാനത്തോളം കച്ചവടം കുറഞ്ഞിട്ടുണ്ടെന്ന് വ൪ഷങ്ങളായി ഇവിടെ എമിറേറ്റ്സ് ഹോട്ടൽ നടത്തുന്ന മഞ്ചേരി സ്വദേശി മുസ്തഫയും കാസറ്റ് കട നടത്തുന്ന കണ്ണൂ൪ സ്വദേശി ഹാഷിമും പുത്തനത്താണി സ്വദേശി കുഞ്ഞുമുഹമ്മദും ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഇവിടെ വിനോദ സഞ്ചാരികളുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇവിടെ നിന്ന് എട്ട് കിലോമീറ്റ൪ അകലെയുള്ള ഫ്രൈഡെ മാ൪ക്കറ്റ് ടൂറിസ്റ്റുകളുടെ പ്രധാന ആക൪ഷണ കേന്ദ്രമായിരുന്നു. നീണ്ട അവധി ദിനങ്ങളിൽ കിഴക്കൻ തീരത്തേക്ക് ഒഴുകിയെത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്ക് കാരണം ഈ ഭാഗങ്ങളിൽ വൻ ഗതാഗത കുരുക്കും അനുഭവപ്പെട്ടിരുന്നു. ഫ്രൈഡെ മാ൪ക്കറ്റിലെ കച്ചവടക്കാരിൽ ഭൂരിഭാഗവും ബംഗ്ളാദേശ് സ്വദേശികളാണ്. ഇവിടെയും മലയാളികൾ നടത്തുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. ഇവ൪ക്കെല്ലാം വ്യാപാരം കുറഞ്ഞതിൻെറ പ്രയാസങ്ങളാണ് പങ്കുവെക്കാനുള്ളത്.
പുതിയ റോഡ് വന്നതോടെ ഫുജൈറയിൽ നിന്ന് ദുബൈയിലേക്കുള്ള ദൂരം പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ 45 മിനിറ്റിനകം ദുബൈയിൽ എത്താൻ കഴിയും. ഇരുവശങ്ങളിലേക്കും മുന്ന് വരിപാതയിൽ സുഗമമായി യാത്ര ചെയ്യാമെന്നതും ഈ റോഡിൻെറ ആക൪ഷണമാണ്. പൂ൪ണമായി മലകൾ തുരന്നുണ്ടാക്കിയ ഈ പാതയോരങ്ങളിൽ കടകൾ തുറക്കാൻ സൗകര്യമില്ല.
എന്നാൽ ഖോ൪ഫുക്കാനിൽ നിന്ന് ദഫ്റയിലേക്ക് പണിയുന്ന പുതിയ റോഡ് പൂ൪ത്തിയായാൽ ഖോ൪ഫുക്കാനിൽ നിന്നും മറ്റും ഷാ൪ജയിലേക്ക് പോകുന്നവ൪ ഇതുവഴി വരുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കച്ചവടക്കാരിപ്പോൾ. 20 കിലോമീറ്റ൪ യാത്ര ചെയ്താൽ ഖോ൪ഫുക്കാനിൽ നിന്ന് മസാഫിയിൽ എത്താൻ കഴിയും. ഒട്ടേറെ തുരങ്കങ്ങളുള്ള ഈ പാത പൂ൪ത്തിയാക്കാൻ ഇനിയും വ൪ഷങ്ങളെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.