അബൂദബി: അത്യാധുനിക ഇലക്ട്രോണിക് കിയോസ്കുകൾ പ്രവ൪ത്തനമാരംഭിച്ചതോടെ പൊതുജനങ്ങൾക്ക് അബൂദബി മുനിസിപ്പാലിറ്റിയുമായുള്ള ഇടപാടുകൾ ലളിതവും സുഗമവുമായി. മുനിസിപ്പാലിറ്റി ആസ്ഥാനത്തെയും ബ്രാഞ്ചുകളിലെയും ഉപഭോക്തൃസേവന കേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, പെട്രോൾ സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് കിയോസ്കുകൾ സ്ഥാപിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വളരെ എളുപ്പം സേവനങ്ങൾ എത്തിക്കണമെന്ന മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് കിയോസ്കുകൾ തുടങ്ങിയതെന്ന് കസ്റ്റമ൪ സ൪വീസസ് ഡയറക്ട൪ മുഹമ്മദ് അലി അൽ മുറാ൪ പറഞ്ഞു. പൊതുജനങ്ങൾ ഏറ്റവും കൂടുതൽ സന്ദ൪ശിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അവിടങ്ങളിലാണ് ഡിജിറ്റൽ കിയോസ്കുകൾ സ്ഥാപിച്ചിരിക്കുന്നത്. വിജയകരമെന്ന് കണ്ടെതിനാൽ ഇവയുടെ എണ്ണം വ൪ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിയോസ്കുകളിലെ സ്വയം സേവന, ഇൻററാക്ടീവ് സ്ക്രീനിൽ വരുന്ന നി൪ദേശങ്ങൾ പ്രകാരം പൊതുജനങ്ങൾക്ക് ഇടപാട് നടത്താനാകും. പ്രാഥമികഘട്ടത്തിൽ ഭൂ-വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടതടക്കം മുനിസിപ്പാലിറ്റിയുടെ അഞ്ച് സേവനങ്ങൾ മാത്രമാണ് കിയോസ്കിലൂടെ ലഭ്യമാക്കുന്നത്. മുനിസിപ്പാലിറ്റി കൈകാര്യം ചെയ്യുന്ന ഇടപാടുകളിൽ 60 ശതമാനവും ഭൂമിയും വസ്തുക്കളുമായി ബന്ധപ്പെട്ടത് ആയതിനാലാണിത്. ഭാവിയിൽ പൊതുജനങ്ങൾക്ക് മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിലൂടെ തന്നെ ഇടപാടുകൾ നടത്താൻ കഴിയുന്ന സംവിധാനം ആലോചനയിലുണ്ടെന്നും മുഹമ്മദ് അലി അൽ മുറാ൪ പറഞ്ഞു.
കിയോസ്കുകളിൽ ഇടപാട് നടത്താൻ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിന് എമിറേറ്റ്സ് ഐഡി ഉപയോഗിക്കണം. ഫീസ് ക്രഡിറ്റ് കാ൪ഡ് വഴിയോ കിയോസ്കിലെ പ്രത്യേക ഭാഗത്ത് കറൻസി ഇട്ടോ അടക്കാം. അതിൻെറ രസീത് അപ്പോൾ തന്നെ ലഭിക്കും. ഇടപാട് നടന്നെന്നുള്ള ഒൗദ്യോഗിക രേഖയും കിയോസ്കിൽ നിന്ന് തന്നെ ലഭിക്കും. ഉടൻ തന്നെ മറ്റ് സ൪ക്കാ൪-അ൪ധ സ൪ക്കാ൪ സ്ഥാപനങ്ങളുമായുള്ള ഇടപാടുകളും മുനിസിപ്പാലിറ്റി കിയോസ്കുകൾ വഴി നടത്താനുള്ള ആലോചനയുമുണ്ട്. ഓരോ സ്ഥാപനത്തിനും ഓരോ പോ൪ട്ടൽ നൽകി കൊണ്ടായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ സംവിധാനം വന്നതോടെ ഇടപാടുകൾ കുറ്റമറ്റതാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.