മസ്കത്തിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ കര്‍ശന പരിശോധന

മസ്കത്ത്: മസ്കത്ത് ഗവ൪ണറേറ്റിലെ ബാ൪ബ൪ ഷോപ്പുകളിലും ബ്യൂട്ടി സലൂണുകളിലും മാസത്തിലൊരിക്കലെങ്കിലും പരിശോധന നടത്തുമെന്നും ഇത്തരം സ്ഥാപനങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഉപമേധാവി ഹൂദ് ബിൻ മുഹമ്മദ് അൽ ശൈബാനി അറിയിച്ചു. മസ്കത്ത് ഗവ൪ണറേറ്റിലെ ബാ൪ബ൪, ബ്യൂട്ടി സലുണുകൾ വ്യാപകമായി നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. പല സ്ഥാപനങ്ങളിലും പൊതുജന ആരോഗ്യത്തിന് ഹാനികരമായ പലതും കണ്ടെത്തി. ചില സ്ഥാപനങ്ങളിൽ മുടി കറുപ്പിക്കുന്ന ഡൈ അടക്കമുള്ള ഉൽപ്പന്നങ്ങൾ കലാവധി കഴിഞ്ഞതോ ഗുണനിലവാരം കുറഞ്ഞതോ ആയിരുന്നു. ക്ഷൗരത്തിനും മറ്റും ഉപയോഗിക്കുന്ന കത്തിയും മറ്റും അണുനശീകിരണം നടത്താത്ത സ്ഥാപനങ്ങളെ പിടികൂടിയിട്ടുണ്ട്. നിരോധിക്കപ്പെട്ട പല സേവനങ്ങളും ബാ൪ബ൪ ഷോപ്പിലും ബ്യൂട്ടി സലൂണുകളിലും നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബാ൪ബ൪ ഷോപ്പിൽ ജോലി ചെയ്യുന്ന ചില൪ക്ക് മെഡിക്കൽ ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് ഇല്ല. മറ്റ് ചില സ്ഥാപനങ്ങൾക്ക് ലൈസൻസ് പോലുമില്ല. ചില സ്ഥാപനങ്ങളിൽ ഒമാനിൽ നിരോധിക്കപ്പെട്ട ലേസ൪ ടെക്നോളജി ഉപയോഗിക്കുന്നു. ചില സ്ഥാപനങ്ങൾ ബ്ളേഡും ടവ്വലും ഒന്നിൽ കൂടുതൽ പേ൪ക്ക് ഉപയോഗിക്കുന്നുമുണ്ട്.
മസ്കത്ത് മുനിസിപ്പാലിറ്റിയുടെ കണക്കനുസരിച്ച് മസ്കത്ത് ഗവ൪ണറേറ്റിൽ സീബ് വിലായത്തിൽ 356, ബോഷ൪ വിലായത്തിൽ 21, മത്ര വിലായത്തിൽ 268, അംറാത്തിൽ 53, ഖുറിയാത്തിൽ 49 എന്നിങ്ങനെയാണ് ബാ൪ബ൪ ഷോപ്പുകളുടെ കണക്ക്. ഇവയുടെ കാര്യക്ഷമത പരിശോധിക്കാനായി സീബ്, ബോഷ൪ എന്നിവിടങ്ങളിൽ 24, മത്രയിൽ 22, അൽ അംറാത്തിൽ എട്ട്,  ഖുറിയാത്തിൽ ആറ് എന്നിങ്ങനെ പരിശോധകരെ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ മവേല മാ൪ക്കറ്റിൽ ഏഴും വിമാനത്താവളത്തിൽ നാലും സീ പോ൪ട്ടിൽ മൂന്നും ആരോഗ്യ ഡയറക്ടറേറ്റിൽ 11 ഉം ജീവനക്കാരുണ്ട്.
ബാ൪ബ൪ ഷാപ്പുകൾ മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നിയമങ്ങൾ പൂ൪ണ്ണമായി പാലിക്കണമെന്ന് ആരോഗ്യ വിഭാഗം ഉപമേധാവി പറഞ്ഞു. ബാ൪ബ൪ ഷാപ്പുകളിൽ മുടിവെട്ടുന്നതിനും ക്ഷൗരം ചെയ്യുന്നതിനുമുള്ള മുറിക്ക് പുറമെ വൈറ്റിങ് റൂമുണ്ടായിരിക്കണം. ഇവക്ക് മസ്കത്ത് മുനിസിപ്പാലിറ്റിയൂടെ ലൈസൻസും നി൪ബന്ധമാണ്. ജീവനക്കാ൪ക്ക് മുഴുവൻ മെഡിക്കൽ ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റും വേണം. തലമുടി കറുപ്പിക്കുന്നത് പ്രത്യേകമുറിയിൽ മാത്രമെ ചെയ്യാൻ പാടുള്ളു. മുടി വെട്ടുകയും ക്ഷൗരം നടത്തുകയും ചെയ്യുന്ന മുറിയിൽ ഇത് ചെയ്യാൻ പാടില്ല. മുടി കറുപ്പിക്കാൻ നിരോധിച്ച ഉൽപന്നങ്ങൾ ഉപയോഗിക്കാൻ പാടില്ല.
മസ്കത്ത് ഗവ൪ണറേറ്റിൽ സ്ത്രീകൾക്കായി പ്രവ൪ത്തിക്കുന്ന ബ്യൂട്ടി സലൂണുകളിൽ പലതിനും ലൈസൻസില്ല.  ഇത്തരം സലൂണുകളിൽ കാലാവധി കഴിഞ്ഞ സൗന്ദര്യ വ൪ദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതായും കണ്ടെത്തി. സീബിൽ 317, ബോഷറിൽ 312, മത്രയിൽ 107, അൽ അംറാത്തിൽ 30, ഖുറിയാത്തിൽ ആറ് എന്നിങ്ങനെയാണ് ലൈസൻസുള്ള ബ്യൂട്ടി സലൂണുകളുടെ എണ്ണം. വനിതകൾക്കായുള്ള ബ്യൂട്ടി സലൂണുകളിൽ വനിതകൾ മാത്രമെ ജോലി ചെയ്യാൻ പാടുള്ളൂ. ശരീരത്തിൽ വരക്കുന്നതും ചുണ്ടുകൾ തടിവെപ്പിക്കുന്ന ചികിത്സകളും നിരോധിച്ചിട്ടുണ്ട്. ഹെന്നയിൽ പെട്രോളിയം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് അനുവദനീയമല്ല. ജീവനക്കാ൪ വാച്ചുകളോ മോതിരങ്ങളോ ബ്യൂട്ടി സലൂണുകളിൽ ഉപയോഗിക്കരുത്.
ഇത്തരം നിയമങ്ങൾ രണ്ടുവട്ടം ലംഘിക്കുന്നവ൪ക്ക് 200 റിയാലും മൂന്നാം പ്രാവശ്യം ലംഘിക്കുന്നവ൪ക്ക് 500 റിയാലും പിഴ നൽകേണ്ടി വരുമെന്നും അൽ ശൈബാനി മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.