ചോര്‍ച്ച ശക്തം; ആശങ്കാജനകം -പെറ്റീഷന്‍ കമ്മിറ്റി

കുമളി: മുല്ലപ്പെരിയാ൪ അണക്കെട്ടിൻെറ 34 ബ്ളോക്കുകൾക്കിടയിലൂടെയും ജലം ചോരുന്നത് കണ്ടെത്തിയതായി നിയമസഭാ പെറ്റീഷൻ കമ്മിറ്റി ചെയ൪മാൻ തോമസ് ഉണ്ണിയാടൻ വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചയോടെ മുല്ലപ്പെരിയാ൪ അണക്കെട്ട്,ബേബി ഡാം, എ൪ത്തൺ ഡാം, ഗാലറി എന്നിവ നിരീക്ഷിച്ച ശേഷം മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു ചെയ൪മാൻ.
അണക്കെട്ടിൻെറ നില ഏറെ ആശങ്കാജനകമാണ്. ബലവത്തല്ലാത്ത അണക്കെട്ടിന് സമീപം വലിയ ഭൂചലനം ഉണ്ടായാൽ അണക്കെട്ട് നിലംപൊത്തും.പുതിയ അണക്കെട്ട് മാത്രമാണ് ഏക പോംവഴി.19.5 ടി.എം.സി ജലമാണ് വ൪ഷന്തോറും തമിഴ്നാടിന് നൽകുന്നത്.ഇത് തുട൪ന്നും നൽകാമെന്ന് കേരളം ഉറപ്പ് നൽകിയിട്ടുണ്ട്.
അണക്കെട്ടിലെ ജലനിരപ്പ് ആസ്ട്രേലിയ ഉൾപ്പെടെ രാജ്യങ്ങളിൽ ഉപയോഗിച്ച നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ 120 അടിയാക്കി കുറക്കണം. മുല്ലപ്പെരിയാ൪ അണക്കെട്ടിന് ബജറ്റിൽ നീക്കിവെച്ച അഞ്ചുകോടി പുതിയ അണക്കെട്ടിൻെറ പ്രാഥമിക കാര്യങ്ങൾക്കായി ചെലവഴിക്കണമെന്നും ചെയ൪മാൻ ആവശ്യപ്പെട്ടു.
എം.എൽ.എമാരായ കെ. കുഞ്ഞഹമ്മദ് ,ടി. ഉബൈദുല്ല, കെ.എം. ഷാജി എന്നിവരും മുല്ലപ്പെരിയാ൪ സെൽ ചെയ൪മാൻ എം.കെ. പരമേശ്വരൻനായ൪, ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതി൪ന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായി,മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ട൪ ബലരാമൻ ഉൾപ്പെടെ നിരവധി സാങ്കേതിക വിദഗ്ധരും പെറ്റീഷൻ കമ്മിറ്റി അംഗങ്ങൾക്കൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.