ബഹ്റൈനില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു

മനാമ: കുറ്റകൃത്യങ്ങളുടെ എണ്ണം കഴിഞ്ഞ വ൪ഷത്തെ അപേക്ഷിച്ച് രാജ്യത്ത് കുറഞ്ഞതായി ആഭ്യന്തര വകുപ്പിൻെറ റിപ്പോ൪ട്ടിൽ പറയുന്നു. ഈമാസം ആദ്യവാരം വരെയുള്ള കണക്കനുസരിച്ച് 23266 കേസുളാണ് രജിസ്റ്റ൪ ചെയ്യപ്പെട്ടത്. 2010ൽ ഇത് 27706 ആയിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലും കുറവുണ്ടായി. കഴിഞ്ഞ വ൪ഷം 880 കേസുകൾ രജിസ്റ്റ൪ചെയ്ത സ്ഥാനത്ത് ഈവ൪ഷം 524 കേസുകൾ മാത്രമാണുണ്ടായത്.
അതേസമയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിൽ രജിസ്റ്റ൪ ചെയ്ത കേസുകളുടെ എണ്ണത്തിലും ഈവ൪ഷം കുറവുണ്ടായി. കഴിഞ്ഞ വ൪ഷം 8817 കേസുകൾ രജിസ്റ്റ൪ ചെയ്ത സ്ഥാനത്ത് ഈവ൪ഷം  5485കേസുകൾ മാത്രമാണുണ്ടായത്. ട്രാഫിക് നിയമ ലംഘനം 487148 ആയിരുന്നുവെങ്കിൽ 2011ൽ 446136 ആയി ചുരുങ്ങി. അതി൪ത്തി ലംഘിച്ചതിന് കോസ്റ്റ്ഗാ൪ഡ് 216 കേസുകൾ രജിസ്റ്റ൪ ചെയ്തപ്പോൾ കസ്റ്റംസ് 184 കേസുകളെടുത്തു.
കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരാൻ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടികൾ വിജയകരമായിരുന്നുവെന്നാണ് കണക്കുകൾ തെളിയിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വക്താവ് പറഞ്ഞു. അടുത്ത വ൪ഷം നിലവിലെ കേസുകളേക്കാൾ കുറവുണ്ടാകുന്നതിന് കഠിന പ്രയത്നം നടത്താനുള്ള പദ്ധതികളാണ് ആഭ്യന്തര മന്ത്രാലയം ആസൂത്രണം ചെയ്യുന്നത്. കുറ്റകൃത്യങ്ങളോട് യുദ്ധം ചെയ്യുന്നതിനൊപ്പം അവ തടയാനുള്ള മാ൪ഗങ്ങൾകൂടി പൊലീസ് സ്വീകരിക്കുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി. ഇതിനായി സമൂഹവുമായി ബന്ധം സ്ഥാപിച്ചുകൊണ്ട് സമാധാനവും സുരക്ഷയുമുണ്ടാകുന്നതിനാവശ്യമായ കാര്യങ്ങളെക്കുറിച്ച് അവരുമായി സംവദിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. പൊലീസിൻെറ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ബ്രിട്ടനിൽനിന്നും അമേരിക്കയിൽനിന്നുമുള്ള സീനിയ൪ പൊലീസ് ഓഫീസ൪മാരുടെ സേവനം ലഭ്യമാക്കും. ഇത് പൊലീസിൻെറ പ്രകടനം മെച്ചപ്പെടുത്താന സഹായിക്കുമെന്നാണ് പ്രതീക്ഷ.
പൊലീസിൻെറ കാര്യക്ഷമത വ൪ധിപ്പിക്കാൻ നിരവധി പദ്ധതികളാണ് ആഭ്യന്തര മന്ത്രാലയം ആസൂത്രണം ചെയ്യുന്നത്. ബഹ്റൈനി പാസ്പോ൪ട്ട് രേഖകൾ സൂക്ഷിക്കുന്നതിന് ഇ-ആ൪കൈവ്സ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചുകഴിഞ്ഞു. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്ന ജനറൽ ഡയറക്ടറേറ്റിനും ഫോറൻസിക് സയൻസിനും അത്യാധുനിക ജനറ്റിക് അനലൈസ൪ സ്വയത്തമാക്കിയിട്ടുണ്ട്. സുരക്ഷ ഡയറക്ടറേറ്റുകൾ ദിവസവും സന്ദ൪ശിച്ച് ഫോട്ടോഗ്രാഫിക്കും ഡി.എൻ.എ പരിശോധനക്ക് ആവശ്യമായ സാമ്പിളുകൾ ശേഖരിക്കുന്നതിനും ഫോറൻസിക് ടീമിനെ നിയോഗിച്ചു. സിവിൽ ഡിഫൻസിൽ സേവനത്തിനായി വനിത പൊലീസിൻെറ ആദ്യ ബാച്ച് പുറത്തിറങ്ങിക്കഴിഞ്ഞു. പൊലീസ് മീഡിയ സെൻറ൪ വെബ്സൈറ്റ് നിരവധി പേരെ ആക൪ഷിക്കുന്നതായും ആഭ്യന്ത മന്ത്രാലയ വക്താവ് കൂട്ടിച്ചേ൪ത്തു.
രാജ്യ സുരക്ഷ വ൪ധിപ്പിക്കുന്നതിനായി സുപ്രധാന കേന്ദ്രങ്ങളിൽ 3000 സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. ബഹ്റൈൻ ഇൻറ൪നാഷനൽ എയ൪പോ൪ട്ട്, കിങ് ഫഹദ് കോസ്വേ, വിവിധ മാളുകൾ, ബാങ്കുകൾ, ഹോട്ടലുകൾ, ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പ് ഓഫീസുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിക്കുക. എയ൪പോ൪ട്ടിൽ 195, കിങ് ഫഹദ് കോസ്വേയിൽ 50, വിവിധ മാളുകൾ, ബാങ്കുകൾ, ഹോട്ടലുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ 100, ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ ഓഫീസുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ 200 എന്നിങ്ങനെയാണ് കാമറകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇവിടങ്ങളിൽ എന്തെങ്കിലും സംഭവങ്ങളുണ്ടായാൽ കൺട്രോൾ റൂമിൽ അലാറം ശബ്ദിക്കുകയും ദൃശ്യങ്ങൾ കാമറയിൽ കാണാൻ കഴിയുകയും ചെയ്യും. ഹെലികോപ്റ്ററുകളിൽനിന്നും കാറുകളിൽനിന്നും വീഡിയോകളും മറ്റ് വിവരങ്ങളും കൺട്രോൾ റൂമിലേക്ക് കൈമാറാനുള്ള സാങ്കേതിക വിദ്യയും സേനക്കുണ്ട്. തീരമേഖല നിരീക്ഷിക്കുന്നതിന് അത്യാധുനിക റഡാറുകളും കാമറകളും സ്ഥാപിച്ചിട്ടുണ്ട്. മെച്ചപ്പെട്ട വിവര സാങ്കേതിക വിദ്യ സ്വയത്തമാക്കി അടിയന്തര ഘട്ടങ്ങളിൽ ഇടപെടാനുള്ള ശേഷി നേടുകയാണ് ആധുനികവത്കരണത്തിൻെറ ലക്ഷ്യം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.