രണ്ട് മില്യന്‍ ദിര്‍ഹത്തിന്‍െറ മോഷണ മുതലുകളുമായി ആറംഗ സംഘം പിടിയില്‍

ദുബൈ: ഷാ൪ജയിലെ വിവിധ വെയ൪ഹൗസുകളിൽ നിന്ന് വിലകൂടിയ വാച്ചുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ച ആറംഗ സംഘത്തെ പൊലീസ് പിടികൂടി. മൊത്തം രണ്ട് മില്യൻ ദി൪ഹത്തിൻെറ ഉപകരണങ്ങളാണ് മോഷ്ടിച്ചത്. 500 മുതൽ 1000 വരെ വാച്ചുകൾ അടങ്ങിയ 200 പെട്ടികളാണ് ഇവ൪ പ്രധാനമായി മോഷ്ടിച്ചത്. ഇവയിലേറെയും വിലകൂടിയ ആഢംബര വാച്ചുകളാണ്. ഇതിന് പുറമെ റഫ്രിജറേറ്ററുകൾ, ഡി.വി.ഡി പ്ളെയ൪ തുടങ്ങിയവയും സംഘം മോഷ്ടിച്ചിരുന്നു.
പാക് സ്വദേശി എം.പി ഖാൻ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് മോഷണം നടത്തിയത്. ഷാ൪ജ വ്യവസായ മേഖല 13ലെ കമ്പനിയുടെ വെയ൪ഹൗസ് കുത്തിത്തുറന്നായിരുന്നു മോഷണം. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ നിയോഗിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. രണ്ട് പാക് സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതിൽ ഒരാൾ ഷാ൪ജയിലും മറ്റൊരാൾ ദുബൈയിലുമാണ് താമസിച്ചിരുന്നത്. ഷാ൪ജയിൽ താമസിക്കുന്ന പാക് സ്വദേശിയാണ് ആദ്യം പിടിയിലായത്. പിന്നീട് ദുബൈ പൊലീസിൻെറ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിൽ സംഘത്തലവനായ എം.പി ഖാനെയും വലയിലാക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ സംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ച് സൂചന നൽകി. പ്രദേശത്തെ മറ്റൊരു സംഘത്തിൻെറ സഹായത്തോടെയാണ് ഇവ൪ വെയ൪ഹൗസുകളിൽ നിന്ന് ഉപകരണങ്ങൾ കടത്തിയിരുന്നത്. ഇവരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. മോഷണ മുതലുകൾ പിക്കപ്പിൽ കയറ്റിയാണ് സംഘം രഹസ്യ കേന്ദ്രത്തിലെത്തിച്ചിരുന്നത്. ഷാ൪ജയിലെ തന്നെ ഒരു വെയ൪ഹൗസിൽ സൂക്ഷിച്ച ശേഷം വിവിധ എമിറേറ്റുകളിൽ വിൽപന നടത്തുകയായിരുന്നു സംഘത്തിൻെറ രീതി. പ്രതികളെ പിന്നീട് ഷാ൪ജ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
ഷാ൪ജയിലേതടക്കമുള്ള വെയ൪ഹൗസുകൾ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങൾ നടത്തുന്ന കൊള്ളകൾക്കെതിരെ വ്യാപാര സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.