രാജ്യം ഒരുങ്ങുന്നു, അതിരില്ലാത്ത ആഘോഷത്തിന്

ദോഹ:  ഖത്തറിൻെറ ഐക്യവും ജനങ്ങളുടെ ദേശക്കൂറും വിളിച്ചോതുന്ന ദേശീയ ദിനാഘോഷം അവിസ്മരണീയവും പ്രൗഢോജ്ജ്വലവുമാക്കാൻ രാജ്യമെങ്ങും ഒരുങ്ങുന്നു. വിവിധ മന്ത്രാലയങ്ങളും സ൪ക്കാ൪ സ്ഥാപനങ്ങളും കോ൪പറേറ്റ്, സ്വകാര്യ സ്ഥാപനങ്ങളും ആഘോഷത്തിൻെറ ഭാഗമായി സ്വദേശികൾക്കും വിദേശികൾക്കുമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ദോഹയുടെ തെരുവോരങ്ങൾ ദേശീയ പതാകകളാലും വ൪ണവിളക്കുകളാലും അലംകൃമായി കഴിഞ്ഞു. പ്രധാന വ്യാപാരകേന്ദ്രങ്ങളും ഷോപ്പിംഗ് ആ൪ക്കേഡുകളും കലാ, സാംസ്കാരിക കേന്ദ്രങ്ങളും പ്രധാന പാ൪പ്പിടമേഖലകളും  18ന് പ്രധാന ആഘോഷപരിപാടികൾ നടക്കുന്ന കോ൪ണിഷ് കടലോവരുമെല്ലാം ദേശീയദിനത്തെ വരവേൽക്കാനായി ദേശീയപതാകകളും ബഹുവ൪ണ തോരണങ്ങളും നിയോൺ വിളക്കുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ദേശീയദിനമായ ഈ മാസം 18 ഞായറാഴ്ച രാജ്യത്ത് പൊതു അവധയായി അമീരി ദിവാൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കലാ, സാംസ്കാരിക പരിപാടികൾക്ക് പുറമെ കായികപ്രേമികൾക്കായി  വിവിധ സംഘടനകൾ ഫുട്ബാൾ, ഹാൻറ്ബാൾ, ക്രിക്കറ്റ് തുടങ്ങിയ  മൽസരങ്ങളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
ഖത്തറിൻെറ സാംസ്കാരികത്തനിമയുടെയും പരമ്പരാഗത വാസ്തുശിൽപകലയുടെയും അടയാളങ്ങളായ കത്താറ കൾച്ചറൽ വില്ളേജ്, ഹെറിറ്റേജ് വില്ളേജ്, ഫനാ൪ കൾച്ചറൽ സെൻറ൪, സൂഖ് വാഖിഫ്, വക്റ സീലൈൻ മാ൪ക്കറ്റ്  എന്നിവിടങ്ങളാണ് കലാ, സാംസ്കാരിക പരിപാടികൾക്ക് പ്രധാനമായും വേദിയാകുന്നത്.  അൽ സദ്ദിലെ ദ൪ബ് അൽ സായിയിൽ നടക്കുന്ന ആഘോഷപരിപടികൾ കലാ, സാംസ്കാരിക, പൈതൃക വകുപ്പ് മന്ത്രി ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരിയാണ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്. ഖത്തരി പാരമ്പര്യത്തിൻെറ സൗന്ദര്യവും ലാളിത്യവും നിറഞ്ഞുനിൽക്കുന്നതായിരുന്നു ചടങ്ങ്.
ഖത്ത൪ യൂനിവേഴ്സിറ്റി, ഖത്ത൪ അക്കാദമി, റാസ്ഗ്യാസ്, മുശൈരിബ് പ്രോപ്പ൪ട്ടീസ്, ഖത്ത൪ നാഷനൽ ബാങ്ക്, ക്യുടെൽ എന്നിവയും ദേശീയദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. റാസ്ഗ്യാസ് തയ്യറാക്കിയ 1944 ചതുരശ്ര മീറ്റ൪ വലുപ്പമുള്ള ബാന൪ ഏവരുടെയും ശ്രദ്ധയാക൪ഷിക്കുന്നതാണ്. രാജ്യത്തെ ഏറ്റവും വലിയ  ബാന൪ എന്ന ബഹുമതി കൂടി ഇത് നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.