അബൂദബി: മൂന്നാമത് കേരള സോഷ്യൽ സെൻറ൪ നാടകോത്സവം നാളെ മുതൽ 29 വരെ കെ.എസ്.സി അങ്കണത്തിൽ നടക്കുമെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. യു.എ.ഇയിലെ നാടകാസ്വാദക൪ക്കിടയിൽ വലിയ സ്വീകാര്യത നേടിയെടുത്ത നാടകമേള ഈ വ൪ഷം മുതൽ ‘ഭരത് മുരളി നാടകോത്സവം’ എന്ന പേരിലാണ് നടത്തുന്നത്. ഏഴ് നാടകങ്ങളാണ് ഇത്തവണ അരങ്ങിലെത്തുന്നത്. എല്ലാ ദിവസവും രാത്രി 8.30നാണ് നാടകം തുടങ്ങുക.
നാളെ സി.വി. ബാലകൃഷ്ണൻെറ നോവലിനെ ആസ്പദമാക്കി സുവീരൻ രചനയും സംവിധാനവും നി൪വഹിച്ച ‘ആയുസ്സിൻെറ പുസ്തകം’ നാടക സൗഹൃദം അബൂദബി അവതരിപ്പിക്കും. 18ന് യുവകലാസാഹിതി അബൂദബി ബെഹ്തോൾഡ് ബ്രഹ്തിൻെറ ‘ത്രീപെനി ഓപ്പറ’ (സംവിധാനം: സാംജോ൪ജ്), 20ന് കല അബൂദബി ‘ശബ്ദവും വെളിച്ചവും (രചന: ഗിരീഷ് ഗ്രാമിക, സംവിധാനം: ബാബു അന്നൂ൪), 22ന് അബൂദബി ശക്തി തിയറ്റേഴ്സ് ‘ഘടക൪പ്പരന്മാ൪’ (രചന: എ. ശാന്തകുമാ൪, സംവിധാനം: സാംകുട്ടി പട്ടംകരി), 23ന് ദല ദുബൈ ചിന്നപാപ്പാൻ (രചന: വി.ആ൪. സുരേന്ദ്രൻ, സംവിധാനം: കണ്ണൂ൪ വാസൂട്ടി), 26ന് അബൂദബി ഫ്രണ്ട്സ് ഓഫ് എ.ഡി.എം.എസ് ‘പുതുപ്പണം കോട്ട’ (രചന: തിക്കോടിയൻ, സംവിധാനം: പള്ളിക്കൽ ശുജാഹി), 28ന് യുവകലാസാഹിതി അൽഐൻ ‘സ൪പ്പം’ (രചന, സംവിധാനം: സാജിദ് കൊടിഞ്ഞി) എന്നീ നാടകങ്ങൾ അവതരിപ്പിക്കും.
29ന് രാത്രി എട്ടിന് കല അബൂദബിയുടെ ‘മണ്ണ്’ എന്ന ലഘുനാടകവും (മത്സരത്തിൽ ഉൾപ്പെടുന്നതല്ല) അവതരിപ്പിക്കപ്പെട്ട നാടകങ്ങളുടെ അവലോകനവും വിധിപ്രഖ്യാപനവും സമ്മാനദാനവും നടക്കും.
നാടകം വിലിയിരുത്തുന്നത് പ്രശസ്ത സംവിധായകൻ പ്രിയനന്ദനനും കേരളത്തിൽ തിയറ്റ൪ നാടകങ്ങളിലൂടെ ശ്രദ്ധേയയായ ഷൈലജയുമാണ്.
മികച്ച നാടകത്തിന് 10,000 ദി൪ഹമാണ് സമ്മാനം. രണ്ടാമത്തെ നാടകത്തിന് 7000 ദി൪ഹം നൽകും. മികച്ച നാടക സംവിധായകന് ‘അശോകൻ കതിരൂ൪’ സ്മാരക ട്രോഫിയും സമ്മാനിക്കും. മികച്ച നടൻ, നടി, രംഗസംവിധാനം, ബാലതാരം തുടങ്ങിയ വിഭാഗങ്ങളിലും സമ്മാനങ്ങളുണ്ട്.
വാ൪ത്താസമ്മേളനത്തിൽ കെ.എസ്.സി പ്രസിഡൻറ് കെ.ബി. മുരളി, സെക്രട്ടറി അഡ്വ. അൻസാരി, വൈസ് പ്രസിഡൻറ് ബാബു വടകര, കലാവിഭാഗം സെക്രട്ടറി മോഹൻദാസ്, കലാവിഭാഗം ജോ. സെക്രട്ടറി ഗോപാൽ, അഹല്യ എക്സ്ചേഞ്ച് അസി. ജനറൽ മാനേജ൪ കെ.എച്ച്. ബിമൽ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.