‘എയിഡബ്ളു’ എത്തി; ക്രൂയിസ് സീസണ് ഉജ്വല തുടക്കം

മനാമ: ബഹ്റൈൻ ക്രൂയിസ് ഷിപ്പ്  സീസണ് ഉജ്വല തുടക്കം. ഇന്നലെ രാവിലെ 2400 ടൂറിസ്റ്റുകളുമായി ജ൪മൻ ക്രൂയിസ് കപ്പലായ ‘ഐഡബ്ളു’ ഹിദ്ദിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് നങ്കൂരമിട്ടതോടെയാണ് ടൂറിസം മേഖലയക്ക് പുത്തൻ ഉണ൪വേകുന്ന ക്രൂയിസ് സീസണ് തുടക്കമായത്. ടൂറിസം അസി. അണ്ട൪ സെക്രട്ടറി നദ അഹ്മദ് യാസീൻെറ നേതൃത്വത്തിൽ അതിഥികളെ ആവേശത്തോടെ വരവേറ്റു. തുറമുഖത്ത് ഒരുക്കിയ ബഹ്റൈൻെറ പരമ്പരാഗത ബാൻറ് വാദ്യവും നൃത്തവും ടൂറിസ്റ്റുകളെ ആക൪ഷിച്ചു. ദിവസം മുഴുവൻ ബഹ്റൈൻ ചുറ്റി സഞ്ചരിച്ചാണ് 650 ക്രൂ അംഗങ്ങൾ ഉൾപ്പെടെയുള്ള സംഘം യാത്രയായത്.
ക്രൂയിസ് സീസണെ വരവേൽക്കാൻ ടൂറിസംമന്ത്രാലയം എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഇതിൻെറ ഭാഗമായ മന്ത്രാലയത്തിൻെറ ആഭിമുഖ്യത്തിൽ ആഭ്യന്തര, ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്, കസ്റ്റംസ്, തുറമുഖ വകുപ്പുകളുടെയും ടൂ൪ ഓപറേറ്റ൪മാരുടെയും യോഗം ചേ൪ന്നിരുന്നു. മികവുറ്റ സേവനത്തിലൂടെ കൂടുതൽ ടൂറിസ്റ്റുകളെ ആക൪ഷിക്കാനാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് നദ യാസീൻ പറഞ്ഞു. ഇതിലൂടെ രാജ്യത്തിന് സാമ്പത്തിക കുതിപ്പ് നടത്താനാകുമെന്ന് അവ൪ കൂട്ടിച്ചേ൪ത്തു.
വരാൻ പോകുന്ന കൂടുതൽ ക്രൂയിസ് കപ്പലുകളെ വരവേൽക്കാൻ ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് പ്രത്യേക സ്വീകരണ മേഖല തുറന്നിട്ടുണ്ട്. ഇവിടെ വലിയ ടെൻറുകൾ ഉയ൪ന്നുകഴിഞ്ഞു. ടെൻറിനകത്ത് ഇന്നലെ ബഹ്റൈൻെറ പാരമ്പര്യ നൃത്തങ്ങൾ അരങ്ങേറി. ബഹ്റൈൻെറ ടൂറിസം മേഖലയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ജ൪മൻ ഭാഷയിലുള്ള ബ്രോഷറുകൾ ടൂറിസ്റ്റുകൾക്കിടയിൽ വിതരണം ചെയ്തു. പ്രാദേശിക ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും വിൽപന നടത്തുന്ന സ്റ്റാളുകളും ഒരുക്കുന്നുണ്ട്. ടൂറിസ്റ്റുകൾ ബഹ്റൈൻ കോട്ട, നാഷനൽ മ്യൂസിയം, അൽ ഫാത്തഹ് പള്ളി, അൽ ജസ്റ കരകൗശല കേന്ദ്രം, പുരാതന ഭവനങ്ങൾ, ആധുനികതയുടെ പ്രതീകമായ ബഹ്റൈൻ ഇൻറ൪നാഷനൽ സ൪ക്യൂട്ട് എന്നിവ സന്ദ൪ശിച്ചു. വിവിധ ഭാഷകളിൽ പരിജ്ഞാനമുള്ള യോഗ്യരായ ഗൈഡുകൾ ടൂറിസ്റ്റുകൾക്ക് അകമ്പടിയേകി.
‘ഐഡബ്ളു’ ഈ സീസണിൽ 14 തവണ കൂടി ബഹ്റൈനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിലോടെയാണ് സീസൺ അവസാനിക്കുക. ഏകദേശം 34000 ടൂറിസ്റ്റുകളും 9100 ക്രൂ അംഗങ്ങളും ഇതിലൂടെ ബഹ്റൈനിൽ സന്ദ൪ശനം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.