ആന്‍റണി കൊലക്കേസ്: തമിഴ് യുവാവിന് രണ്ട് ലക്ഷം റിയാല്‍ പിഴയും അഞ്ചുവര്‍ഷ തടവും

റിയാദ്: തമിഴ്നാട് സ്വദേശി ആൻറണി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയായ തമിഴ് യുവാവിന് അഞ്ചുവ൪ഷം തടവും രണ്ട് ലക്ഷം റിയാൽ പിഴയും സൗദി ശരീഅ കോടതി വിധിച്ചു. കൂട്ടുപ്രതികളായ മൂന്ന് തമിഴ൪ക്ക് രണ്ടുവ൪ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. കന്യാകുമാരി ജില്ലയിലെ നാഗ൪കോവിൽ, കറുങ്കൽ സ്വദേശി ആൻറണി (42) റിയാദിലെ ശുമേസിയിൽ കൊല്ലപ്പെട്ട കേസിലാണ് മുഖ്യപ്രതി നാഗ൪കോവിൽ സ്വദേശികളായ പളനി (29), രാജലംഗം (31), തഞ്ചാവൂ൪ സ്വദേശി ഫാറൂഖ് (35), ചിദംബരം സ്വദേശി കലയപെരുമാൾ (35) എന്നിവ൪ ശിക്ഷിക്കപ്പെട്ടത്.
വിചാരണ തടങ്കലിൽ നാലുവ൪ഷം പൂ൪ത്തിയാക്കിയതിനാൽ പളനിയൊഴികെ മറ്റുള്ളവ൪ക്ക് താമസിയാതെ മോചനം സാധ്യമാവുമെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. എന്നാൽ മുഖ്യപ്രതിയെന്ന നിലയിൽ അഞ്ചുവ൪ഷ കാലാവധി പൂ൪ത്തിയാക്കുകയും കൊല്ലപ്പെട്ട ആൻറണിയുടെ അനന്തരാവകാശിക്ക് രണ്ട് ലക്ഷം റിയാൽ നൽകുകയും ചെയ്താൽ മാത്രമേ പളനിയുടെ കാര്യത്തിൽ തീരുമാനമാകൂ . ശുമേസിയിൽ കുടുംബസമേതം താമസിച്ചിരുന്ന ആൻറണി 2007 ഡിസംബ൪ 18ന് രാത്രിയിൽ സ്വന്തം ഫ്ളാറ്റിന് സമീപത്തുള്ള ഫ്ളാറ്റിലാണ് കൊല്ലപ്പെട്ടത്. കെട്ടിട നി൪മാണ ജോലികൾ കരാറെടുത്തു നടത്തിയിരുന്ന ഇയാളും സമാനമായ ജോലിയിലേ൪പ്പെട്ടിരുന്ന നാഗ൪കോവിൽ സ്വദേശി കണ്ണനും തമ്മിലുണ്ടായ കശപിശയാണത്രെ കൊലപാതകത്തിൽ കലാശിച്ചത്.
കണ്ണൻ അവധിക്ക് നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു സംഭവം. കണ്ണനും ആൻറണിയും തമ്മിലുള്ള ബഹളം കേട്ടെത്തിയ കണ്ണൻെറ സഹോദരൻ പളനി എടുത്തെറിഞ്ഞ ചുറ്റികകൊണ്ട് തലയിലുണ്ടായ മുറിവാണത്രെ ആൻറണിയുടെ മരണകാരണം. ആശുപത്രിയിലെത്തിയയുടൻ ആൻറണി മരിച്ചു. കണ്ണൻ അന്നു രാത്രി തന്നെ നാട്ടിലേക്ക് പോയി. പിന്നീട് മടങ്ങിവന്നതുമില്ല. പളനിക്ക് പുറമെ കേസന്വേഷണത്തിൻെറ ഭാഗമായാണ് മറ്റുള്ളവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. അന്നുമുതൽ നാലുപേരും റിയാദിലെ മലസ് ജയിലിലാണ്.
 രണ്ട് ലക്ഷം റിയാൽ കോടതിയിൽ കെട്ടിവെച്ചാലേ പളനിക്ക് മോചനം കിട്ടൂ. പണം കെട്ടിവെക്കുന്നതുവരെ ജയിൽവാസം നീണ്ടുപോകും. നി൪ധന കുടുംബങ്ങളാണ് നാലുപ്രതികളുടേതും. പളനിയും രാജലിംഗവും കലയപെരുമാളും അവിവാഹിതരാണ്. രണ്ടു ലക്ഷം റിയാൽ പളനിയുടെ കുടുംബത്തിന് സ്വപ്നം പോലും കാണാനാവാത്ത തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.