മാനനഷ്ടക്കേസ് രാഷ്ട്രീയ ആയുധമല്ല –സുപ്രീംകോടതി

ന്യൂഡല്‍ഹി: മാനനഷ്ടക്കേസ് രാഷ്ട്രീയ ആയുധമല്ളെന്ന് സുപ്രീംകോടതി. സര്‍ക്കാറിനെ വിമര്‍ശിച്ചതിന് ഒരു വ്യക്തിയെ മാനനഷ്ടക്കേസില്‍ ശിക്ഷാനടപടിക്ക് വിധേയമാക്കാന്‍ കഴിയില്ളെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, രോഹിന്‍ടണ്‍ നരിമാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ഓര്‍മിപ്പിച്ചു. സര്‍ക്കാറിനെ വിമര്‍ശിച്ച രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നിരവധി മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്ത ജയലളിതക്ക് തിരിച്ചടി നല്‍കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ഡി.എം.ഡി.കെ തലവന്‍ ക്യാപ്റ്റന്‍ വിജയകാന്ത് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ആഞ്ഞടിച്ചത്. ജയലളിതയുടെ മാനനഷ്ടക്കേസില്‍ തിരുപ്പൂരിലെ വിചാരണകോടതി വിജയകാന്തിനും ഡി.എം.ഡി.കെ നേതാവുകൂടിയായ ഭാര്യ പ്രേമലതക്കുമെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്‍റ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത മാനനഷ്ടക്കേസില്‍ ഇരുവരും കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു തിരുപ്പൂര്‍ കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തില്‍ ജയലളിത തമിഴ്നാട്ടില്‍ മാനനഷ്ടക്കേസ് പ്രയോഗിക്കുകയാണെന്ന് വിജയകാന്ത് സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. ജയലളിതയുടെ ഭരണകൂടത്തിന് കീഴില്‍ ഒരു പ്രോസിക്യൂട്ടര്‍ അവരുടെ പോസ്റ്റ്ഓഫിസ് പോലെ പ്രവര്‍ത്തിക്കുകയാണെന്ന് വിജയകാന്ത് ഹരജിയില്‍ ആരോപിച്ചു.

ഇക്കാര്യം പ്രത്യേകം കുറിച്ചുവെച്ച സുപ്രീംകോടതി, ജയലളിത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാമാജികര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ മാനനഷ്ടക്കേസുകളുടെയും പട്ടിക രണ്ടാഴ്ചക്കകം സമര്‍പ്പിക്കാന്‍ തമിഴ്നാടിന് നിര്‍ദേശം നല്‍കി. ഒരു സര്‍ക്കാറിനെ വിമര്‍ശിച്ചതിന്‍െറ പേരില്‍ ഒരു ഉദ്യോഗസ്ഥനോ സാമാജികനോ എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നത് ഒട്ടും ഊഷ്മളമല്ലാത്ത ഫലമാണുണ്ടാക്കുകയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.വിമര്‍ശത്തോട് സഹിഷ്ണുതയുണ്ടാകണം. അപകീര്‍ത്തി നിയമം  ാഷ്ട്രീയ ആയുധമായി ഉപയോഗിക്കരുത്. ഒരിടത്ത് 5000 മാനനഷ്ടക്കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്താല്‍ സംരക്ഷണം നല്‍കാന്‍ തങ്ങള്‍ക്ക് മുന്നിട്ടിറങ്ങേണ്ടി വരുമെന്ന്  സുപ്രീംകോടതി ഓര്‍മിപ്പിച്ചു. ജയലളിതയുടെ മോശമായ ആരോഗ്യ സ്ഥിതിയെ പരാമര്‍ശിച്ചും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചും വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കും സംസാരിച്ച രാഷ്ട്രീയ എതിരാളികള്‍ക്കുമെതിരെ നിരവധി കേസുകളാണ് തമിഴ്നാട് മുഖ്യമന്ത്രി ഫയല്‍ ചെയ്തത്.

അഭിപ്രായ സ്വാതന്ത്ര്യം പരമമായ ഒന്നല്ളെന്നും മാനനഷ്ടമുണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും കഴിഞ്ഞ മേയില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിനെ നയിച്ചിരുന്ന ജസ്റ്റിസ് ദീപക് മിശ്രതന്നെയാണ് മാനനഷ്ടക്കേസുകള്‍ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാന്‍ ഉപയോഗിക്കരുതെന്ന് വ്യാഴാഴ്ച ആവശ്യപ്പെട്ട ബെഞ്ചിനും നേതൃത്വം നല്‍കിയെന്നത് ശ്രദ്ധേയമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.