ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാന റാഞ്ചിക്കെതിരെ വ്യാജരേഖ ചമച്ചതിന് സി.ബി.ഐ കുറ്റപത്രം

ന്യൂഡല്‍ഹി: 1984ല്‍ ശ്രീനഗര്‍-ന്യൂഡല്‍ഹി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കറാച്ചിയിലേക്ക് തട്ടിക്കൊണ്ടുപോയ ഖലിസ്താന്‍ തീവ്രവാദിക്കെതിരെ സി.ബി.ഐ വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. കാനഡയിലേക്ക് കുടിയേറുന്നതിന് ബല്‍ബീര്‍ സിങ് എന്ന പേരില്‍ വ്യാജ അഫ്ഗാന്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചെന്നാണ് ഹര്‍ഫാന്‍ മൗല എന്ന പര്‍മീന്ദര്‍ സിങ് സെയ്നിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. 1995ല്‍ പാകിസ്താനില്‍ കഴിയവെയാണ് ഇയാള്‍ വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചത്. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് കാനഡയിലേക്ക് കുടിയേറിയ പര്‍മീന്ദര്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ഡ്രൈവിങ് ലൈസന്‍സും സാമൂഹിക സുരക്ഷാ ലൈസന്‍സും സംഘടിപ്പിച്ചു.

1984 ജൂലൈ അഞ്ചിന് ബുദ്ഗാം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത വിമാനം തട്ടിക്കൊണ്ടുപോകല്‍ കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഇതേ കേസില്‍ ഇയാള്‍ക്ക് പാകിസ്താനില്‍ പരമാവധി ശിക്ഷ ലഭിച്ച സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം നിലച്ചത്. പിന്നീട് മോചിതനായ പര്‍മീന്ദര്‍ സിങ്, ബല്‍ബീര്‍ സിങ് എന്ന പേരില്‍ കാനഡയിലേക്ക് പോവുകയായിരുന്നു. 1995ലാണ് ഇയാളുടെ തട്ടിപ്പ് കാനഡയില്‍ വെളിച്ചത്തുവന്നത്. തുടര്‍ന്ന്, കസ്റ്റഡിയിലെടുത്ത ഇയാളെ 2010ല്‍ ഇന്ത്യക്ക് കൈമാറി. ഇത് സംബന്ധിച്ച് കാനഡയില്‍നിന്ന് ലഭിച്ച രേഖകളും കുറ്റപത്രത്തോടൊപ്പം സി.ബി.ഐ പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചു.

1984 ജൂലൈ ആറിനാണ് 255 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായി ഇന്ത്യന്‍ എയര്‍ലൈന്‍സ് ഐ.സി 405 വിമാനം തട്ടിക്കൊണ്ടുപോയത്. അഖിലേന്ത്യ സിഖ് സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹര്‍മന്ദര്‍ സിങ് സന്ദോയെ മോചിപ്പിക്കണം, രണ്ടരക്കോടി ഡോളര്‍ നല്‍കണം എന്നിവയായിരുന്നു തീവ്രവാദികളുടെ മുഖ്യ ആവശ്യങ്ങള്‍. പണം പാകിസ്താനില്‍വെച്ച് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണംചെയ്ത പര്‍മീന്ദര്‍ സിങ് മറ്റ് ഏഴുപേര്‍ക്കൊപ്പം 17 മണിക്കൂറിനുശേഷം പാകിസ്താന്‍ അധികൃതര്‍ക്ക് കീഴടങ്ങി.

പ്രതികളെ ഇന്ത്യക്ക് കൈമാറാന്‍ വിസമ്മതിച്ച പാകിസ്താന്‍ അവിടത്തെ കോടതിയില്‍ വിചാരണ നടത്തി എട്ടുപേര്‍ക്കും വധശിക്ഷ വിധിച്ചു. 1984ല്‍ ബേനസീര്‍ ഭുട്ടോ സര്‍ക്കാര്‍ പര്‍മീന്ദര്‍ സിങ്ങിന്‍െറ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. ഒരുമാസത്തിനകം മറ്റേതെങ്കിലും രാജ്യത്തേക്ക് പോകണമെന്ന നിബന്ധനയോടെ 1995ല്‍ ഇയാളെ വിട്ടയക്കുകയായിരുന്നു. ഇതിനുശേഷമാണ് വ്യാജ പാസ്പോര്‍ട്ടില്‍ കാനഡയിലേക്ക് കടന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.