അന്‍സാരി അതിജയിച്ചത് അര നൂറ്റാണ്ടിന്‍െറ സമ്മര്‍ദം

ന്യൂഡല്‍ഹി: ദുരൂഹ സാഹചര്യത്തില്‍ വിഗ്രഹം കണ്ടത്തെിയതിനെ തുടര്‍ന്ന് 1949ല്‍  താഴിട്ടുപൂട്ടിയ ബാബരി മസ്ജിദ് തുറന്നുകിട്ടാന്‍ തന്‍െറ 30ാം വയസ്സില്‍ ഹാഷിം അന്‍സാരി കൊടുത്ത കേസില്‍ ആറ് പതിറ്റാണ്ടിനുശേഷം അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് വിധി പറയാനിരിക്കുകയാണ്. ബാബരി മസ്ജിദ് കേസിലെ വിധിക്ക് മണിക്കൂറുകളെണ്ണിക്കഴിയുന്ന വേളയില്‍ ഫൈസാബാദിലെ വീട്ടിലത്തെിയപ്പോള്‍ സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി കേസ് കൊടുത്ത ഹാഷിം അന്‍സാരി വളരെയേറെ അസ്വസ്ഥനായിരുന്നു.

‘വയ്യ. ഇനി എന്നെക്കൊണ്ട് ഈ കേസുമായി നടക്കാന്‍ വയ്യ. പ്രശ്നം പരിഹരിക്കാനല്ല, പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകാനാണ് എല്ലാവരും ശ്രമിക്കുന്നത്. കേസില്‍ ജയിച്ചാലും തോറ്റാലും സുപ്രീംകോടതിയിലേക്കില്ല. ഇത് തന്‍െറ വ്യക്തിപരമായ അഭിപ്രായമാണ്. വിധി എതിരായാല്‍ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചേക്കാം.’  

നിസ്സാരമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന ഒരു അവകാശത്തര്‍ക്കം ഒരു പുരുഷായുസ്സിനപ്പുറം നീട്ടിക്കൊണ്ടുപോയതിന്‍െറ രോഷവും നിരാശയും മാത്രമല്ല ആ വാക്കുകളില്‍ നിഴലിച്ചിരുന്നത്. കേസ് വിധി പറയുന്നതിന്‍െറ തലേന്നാളുകളില്‍പോലും അത് അട്ടിമറിക്കാന്‍ നടത്തിയ സമ്മര്‍ദങ്ങളായിരുന്നു.

രാമക്ഷേത്ര പ്രസ്ഥാനവും ബാബരി മസ്ജിദിന്‍െറ തകര്‍ച്ചയും വഴി  രാഷ്ട്രീയനേട്ടം കൊയ്തത് ബി.ജെ.പിയാണെങ്കിലും വിഷയങ്ങള്‍ ഇത്രയും വഷളാക്കിയത് കോണ്‍ഗ്രസാണെന്ന് അന്‍സാരി അന്നും പറഞ്ഞു. എന്തുകൊണ്ട് മനം മടുത്തുവെന്ന് ചോദിച്ചപ്പോള്‍ രാഷ്ട്രീയക്കളിയില്‍ മനംമടുത്തുവെന്ന് പറഞ്ഞ് വിധി പറയുന്നതിന് തൊട്ടുമുമ്പുള്ള നാളുകളില്‍പോലും തുടര്‍ന്ന സമ്മര്‍ദങ്ങളിലേക്കാണ് അന്‍സാരി ശ്രദ്ധ ക്ഷണിച്ചത്.
ബാബരി മസ്ജിദ് നില്‍ക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള കേസില്‍ വിധി പറയാന്‍ ഒരാഴ്ച മാത്രം അവശേഷിക്കെ സമവായത്തിലൂടെ തര്‍ക്കം ഒത്തുതീര്‍പ്പിലത്തെിക്കാന്‍ കോടതി നീക്കം നടത്തി. കോടതിക്കു പുറത്ത് ഒരു ഒത്തുതീര്‍പ്പിലൂടെ കേസില്‍ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ബാബരി കേസില്‍ നിരന്തരം ഇടപെട്ട മുന്‍ ജഡ്ജി രമേഷ് ചന്ദ്ര ത്രിപാഠി സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നായിരുന്നു ഇത്.

ഒടുവില്‍ അനന്തരാവകാശ സ്വത്ത് കേസുകളിലേതുപോലെ ബാബരി മസ്ജിദ് നിന്ന ഭൂമി പകുത്ത് കേസില്‍ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലാല വിരാജ്മാന്‍ എന്നിവര്‍ക്ക് മൂന്നായി പകുത്തുനല്‍കണമെന്ന വിചിത്ര വിധി വന്നപ്പോള്‍ ഇതെല്ലാം പ്രതീക്ഷിച്ചതാണെന്ന മട്ടിലായിരുന്നു അന്‍സാരി.

കേസ് സുന്നി വഖഫ് ബോര്‍ഡ് നേരിട്ട് ഏറ്റെടുത്തിട്ടും പ്രായാധിക്യത്തിന്‍െറ അവശതകള്‍ക്കിടയിലും അന്‍സാരിയെ പിന്തുടര്‍ന്ന് ഹിന്ദുത്വ കക്ഷികളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും സമ്മര്‍ദത്തിലാക്കി. കക്ഷിയായ അന്‍സാരിയെ ഒത്തുതീര്‍പ്പിന് പ്രേരിപ്പിച്ച് രാമക്ഷേത്രം നിര്‍മിക്കുകയെന്നതായിരുന്നു അവരുടെ അജണ്ട. ഹിന്ദുത്വകേന്ദ്രങ്ങള്‍ അത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നെങ്കിലും അന്‍സാരിയെ തങ്ങള്‍ വിചാരിച്ചിടത്തേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ഏറ്റവുമൊടുവില്‍ ഈയിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആരോഗ്യസ്ഥിതി അറിയാന്‍ വിളിച്ചപ്പോഴും ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് അന്‍സാരി പറഞ്ഞത്. ഇക്കാര്യം ഡല്‍ഹിയില്‍ വന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് ആവശ്യപ്പെടാന്‍ തയാറാണെന്നും രാജ്നാഥിനോട് പറഞ്ഞാണ് ആ മനുഷ്യന്‍ മറഞ്ഞുപോയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.