?????????? ??????? ?????????? ???????????????? ??????????? ????? ???????????? ??????????? ?????????

ജോണ്‍സണ്‍ അങ്ങനെയാണ് - എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിലേ ഫോണ്‍ ചെയ്യാറുള്ളു. ‘ഇന്ത്യാ ടുഡേ’യുടെ ഡെസ്‌കില്‍ ഞാന്‍ തിരക്കിലായിരുന്ന ഒരു ദിവസം ജോണ്‍സന്റെ ഫോണ്‍ കോള്‍ വന്നു. അടുത്ത ദിവസം രാവിലെ എ.വി.എം. സി തിയേറ്ററില്‍ വരണമെന്നായിരുന്നു സന്ദേശം. കോറസ് പാടാനായി എന്നെ നേരിട്ടു വിളിക്കാറില്ല, അതൊക്കെ ജോണ്‍സന്റെ വയലിനിസ്റ്റും മ്യൂസിക് ഇന്‍ചാര്‍ജുമായ മനോജ് ആണ് വിളിച്ചറിയിക്കുക. ഇതെന്താണാവോ കാര്യം?

അടുത്ത ദിവസം രാവിലെ ഞാന്‍ സി തിയറ്ററിലെത്തി. സി.ഒ ആന്റോ, കൃഷ്ണചന്ദ്രന്‍ എന്നിവര്‍ ജോണ്‍സനു മുന്നില്‍ ഇരിപ്പുണ്ട്. പാട്ട് എഴുതിയെടുക്കാന്‍ പറഞ്ഞതു കേട്ട് ഞാന്‍ അന്തംവിട്ടു നിന്നപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ചുപോയി. ‘നിങ്ങള്‍ മൂന്നുപേരും ചേര്‍ന്നു പാടണം. കോമഡിപ്പാട്ടാണ്..’ - ജോണ്‍സണ്‍ പറഞ്ഞു. പെട്ടെന്നു തന്നെ ഞങ്ങള്‍ റെക്കോഡിംഗിനു തയാറായി. ‘മിണ്ടണ്ടാ.. മിണ്ടണ്ടാ, കണ്ടവരാരും മിണ്ടണ്ടാ...’ കൈതപ്രത്തിന്റെ രചന. ബിജു വര്‍ക്കി സംവിധാനം ചെയ്യുന്ന ‘വാചാലം’ എന്ന ചിത്രത്തിനു വേണ്ടിയുള്ള പാട്ട്.

എ.വി.എം സി സ്​റ്റുഡിയോയിൽ ‘വാചാലം’ എന്ന ചിത്രത്തി​​​െൻറ റെക്കോർഡിങ് വേളയിൽ കെ.എസ്​. ചിത്ര, സി.ഒ. ആ​േൻറാ, എസ്​.രാജേന്ദ്ര ബാബു, രാജാമണി തുടങ്ങിയവർക്കൊപ്പം

റെക്കോഡിംഗ് കഴിഞ്ഞ് തിരികെ പോകാനൊരുങ്ങുമ്പോള്‍ ജോണ്‍സണ്‍ പറഞ്ഞു- ‘വൈകുന്നേരം ഒന്നുകൂടി വരണം, ഒരു ചെറിയ കാര്യം കൂടിയുണ്ട്...’ സന്ധ്യയോടെ ഞാന്‍ വീണ്ടും എത്തിയപ്പോള്‍ ജോണ്‍സനും രാജാമണിയും കാത്തിരിപ്പുണ്ട്. മിന്‍മിനി പാടിയ പാട്ടിന്റെ തുടക്കത്തില്‍ ഒരു തോണിക്കാരന്റെ ഹമ്മിംഗ് ഞാന്‍ പാടണം. ഈണവുമായി പൊരുത്തപ്പെട്ട് എന്റെ ഇഷ്ടത്തിനു പാടാം. ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് താളത്തില്‍ ഒഴുകുമ്പോള്‍ ഹമ്മിംഗ് താളമില്ലാതെ പാടി ഒടുവില്‍ താളത്തില്‍ അവസാനിപ്പിക്കണം. മ്യൂസിക്കിന്റെ താളം തിട്ടപ്പെടുത്തി രാജാമണിയുടെ കൈവിരലുകള്‍ നോക്കി ശ്രദ്ധിച്ചു പാടിയില്ലെങ്കില്‍ എല്ലാം അവതാളത്തിലാകും. ഒരു റിഹേഴ്‌സല്‍. അടുത്തത് ടേക്ക്. ഭാഗ്യത്തിന് രണ്ടാമത്തെ ടേക്കില്‍ ഒ.കെ. ധാരാളം പാട്ടുകള്‍ ഞാന്‍ ട്രാക്ക് പാടിയിട്ടുണ്ടെങ്കിലും പിന്നണി ഗായകനാകാന്‍ താല്‍പര്യം ഇല്ലാതിരുന്നതുകൊണ്ട് അതിനായി ശ്രമിച്ചിട്ടില്ല. ‘പിന്നെ, എന്തിനാണിത്..?’ എന്ന എന്റെ ചോദ്യത്തിന് തോളു കുലുക്കിയൊരു ചിരിയായിരുന്നു ജോണ്‍സന്റെ മറുപടി.

ജോൺസൺ


ദേവരാജന്‍ മാസ്റ്ററുടെ അസിസ്റ്റന്റായി ജോണ്‍സണ്‍ രംഗപ്രവേശം ചെയ്ത കാലത്തു തന്നെ കണ്ണൂര്‍ രാജന്റെ അസിസ്റ്റന്റായി മദിരാശിയില്‍ ചേക്കേറിയ ഞാന്‍ ജോണ്‍സന്റെ ചങ്ങാതിയായി. ജോണ്‍സണ്‍ ഉയരങ്ങള്‍ താണ്ടുമ്പോള്‍ കോടമ്പാക്കത്തെ മറ്റു ഭാഗ്യാന്വേഷികളെപ്പോലെ അനിശ്ചിതത്വത്തില്‍ ഉഴലുകയായിരുന്നു ഞാനും. പിന്നെ അധികം കാത്തു നിന്നില്ല ‘ഇന്ത്യാ ടുഡേ’യുടെ എഡിറ്റോറിയല്‍ ഡെസ്‌കില്‍ ഞാന്‍ സുരക്ഷിതത്വം കണ്ടെത്തി. എഴുപതുകളുടെ ഒടുവില്‍ സ്വതന്ത്ര സംഗീത സംവിധായകനായ ജോണ്‍സണ്‍, ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍’ എന്ന ചിത്രത്തില്‍ ഹമ്മിംഗ് പാടാന്‍ എന്റെ സഹോദരി ലതികയെ ക്ഷണിച്ചു. ചിത്രത്തില്‍ ഗാനങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ ഹമ്മിംഗ് ശ്രദ്ധിക്കപ്പെട്ടു. റീ റെക്കോഡിംഗ് നിര്‍വഹിക്കാനുള്ള ജോണ്‍സന്റെ മികവിന്റെ ഉത്തമോദാഹരണമാണ് ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍’. സംഗീതോപകരണങ്ങളുടെ കോലാഹലങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയില്‍ നിന്ന്​ സംഗീതം കണ്ടെത്തിയ പ്രതിഭ! പശ്ചാത്തല സംഗീതത്തിന് ആദ്യമായി മലയാളത്തിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്തതും ജോണ്‍സണ്‍ തന്നെ (പൊന്തന്‍മാട 1994, സുകൃതം 1995).

ജോൺസണും ഭാര്യ റാണിയും മകൾ ഷാനും ..ഒരു പഴയ കുടുംബ ചിത്രം

എന്റെ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് കോടമ്പാക്കത്ത് ഏറ്റവും കൂടുതല്‍ സഞ്ചരിച്ചിട്ടുള്ളത് ഒരുപക്ഷേ ജോണ്‍സണ്‍ ആയിരിക്കും. മറ്റൊരാള്‍ ഉണ്ണി മേനോനും. ഉണ്ണി മേനോന്‍ വൈകാതെ ഒരു സ്‌കൂട്ടര്‍ സ്വന്തമാക്കി. (സ്‌കൂട്ടറില്‍ പായുന്ന ഉണ്ണി മേനോനെ വഴിയില്‍ കണ്ട യേശുദാസ് ശകാരിച്ചു. കണ്ണിലും മൂക്കിലും പൊടി കയറുമെന്നും ഗായകര്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചതോടെയാണ്​ ഉണ്ണി മേനോന്‍ കാര്‍ വാങ്ങിയത്​.) ഒരിക്കല്‍ കോടമ്പാക്കത്തു നിന്ന് വടപളനിയിലേക്ക് പോകുമ്പോള്‍ പിന്നിലിരുന്ന് ജോണ്‍സണ്‍ പാടി - ‘ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിച്ചുവെങ്കില്‍...’ ഞാന്‍ കൗതുകത്തോടെ ചോദിച്ചു - ‘കൊള്ളാമല്ലോ. ഏതാ പാട്ട്...?’ പാട്ട് ഉമ്മുക്കായുടേതാണ്. ചെയ്തത് ഞാനും. ബാലചന്ദ്ര മേനോന്റെ ‘അണിയാത്ത വളകള്‍’ എന്ന ചിത്രത്തിനു വേണ്ടി എ.ടി ഉമ്മറിനെ ഈണം നല്‍കി ജോണ്‍സണ്‍ സഹായിച്ച ആ പാട്ട് ജാനകിയമ്മയുടെ ശബ്ദത്തില്‍ പില്‍ക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നിലമ്പൂര്‍ കാര്‍ത്തികേയനേയും ബേബി ശാലിനിയുടെ പിതാവ് ഷറഫ്​ ബാബുവിനെയും ഞാന്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിച്ചതറിഞ്ഞ് തന്നെയും പരിശീലിപ്പിക്കാമെങ്കില്‍ ഒരു സ്‌കൂട്ടര്‍ വാങ്ങാമെന്നായി ജോണ്‍സണ്‍. വൈകാതെ തന്നെ ഒരു സ്‌കൂട്ടര്‍ വാങ്ങി ചൂളൈമേട്ടിലെ തെരുവുകളില്‍ പരിശീലനം തുടങ്ങി. ഒറ്റ ദിവസം കൊണ്ട് പഠിക്കാവുന്നതേയുള്ളൂവെങ്കിലും ദിവസങ്ങളോളം പരിശീലിച്ച് ജോണ്‍സണും പരിശീലിപ്പിച്ച് ഞാനും തളര്‍ന്നു. ഒടുവില്‍ ഇതൊന്നും ശരിയാവില്ലെന്നു പറഞ്ഞ് ജോണ്‍സണ്‍ പരിശീലനവും സ്‌കൂട്ടറും ഒന്നിച്ചുപേക്ഷിച്ചു.

മകൻ റെൻ, മകൾ ഷാൻ, ഭാര്യ റാണി എന്നിവർക്കൊപ്പം ജോൺസൺ

മലയാള ചലച്ചിത്ര സംഗീത രംഗത്ത് ജോണ്‍സണ്‍ പടര്‍ന്നു കയറുകയായിരുന്നു. കംപോസിംഗിലെ വേറിട്ട ശൈലിയും കണ്ടക്ടിംങിലെ കൃത്യതയും പാടവവും ഏവരെയും അത്ഭുതപ്പെടുത്തി. പാശ്ചാത്യസംഗീതം സമുചിതവും സമ്പന്നവുമായി മലയാള സംഗീതത്തില്‍ സന്നിവേശിപ്പിക്കുന്ന ജോണ്‍സന്റെ പാടവമറിയാന്‍ ‘കൂടെവിടെ’ എന്ന ചിത്രത്തിലെ ‘ആടിവാ കാറ്റേ...’ എന്ന ഒറ്റഗാനം ശ്രദ്ധിച്ചാല്‍ മതിയാകും. ഇളയരാജയും എ.ആര്‍. റഹ്മാനുമൊക്കെ റെക്കോഡിങ്​ സ്റ്റുഡിയോകളില്‍ ജോണ്‍സന്റെ ആജ്ഞാശക്തിയുള്ള വിരല്‍ത്തുമ്പുകളുടെ ചലനങ്ങള്‍ക്കനുസരിച്ച് വായിച്ചു തെളിഞ്ഞവരാണ്.

ജോൺസ​​െൻറ ഭാര്യ റാണിയും മകൾ ഷാനും

ഹിന്ദിയിലോ തമിഴിലോ തെലുങ്കിലോ ആയിരുന്നെങ്കില്‍ ലോകമറിയുന്ന സംഗീത സംവിധായകനായി വളര്‍ന്നേനെ ജോണ്‍സണ്‍. 1994 ല്‍ മലയാള ചലച്ചിത്ര സംഗീതത്തിന്റെ 50 ാം വര്‍ഷം ദേവരാജന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ചപ്പോള്‍ മൂന്നു ദിവസം കൊണ്ട് നൂറു പാട്ടുകള്‍ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ അവതരിപ്പിച്ചു. മലയാളത്തിലെ എല്ലാ ഗായകരും സംഗീത സംവിധായകരും ഗാനരചയിതാക്കളും പങ്കെടുത്ത സംഗീതോത്സവം! മദിരാശിയില്‍ നിന്നുള്ള കലാകാരന്മാരെ സംഘടിപ്പിച്ച് തിരുവനന്തപുരത്ത് എത്തിക്കാനുള്ള ചുമതല എനിക്കായിരുന്നു. മൂന്നു ദിവസത്തെ ഗാനമേള ജോണ്‍സണ്‍ ഏറ്റവും സമര്‍ത്ഥമായി കണ്ടക്ട് ചെയ്തതു കണ്ട് മുഖ്യാതിഥിയായിരുന്ന ഇന്ത്യന്‍ സംഗീത കുലപതി നൗഷാദ് അലി വേദിയില്‍ പ്രശംസിച്ചത് ഞാന്‍ ഓര്‍ക്കുന്നു.

മറ്റൊരിക്കല്‍ ജോണ്‍സണ്‍ വിളിച്ചപ്പോള്‍ സംഗീതം തന്നെയായിരുന്നു സംഭാഷണ വിഷയം. ചലച്ചിത്ര സംഗീതത്തിന്റെ ഗതിമാറ്റവും അപചയവും അദ്ദേഹത്തെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. അതേസംബന്ധിച്ച് ഒ.എൻ.വിയുമായി ചേര്‍ന്ന് തന്റെ നിലപാട് വ്യക്തമാക്കുന്ന ഒരു പരിപാടി ‘കൈരളി ’ ചാനലില്‍ ഉടന്‍ സംപ്രേഷണം ചെയ്യുമെന്നും കണ്ടിട്ട് അഭിപ്രായം പറയണമെന്നുമായിരുന്നു ജോണ്‍സന്റെ നിർദേശം. പത്രപ്രവര്‍ത്തകനും എന്റെ സുഹൃത്തുമായ പി. സുകുമാരന്‍ സമാഹരിക്കുന്ന ഗള്‍ഫ് പ്രവാസികളുടെ ഡയറക്ടറിയുമായി ബന്ധപ്പെട്ട് ഞാന്‍ ദുബൈയിലേക്കു പോയി. അവിടെ വച്ച് അപ്രതീക്ഷിതമായാണ് ജോണ്‍സനും ഒ.എൻ.വിയുമായുള്ള പരിപാടി ചാനലില്‍ കണ്ടത്.
ഒപ്പം ഒരു ബ്രേക്കിംഗ് ന്യൂസ്​..
‘ജോണ്‍സണ്‍ അന്തരിച്ചു..!!
എന്റെ ശരീരമാസകലം മരവിച്ചുപോയി. പരിസരം മറന്ന് ഞാന്‍ തേങ്ങി. എത്രനേരം തളര്‍ന്നിരുന്നെന്ന് എനിക്കറിയില്ല. രാത്രി ഉറക്കം വരാതെ ഇരുട്ടിലേക്ക് കണ്ണും നട്ട് കിടന്നപ്പോള്‍ ആ നല്ല മനുഷ്യനുമൊത്തുള്ള ഓര്‍മകളായിരുന്നു മനസ്സിൽ കിടന്ന്​ തിരതല്ലിയത്​.

ഗിരീഷ്​ പുത്തഞ്ചേരി അനുസ്​മരണ സംഗീത പരിപാടിയിൽ പ​​െങ്കടുക്കാൻ ജോൺസൺ കോഴിക്കോട്ടു വന്നപ്പോൾ

ഒരു ആദരാഞ്ജലി എഴുതാന്‍ ‘ഇന്ത്യാ ടുഡേ’യില്‍ നിന്ന് ഹരശങ്കരന്‍ അറിയിച്ചപ്പോള്‍ എഴുതാനുള്ള മനസ്സാന്നിധ്യം തീരെയില്ലെന്നു പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറി. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ സമീപിക്കാനും ഞാന്‍ നിര്‍ദ്ദേശിക്കാതിരുന്നില്ല. എങ്കിലും രാത്രി മുഴുവന്‍ മനസ്സില്‍ കിടന്ന്​ തലതല്ലിയ ഓര്‍മ്മമകളുടെ മധുരവും കണ്ണീരിന്റെ ഉപ്പും കലര്‍ന്ന ആദരാഞ്ജലി അതിരാവിലെ കുറിച്ചു വച്ച് ഹൃദയത്തിന്റെ ഭാഷയില്‍ അതു ഞാന്‍ ‘ഇന്ത്യാ ടുഡേ’യില്‍ പകര്‍ത്തി.

മലയാളിക്ക് നിത്യസുരഭിലങ്ങളായ കുറേ ഗാനങ്ങള്‍ സമ്മാനിച്ച് ആ രാജകുമാരന്‍ വിടപറഞ്ഞിട്ട് ഓഗസ്റ്റ് 18-ന് ഏഴാണ്ടു തികഞ്ഞു. പ്രശസ്തരായവരുടെ ചരമവാര്‍ത്ത അതേരംഗത്തുള്ള മറ്റൊരു പ്രശസ്തനെക്കൊണ്ട് ആദരാഞ്ജലിയായി എഴുതിക്കുക ‘ഇന്ത്യാ ടുഡേ’യിലെ പതിവായിരുന്നു. കമുകറ പുരുഷോത്തമന്റെ ആദരാഞ്ജലി ദേവരാജന്‍ മാസ്റ്ററെ കൊണ്ട് എഴുതിച്ചു. ദേവരാജന്‍ മാസ്റ്ററുടെ ആദരാഞ്ജലി ജോണ്‍സനെക്കൊണ്ടാണ് എഴുതിച്ചത്. രവീന്ദ്രന്‍ അന്തരിച്ചപ്പോള്‍ കെ.എസ്. ചിത്ര ആദരാഞ്ജലി എഴുതി. ഇവരുടെയൊക്കെ ഓർമകള്‍ കുറിച്ചെടുത്ത് ആദരാഞ്ജലിയായി പരിവര്‍ത്തിപ്പിക്കാനുള്ള ചുമതല എഡിറ്റര്‍ പി.എസ്. ജോസഫ് എന്നെയാണ് ഏല്‍പിച്ചിരുന്നത്. ജോണ്‍സണ്‍ വിടവാങ്ങിയപ്പോള്‍ അപ്രശസ്തനായ ഞാന്‍ ആദരാഞ്ജലി എഴുതണമെന്ന് പി.എസ്. ജോസഫ് നിര്‍ബന്ധിച്ചത് ജോണ്‍സനുമായുള്ള എന്റെ സൗഹൃദത്തിന്റെ ആഴം അദ്ദേഹം നന്നായി അറിഞ്ഞിരുന്നതു കൊണ്ടാവണം.

ജോൺസൺ മാസ്​റ്റർ

സംഗീതാവിഷ്‌കാരത്തില്‍ പ്രതിബദ്ധതയുടെ അങ്ങേത്തലയായ ദേവരാജന്‍ മാസ്റ്ററെ പരമാവധി ഉള്‍ക്കൊള്ളാന്‍ ശിഷ്യനായ ജോണ്‍സനു കഴിഞ്ഞു. എന്നാല്‍ ജോണ്‍സണ്‍ അവസാനിപ്പിച്ചിടത്തു നിന്ന് മലയാള സംഗീതത്തെ മുന്നോട്ടു നയിക്കാനുള്ള ശ്രമം നിര്‍ഭാഗ്യവശാല്‍ വിജയകരമായില്ല. ജോണ്‍സന്റെ ശിഷ്യന്മാര്‍ക്ക് ആ തണല്‍പറ്റി നില്‍ക്കാനേ കഴിഞ്ഞിട്ടുള്ളു. ആ പ്രതിഭയെ സമഗ്രമായി ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാനാകാതെ ജോണ്‍സനിലേക്കെത്താനുള്ള ബദ്ധപ്പാടാണു പിന്മുറക്കാരില്‍ കാണാനായത്. അതോടെ സംഗീതസമ്പന്നമായ പെരുമഴക്കാലത്തിനു പകരം വിരളമായി ലഭിക്കുന്ന വേനല്‍മഴയായി മലയാള ചലച്ചിത്ര സംഗീതം ചുരുങ്ങി. ആധുനികതയുടെ പിന്‍ബലത്തോടെ സംഗീതാവിഷ്‌കാരത്തിന്റെ ഘടനയില്‍ പ്രകടമായ വ്യതിയാനം സംഭവിച്ചപ്പോള്‍ സംഗീതത്തിന്റെ രൂപവും ഭാവവും മൂല്യവുമെല്ലാം പടികടന്നു. ഒരു തട്ടിക്കൂട്ടില്‍ എല്ലാം ഒതുങ്ങുന്ന അവസ്ഥ. തുടര്‍ന്ന് വടിയെടുത്തവരെല്ലാം വേട്ടക്കാരായി. വേട്ടമൃഗങ്ങളായ ശ്രോതാക്കള്‍ പ്രാണനും കൊണ്ടോടി. ഈ അപചയത്തില്‍ നിന്നൊരു മോചനം ഉണ്ടായേ തീരൂ. അതിന് ജോണ്‍സനെപ്പോലെ ഇന്ത്യന്‍ സംഗീതത്തിന്റെ ആഴവും പരപ്പും പ്രൗഢിയും മനസ്സിലാക്കി പാശ്ചാത്യ സംഗീതത്തിന്റെ സമുചിതവും ആനുപാതികമായ സങ്കലനം നിര്‍വഹിക്കാന്‍ പ്രാപ്തിയുള്ള പ്രതിഭകള്‍ രംഗത്തു വരുന്നതുവരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളു.

Tags:    
News Summary - remembering malayalam music director johnson master- kodambakkam kadhakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT