പുരസ്കാരത്തിന്‍റെ കരുത്തുമായി ജയചന്ദ്രന്‍

മലയാളം കണ്ട എക്കാലത്തെയും ജനകീയ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. അദ്ദേഹം എട്ടു പതിറ്റാണ്ട് മുന്‍പെഴുതിയ 'നിരാശ' എന്ന കവിതയിലെ ഏതാനും വരികളാണ് ‘എന്ന് നിന്‍റെ   മൊയ്തീന്‍’ എന്ന ചിത്രത്തിനുവേണ്ടി   രമേഷ് നാരായണ്‍ സംഗീതം നല്‍കി പി.ജയചന്ദ്രനും ശില്പ രാജും ചേര്‍ന്ന് പാടിയത്. എണ്‍പത് വര്‍ഷത്തെ പഴക്കമൊന്നും വരികളെ ബാധിക്കാത്ത തരത്തില്‍ രമേഷ് നാരായണ്‍ വരികള്‍ സ്വരപ്പെടുത്തി ഗായകരെക്കൊണ്ട് പാടിക്കുകയായിരുന്നു. തീര്‍ച്ചയായും ഈ ഗാനത്തില്‍ ഗായികയുടെ സ്വരത്തെക്കാള്‍ ഗായകന്‍െറ ശബ്ദമാണ് മികച്ചു നില്‍ക്കുന്നത്. അതിനാല്‍ ഈ പാട്ടിനെയും ‘ജിലേബി’ എന്ന ചിത്രത്തിലെ ‘ഞാനൊരു മലയാളി എന്നും മണ്ണിന്‍ കൂട്ടാളി’ എന്ന പാട്ടിനെയും മുന്‍നിറുത്തി  പോയവര്‍ഷത്തെ മികച്ച ഗായകനായി പി.ജയചന്ദ്രനെ തിരഞ്ഞെടുത്തത് എന്തുകൊണ്ടും ഉചിതമായി എന്ന് പറഞ്ഞുകൊള്ളട്ടെ.
ഈ ഗായകന്‍റെ പ്രായം കൂടുന്തോറും ശബ്ദത്തിന് ചെറുപ്പം അനുഭവപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഓരോ പാട്ടും എത്ര ഹൃദ്യമായാണ് അദ്ദേഹം ആലപിക്കുന്നത്! 2015 ല്‍ പി.ജയചന്ദ്രന്‍ പാടി അനശ്വരമാക്കിയ വേറെയും ഗാനങ്ങളുണ്ട്. ചിലതുമാത്രം ചൂണ്ടിക്കാണിക്കാം. ‘മതിലേഖ മിഴിചാരി’ (കുക്കിലിയാര്‍), ‘എന്‍റെ ജനലരികില്‍ ഇന്ന്’(സു സു സുധി വാല്മീകം), ‘വരിനെല്ലിന്‍ പാടത്ത്’(ആന മയില്‍ ഒട്ടകം), ‘മലര്‍വാകക്കൊമ്പത്ത്’ (എന്നും എപ്പോഴും)...ഭാവഗായകന്‍ എന്ന സ്ഥാനം നാം അദ്ദേഹത്തിന് പണ്ടേ ചാര്‍ത്തിക്കൊടുത്തിട്ടുണ്ടല്ളോ. അതിനെ അന്വര്‍ഥമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്‍റെ ഏതു ഗാനാലാപവും.

1966ല്‍ ‘കളിത്തോഴന്‍’ എന്ന ചിത്രത്തിനു വേണ്ടി ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്ത’ എന്ന ഗാനം പാടിയ അതെ ഉശിരോടെ (ആര്‍ജ്ജവത്തോടെയും) അരനൂറ്റാണ്ടിനുശേഷവും പാടാന്‍ കഴിയുക ചെറിയകാര്യമല്ലതന്നെ. ഇക്കാലയളവിനുള്ളില്‍ ആയിരത്തിലേറെ ചലച്ചിത്രഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ഉള്ളതുപറയട്ടെ, കറയറ്റ ഒരു ഗായകനെ നമുക്ക് അവയില്‍ കണ്ടുമുട്ടാം. എന്നാല്‍ ചില കണക്കുകള്‍ നമ്മെ വിസ്മയിപ്പിക്കും. അതായത്, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ 46 തവണയാണ് ഇതിനകം കൊടുത്തത്. അതില്‍ പി. ജയചന്ദ്രന്‍ എന്ന ഗായകന് ലഭിച്ചത് വെറും നാലു തവണ മാത്രം. 1972ല്‍ ‘സുപ്രഭാതം’ (പണിതീരാത്ത വീട്), 1978ല്‍ ‘രാഗം ശ്രീരാഗം’ (ബന്ധനം). 1999ല്‍ ‘പ്രായം നമ്മില്‍ മോഹം’ (നിറം), 2003ല്‍ ‘നീയൊരു പുഴയായ്’ (തിളക്കം) എന്നീ ഗാനങ്ങളാണ് അദ്ദേഹത്തെ സമ്മാനത്തിനര്‍ഹനാക്കിയത്.1972ല്‍ ജയചന്ദ്രനെ മികച്ച ഗായകനായി 
തിരഞ്ഞെടുത്ത പുരസ്കാര സമിതി പറയാന്‍ പാടില്ലാത്ത ഒരു അഭിപ്രായവും കൂടി അന്ന് കാച്ചിവിട്ടു. യേശുദാസിനെ അംഗീകരിച്ചു കൊണ്ട് ജയചന്ദ്രന് അവാര്‍ഡ് നല്‍കുന്നു. സത്യത്തില്‍ ആ കമ്മിറ്റി രണ്ടു ഗായകരെയും അവഹേളിക്കുകയല്ളേ ചെയ്തത്?   
നിഷ്പക്ഷമായി പറഞ്ഞാല്‍ ഈ ഗായകനെ തഴയാന്‍ ചില ഉപജാപ സംഘങ്ങള്‍ ഇടക്കാലത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് പാട്ടുകള്‍ വളരെ കുറവായിരുന്നു. അഥവാ  പാട്ട് ഉള്‍പ്പെടുത്തിയാല്‍ തന്നെ അത് കാസറ്റില്‍/സി.ഡി.യില്‍ മാത്രമായി ഒതുക്കിയിരുന്നു. എന്തായാലും ജയചന്ദ്രന്‍ അതില്‍ നിന്നൊക്കെ മോചനം നേടി ശക്തിയുക്തം ഇന്ന് രംഗത്ത് നില്‍ക്കുന്നു. ഇപ്പോള്‍ ലഭിച്ച ഈ പുരസ്കാരം അദ്ദേഹത്തിന് അതിനു കരുത്തേകാന്‍ ഉപകരിക്കും; തീര്‍ച്ച.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT